കോവിഡ് പ്രതിസന്ധിയിലാക്കിയ നിരവധി തൊഴില്‍ മേഖലകള്‍ ഉണ്ട്. അവയില്‍ ഒരു വിഭാഗമാണ് സ്റ്റേജ് കലാകാരന്മാര്. ഇത്തരത്തില്‍ വിഷമം അനുഭവിക്കുന്ന മിമിക്രി കലാകാരന്മാര്ക്ക് സഹായം എത്തിക്കാന്‍ പുതിയ ഒരു സംരഭവുമായി രംഗത്തെത്തിയിരിക്കുകയാണ് മിമിക്രി കലകരന്മാരുടെ സംഘടനയാണ് “മ”. ഇപ്പോള്‍ ഈ സംഘടനയ്ക്ക് സഹായം പ്രഖ്യാപിച്ചിരിക്കുകയാണ് നടന് സുരേഷ് ഗോപി.
മഹാമാരി അതിൻ്റെ എല്ലാ ശൌര്യവും കാട്ടി മനുഷ്യ രാശിയെ കാര്‍ന്ന് തിന്നുമ്പോള്‍ ആ ദുരിതത്തില്‍ പെട്ട് നട്ടം തിരിയുന്ന ഒരു വിഭാഗം ആണ് മിമിക്രി കലാകാരന്മാര്. ലഭിച്ചിരുന്ന പരിപാടികള്‍ ഇല്ലാതാവുകയും വരുമാനം നിലയ്ക്കുകയും ചെയ്തതോടെ പ്രതിസന്ധിയിലായ താരങ്ങളെ സഹായിക്കുവാന്‍ ഏഷ്യാനെറ്റ് ചാനലുമായി സഹകരിച്ച് മാ മാമാങ്കം എന്ന പേരില്‍ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയില്‍ സുരേഷ് ഗോപിയും പങ്കെടുത്തു.

തുടർന്നു ഈ സംഘടനയുടെ രക്ഷാധികാരികളില്‍ ഒരാളായി സുരേഷ് ഗോപിയെ പ്രഖ്യാപിക്കുകയും ചെയ്തു. അവിടെ വച്ചാണ് മാ സംഘടനയ്ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. ഇനി മുതല്‍ താന്‍ അഭിനയിക്കുന്ന ഓരോ സിനിമകളിലൂടെയും ലഭിക്കുന്ന പ്രതിഫലത്തില്‍ നിന്നും രണ്ട് ലക്ഷം മാ സംഘടനയ്ക്ക് നല്‍കുമെന്ന് സുരേഷ് ഗോപി പറയുകയുണ്ടായി.
വാര്‍ധക്യത്തിലാണ് നല്ല കാലം വരുന്നത്. തനിക്കും അങ്ങനെയാണ്. സമ്പാദിച്ച് കൊണ്ടിരിക്കുന്ന കാശില്‍ നിന്നും ഇത്ര തരാമെന്ന് പറയുന്നതില്‍ ഒരു കുറച്ചിലുണ്ട്. പക്ഷേ താന്‍ വാക്ക് തരുകയാണ്. ഇനിയങ്ങോട്ട് ചെയ്യുന്ന ഓരോ സിനിമയില്‍ നിന്നും രണ്ട് ലക്ഷം രൂപ ദാനമല്ല, ലെവിയായി തരും. ഇത് ഉറപ്പിച്ച കാര്യമാണ്, അദ്ദേഹം മിമിക്രി കലാകാരന്മാരെ സാക്ഷി നിര്‍ത്തി പറഞ്ഞു. ദിലീപും സുരേഷ് ഗോപിയുമടക്കം നിരവധി താരങ്ങള്‍ ഈ പരിപാടിയില്‍ പങ്കെടുത്തു.
കോമഡി മാമാങ്കം എന്ന് പേരിട്ടിരിക്കുന്ന ഈ പ്രോഗ്രാം തിരുവോണത്തിന് ഏഷ്യാനെറ്റിലൂടെ പ്രേക്ഷകരിലേക്ക് എത്തും. ദിലീപ്, സുരേഷ് ഗോപി, ജയസൂര്യ, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, കോട്ടയം നസീര്‍, ടിനി ടോം തുടങ്ങി വലിയൊരു താരനിര തന്നെ ഈ പരിപാടിയില്‍ പങ്കെടുത്തു.