കിലുക്കത്തില്‍ രേവതിയെ ആയിരുന്നില്ല ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് !!

ഓരോ അരിമണിയിലും അത് കഴിക്കേണ്ട ആളിന്‍റെ പേര് ആലേഖനം ചെയ്തിട്ടുണ്ടെന്ന് പറയുന്നത് അക്ഷരം പ്രതി ശരിയാണ്. എത്രയൊക്കെ തട്ടിത്തെറിപ്പിച്ചാലും അത് അവരെ തേടിയെത്തുക തന്നെ ചെയ്യും. ജീവിതത്തിന്‍റെ വഴികള്‍ അത്രത്തോളം വിചിത്രവും ദുരൂഹവുമാണ്. ആകസ്മികതകളുടെ മാലപ്പടക്കം തന്നെ പലപ്പോഴും ചലച്ചിത്ര ലോകത്ത് നടക്കാറുണ്ട്. ചിലരുടെ ചില പിന്‍ വാങ്ങലുകള്‍ മറ്റ് ചിലരുടെ തലവര തന്നെ മാറ്റി എഴുതാറുണ്ട്. അത്തരം ഒരു വര്‍ത്തയുമായി ബന്ധപ്പെട്ട് ഒരു ഇന്‍സ്റ്റഗ്രാം പേജില്‍ ഒരു വെള്ളിനക്ഷത്രത്തില്‍ വന്ന പഴയ ഒരു വാര്‍ത്തയുടെ പേപ്പര്‍ കട്ടിങ് പോസ്റ്റ് ചെയ്യുകയുണ്ടായി. ഇത് സമൂഹ മാധ്യമത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് കാരണമായി.    

റിലീസ് ചെയ്ത നാള്‍ മുതല്‍ മലയാളികളെ കൂടുകൂടാ ചിരിപ്പിച്ച ചിത്രമായിരുന്നു  മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി, തിലകന്‍, ഇന്നസെന്റ്, ജഗദീഷ് തുടങ്ങി ഒരു വലിയ താരനിരയെ  തന്നെ അണിനിരത്തി പ്രിയദര്‍ശന്‍ സംവിധാനം നിര്‍വഹിച്ച കിലുക്കം എന്ന ചിത്രം. 1991 ഓഗസ്റ്റ് 15നായിരുന്നു ഈ സിനിമ തീയറ്ററില്‍ എത്തുന്നത്.  എന്നാല്‍ ഈ ചിത്രവുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകള്‍ക്ക് മുന്പ് പുറത്തു വന്ന ഒരു വാർത്ത ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇടതടവില്ലാതെ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

കിലുക്കത്തില്‍ രേവതിയ്ക്ക് പകരം അഭിനയിക്കേണ്ടിയിരുന്നത് മറ്റൊരു നടിയായിരുന്നു എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന പേപ്പര്‍ കട്ടിങ്  സൂചിപ്പിക്കുന്നത്. അന്ന് തെന്നിന്ത്യയിലെ വളരെ തിരക്കുള്ള താരം ആയിരുന്ന അമലയെ ആണ്  പ്രിയദര്‍ശന്‍ ആദ്യം കാസ്റ്റ് ചെയ്തിരുന്നത്.

ഫാസിലിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ എൻ്റെ സൂര്യപുത്രിയ്ക്ക്, ഉള്ളടക്കം തുടങ്ങിയ ചില ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരി ആയി അമല അന്ന് മാറിയിരുന്നു. എന്നാല്‍ കിലുക്കം എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് കൂടുതല്‍ നീണ്ടുപോയപ്പോള്‍ ചിത്രവുമായി ബന്ധപ്പെട്ട് സഹകരിക്കാന്‍ അന്ന് വളരെയേറെ തിരക്കുണ്ടായിരുന്ന അമലയ്ക്ക് കഴിയാതെ വരുകയും  പകരം രേവതിയെ നായികയായി നിശ്ചയിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published.