ഇത്തവണത്തെ ബിഗ് ബോസ് സീസണില്‍ ചുരുക്കം ചില മത്സരാര്‍ത്ഥികള്‍ ഒഴിച്ചാല്‍ മറ്റുള്ളവരൊക്കെ സിനിമാ ലോകത്തിന് പുറത്തുള്ളവരായിരുന്നു. അതില്‍ ഏറ്റവും സുപരിചിതനായ വ്യക്തിയായിരുന്നു നോബി മാര്‍ക്കോസ്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കോമഡി ഷോകളിലൂടെയും ഒട്ടനവധി ചലച്ചിത്രങ്ങളിലൂടെയും നോബി പ്രേക്ഷകരെ ചിരിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവച്ച ഒരു താരമായിരുന്നു. ഷോയില്‍ നിന്നും പുറത്ത് ഇറങ്ങിയതിന് ശേഷം ആദ്യമായി ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് നോബി തന്റെ വിശേഷങ്ങള്‍ പങ്കുവച്ചത്.

ബിഗ് ബോസ് മത്സരത്തിന്റെ ഷൂട്ടിന് പോകുന്നതിനിടെ തന്നോടൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അഖിലിൻ്റെ സ്വര്‍ണ മാല മോഷണം പോയ കഥയും നോബി വെളിപ്പെടുത്തി. തങ്ങള്‍ സുഹൃത്തുക്കള്‍ എല്ലാവരുംഒരുമിച്ച് ബിഗ് ബോസിൻ്റെ ഷൂട്ടിന് വേണ്ടി ചെന്നൈയില്‍ ലാന്‍ഡ് ചെയ്യുകയായിരുന്ന. ഷോയ്ക്കുള്ളില്‍ കയറിയാല്‍ 14 ദിവസം ക്വാറന്റീനും പിന്നെ ബിഗ് ബോസിനകത്തേക്ക് കയറുകയും വേണം. അങ്ങനെ തങ്ങള്‍ സുഹൃത്തുക്കള്‍ അവിടെ ചെന്ന് കുറച്ച് അടിച്ച് പൊളിച്ച് ബിഗ് ബോസിനകത്തേക്ക് പോകാം എന്ന് കരുതി.
ഒരു അപ്പാര്‍ട്ട്മെന്റിലായിരുന്നു റൂം എടുത്തത്. അന്നേ ദിവസം വെളിപ്പിനായിരുന്നു എല്ലാവരും കിടന്നുറങ്ങിയത്. അടുത്ത ദിവസം രാവിലെ മാസ്ക് ധരിച്ച് ഒരാള്‍ റൂം ക്ലീന്‍ ചെയ്യാന്‍ വന്നു. ഈ സമയത്ത് അഖിലിൻ്റെ മാല മിസ്സായി. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ കേസ് കൊടുത്തു. പോലീസെത്തി സിസിടിവി ചെക്ക് ചെയ്തപ്പോള്‍ ഒരു അമ്മച്ചി മാല എടുത്തുകൊണ്ടു പോകുന്നത് കാണാന്‍ ഇടയായി. രാവിലെ ഏഴ് മണിക്കായിരുന്നു സംഭവം. അഞ്ച് മണിക്കായിരുന്നു ഉറങ്ങാന്‍ കിടന്നത്. ആ സമയത്ത് അവിടുത്തെ മിക്ക റൂമുകളിലും മോഷണം നടന്നെന്നും നോബി പറയുന്നു.

അതേസമയം നോബിയെക്കുറിച്ച് സഹമത്സരാര്‍ത്ഥിയായ അഡോണി ചില കാര്യങ്ങള്‍ പറയുകയുണ്ടായി. ബിഗ് ബോസ് ഹൗസിൻ്റെ നട്ടെല്ലായിരുന്നു നോബി മാര്‍ക്കോസ് എന്നാണ് അഡോണി നോബിയെ വിശേഷിപ്പിക്കുന്നത്. ബിഗ് ബോസ് ഹൌസിലെ 19 മത്സരാര്ഥികളും വളരെ ഫ്രീ ആയിട്ട് ഇടപെട്ടിരുന്നത് നോബിയോടൊപ്പം ആയിരുന്നു എന്ന് അഡോണി പറയുന്നു.
ഷോയില്‍ ഏറ്റവും റിയല്‍ ആയി നിന്നിരുന്ന വ്യക്തി നോബിയായിരുന്നു. ടാസ്ക്കുകളിലുള്ള നോബിയുടെ പങ്കും വളരെ പ്രധാനപ്പെട്ടതാണ്. കളിയാട്ടം, സര്‍വകലാശാല, തുടങ്ങിയ ടാസ്ക്കുകള്‍ക്ക് വേണ്ടി സ്ക്രിപ്റ്റ് എഴുതിത്തന്നതും പറ്റിയ വേഷങ്ങള്‍ തിരഞ്ഞെടുത്ത് നല്കിയതും നോബി ആണെന്നാണ് അഡോണി അഭിമുഖത്തില്‍ പറഞ്ഞത്. ഹൗസിനുള്ളിലെ ഏറ്റവും അലസനായ മത്സരാര്‍ത്ഥി നോബിയാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് അഡോണി ചില ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.