ഫാസില്‍ എന്ന സംവിധായകൻ്റെ ഏറ്റവും മികച്ച കണ്ടെത്തലുകളില്‍ ഒന്നാണ് കുഞ്ചാക്കോ ബോബന് എന്ന നടന്. അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ ജീവിതം ആരംഭിച്ച അദ്ദേഹം എത്രയോ വര്‍ഷങ്ങളായി സ്ത്രീ ഹൃദയങ്ങളില്‍ ചലനം സൃഷ്ടിക്കുന്ന പുരുഷ സൌന്ദര്യത്തിന്റെ പ്രതീകമാണ്. ബംബര്‍ ഹിറ്റായ ആദ്യ ചിത്രത്തിന് ശേഷം എത്രയെത്ര ഹിറ്റ് ചിത്രങ്ങളിലെ പ്രധാനവും അപ്രധാനവുമായ വേഷങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്തു.

ചാക്കോച്ചന്റെ തുടക്ക കാലത്ത് യുവാക്കളെ അണി നിരത്തി താഹ സംവിധാനം ചെയ്ത ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍ എന്ന ചിത്രത്തിലും നായകനായി ആദ്യം തീരുമാനിച്ചത് കുഞ്ചാക്കോ ബോബനെയായിരുന്നു. എന്നാല്‍ മറ്റ് ചില കാരണങ്ങള്‍ കൊണ്ട് കുഞ്ചാക്കോ ബോബനെ ആ പ്രൊജക്ടില്‍ നിന്നും മാറ്റുകയായിരുന്നു. അതിനെക്കുറിച്ച് ചിത്രത്തിന്റെ നിര്‍മാതാവ് മമ്മി സെഞ്ച്വറി ഒരു യൂ ടൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി.
ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന കോമഡി ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്ക് നടക്കുന്ന സമയത്താണ് ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍ എന്ന ചിത്രം പ്ലാന്‍ ചെയ്യുന്നത്. സംവിധാനം താഹയെക്കൊണ്ട് ചെയ്യിക്കാമെന്ന് നിശ്ചയിച്ചു. തുടര്‍ന്ന് ലീഡ് റോള്‍ ചെയ്യുന്നതിനായി ചാക്കോച്ചൻ്റെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ നടൻ്റെ അമ്മയായിരുന്നു ഫോണ്‍ എടുത്തത്. പുതിയ ചിത്രത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍, ആരാണ് ഡയറക്ടര്‍ എന്ന് ചോദിക്കുകയും, താഹയാണെന്ന് പറഞ്ഞപ്പോള്‍ ഒന്ന് തിരിച്ച് വിളിക്കാന്‍ ചാക്കോച്ചന്റെ അമ്മ പറഞ്ഞതായും മമ്മി സെഞ്ച്വറി പറയുന്നു. മുന്‍പൊരിക്കല്‍ ഉദയയുടെ ഒരു ചിത്രം സംവിധാനം ചെയ്യാന്‍ താഹ പോയിരുന്നെങ്കിലും പല കാരണങ്ങള്‍ കൊണ്ട് ആ പ്രോജക്ട് നടക്കാതെ പോയി.

താഹയാണ് സംവിധായകന് എന്നറിഞ്ഞപ്പോള്‍ എന്തായാലും ഈ ചിത്രം ചെയ്യാമെന്ന് കുഞ്ചാക്കോയുടെ കുടുംബം പറയുകയും ചെയ്തു, കാരണം അവര്‍ക്ക് താഹയെ വലിയ ഇഷ്ടമായിരുന്നെന്ന് മമ്മി സെഞ്ച്വറി പറയുന്നു. എല്ലാം ഒരുവിധം ഒകെയായപ്പോഴാണ് കുഞ്ചാക്കോ ബോബന് എം.ബി.എ പരീക്ഷ ഉളളതിനാല്‍ നാല് മാസം കഴിഞ്ഞേ അഭിനയിക്കാന്‍ കഴിയൂ എന്നറിയുന്നത്. സിനിമ ഉടനെ തന്നെ ചെയ്യേണ്ട സാഹചര്യം ആയതിനാല്‍ ചാക്കോച്ചന് പകരം ഷീലയുടെ മകന് ജോര്‍ജ് വിഷ്ണു നായകനാവുകയായിരുന്നു. പടം പ്രതീക്ഷിച്ചത്ര വിജയിച്ചില്ലങ്കിലും പാട്ടുകളൊക്കെയും സൂപ്പര്‍ ഹിറ്റ് ആയി മാറി.