ഒരുകാലത്ത് മലയാളത്തിലെ യുവാക്കളെ ഹരം കൊള്ളിച്ച പെണ്ണഴകി ആയിരുന്നു ഷക്കീല. മുഖ്യധാര ചിത്രങ്ങള്‍ പലതും തകര്‍ന്നടിഞ്ഞപ്പോള്‍ ലോ ബജറ്റില്‍ പുറത്തിറങ്ങിയ ഷക്കീല ചിത്രങ്ങള്‍ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചു. മലയാള ജനതയുടെ കപട സദാചാര ബോധത്തിന് നേരെ കൊഞ്ഞനം കുത്തി ഷക്കീല ചിത്രങ്ങള്‍ വിജയത്തിലേക്ക് നടന്നടുത്തു. ഒരു മുഖ്യധാര ചിത്രത്തില്‍പ്പോലും അഭിനയിച്ചിട്ടില്ലങ്കിലും ഷക്കീലയെ അറിയാത്ത മലയാളികള്‍ വിരളമായി മാറി. ഗ്ലാമര്‍ വേഷങ്ങളില്‍ ഷക്കീലയോടൊപ്പം തിളങ്ങിയ മറ്റൊരു ഗ്ലാമര്‍ നടിയായിരുന്നു ഷര്‍മിലി.

ഇപ്പോഴിതാ ഷക്കീലയെ ആദ്യമായി കണ്ടതും പിന്നീട് സൌഹൃദത്തിലാവുകയും ചെയ്ത കഥ ഷര്‍മിലി ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി.
ഇരട്ടറോജ എന്ന ചിത്രത്തിൻ്റെ സെറ്റിലെത്തിയപ്പോള്‍ ലൊക്കേഷനില്‍ തന്റെ മുഖസാദൃശ്യമുള്ള ഒരു പെണ്‍കുട്ടിയെ കണ്ടുവെന്ന് ഷര്‍മിളി ഓര്‍ത്തു. ഇതേ സിനിമയില്‍ ഒരു ക്യാരക്ടര്‍ റോള്‍ ചെയ്യുന്നു എന്ന് പറഞ്ഞു സംവിധായകനാണ് ഷക്കീലയെ പരിചയപ്പെടുത്തിയത്. ഒരു ഹായ് പറഞ്ഞ് ടച്ചപ്പിന് പോയ താന്‍ പിന്നീട് സെറ്റില്‍ വെച്ച് ഷക്കീലയെ പലതവണ കണ്ടെങ്കിലും അവള് ബഹുമാനത്തോടെ ഗുഡ്മോണിംഗോ ഗുഡ് ആഫ്റ്റര്‍ നൂണോ പറഞ്ഞ് അകന്നുമാറി നില്‍ക്കുമെന്ന് അവര്‍ ഓര്‍ക്കുന്നു. എന്നാല്‍ പില്ക്കാലത്ത് അതേ ഷക്കീല തന്റെ ആത്മാര്‍ത്ഥ കൂട്ടുകാരിയായി മാറിയെന്ന് മാത്രമല്ല ഒരു നല്ല കൂടെപ്പിറപ്പു തന്നെയായെന്ന് ഷര്‍മിളി പറയുന്നു.

തനിക്ക് ഷക്കീലയെ കൂടാതെ അടുപ്പമുള്ള രണ്ടുപേര്‍ കനകയും അഞ്ജുവുമായിരുന്നുവെന്നും ഷര്‍മിലി പറയുന്നു. തമിഴില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട തൻ്റെ കോമഡി കഥാപാത്രങ്ങള്‍ പലതും ഗ്ലാമര്‍ മിക്സ് ചെയ്താണ് സംവിധായകര്‍ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ഇതേ രീതി മലയാളത്തില്‍ പരാജയമായിരുന്നെന്നും അവര്‍ പറയുകയുണ്ടായി.

തമിഴ് നടന് കൗണ്ടമണിയാണ് പൊണ്ടാട്ടി ശൊന്നാല്‍ കേള്‍ക്കണം എന്ന ചിത്രത്തില്‍ അദ്ദേഹത്തിൻ്റെ ജോഡിയായി അഭിനയിക്കുമോ എന്ന് ചോദിക്കുന്നത്. അതൊരു കോമഡി കഥാപാത്രമായിരുന്നുവെന്നും കൌണ്ടമണി നിര്‍ബന്ധിച്ചതുകൊണ്ടാണ് ചെയ്തതെന്നും ഷര്‍മിലി പറയുന്നു.