എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ സ്വദേശിയായ ജയറാം സുബ്രമണ്യം എന്ന ജയറാം മിമിക്രിയിലൂടെയാണ് സിനിമാ രംഗത്ത് എത്തപ്പെടുന്നത് . കൊച്ചിൻ കലാഭവൻ്റെ മിമിക്സ് പരേഡുകളിലൂടെ വളരെ വേഗം ശ്രദ്ധ പിടിച്ചു പറ്റിയ അദ്ദേഹം 1988-ൽ പദ്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന ചിത്രത്തിൽ നായകവേഷം ചെയ്തുകൊണ്ടാണ് സിനിമയിൽ എത്തുന്നത്. ഒരു മികച്ച ചെണ്ട വിദ്വാൻ കൂടിയായ ജയറാം വളരെ അനായാസമായി ഹാസ്യം കൈകാര്യം ചെയ്യുന്ന കലാകാരനാണ്. പഠന കാലം തൊട്ടു തന്നെ അനുകരണ കലയില്‍ ജയറാമിന്റെ കഴിവ് പകരം വയ്ക്കാനില്ലാത്തതാണ്. നിത്യ ഹരിത നായകന് പ്രേം നസീറിനെ ജയറാമിനോളം മികച്ചതായി മറ്റാരും അനുകരിച്ചു കണ്ടിട്ടില്ല. പ്രേം നസീറിന്റെ ഏറ്റവും മികച്ച ജോഡി ആയിരുന്ന ഷീല അദ്ദേഹത്തെകുറിച്ച് പറഞ്ഞത് ജയറാമിനെ കാണുമ്പോള്‍ കൃഷ്ണനെ ഓര്‍മ്മ വരുന്നുവെന്നാണ്. നടി ഷീലയുടെ ഈ അഭിപ്രായത്തോട് അദ്ദേഹം ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയുണ്ടായി.

ഷീലാമ്മ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ലന്നു പറഞ്ഞ അദ്ദേഹം തന്നെക്കുറിച്ച് അങ്ങനെ പറയുന്നത് നല്ല കാര്യമല്ലേ എന്ന് തിരിച്ചു ചോദിക്കുകയും ചെയ്തു. ഒരു കാലഘട്ടത്തിൻ്റെ സൂപ്പര്‍ സ്റ്റാര്‍ പദവിയില്‍ ഇരുന്ന ഒരാള്‍ ഇങ്ങനെ പരാമര്‍ശിക്കുന്നത് കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്. തനിക്ക് ഒരുപാട് ഇഷ്ടമുള്ള നടിയാണ് ഷീല. സത്യന് മാസ്റ്റര്‍ക്കും, നസീര്‍ സാറിനുമൊപ്പം ഷീലാമ്മ എത്ര വര്‍ഷമാണ് ഹിറ്റ് നായികയായി തകര്‍ത്തത്. അവരുടെ ഓരോ ചലനങ്ങളും ഡയലോഗുകളും ഏറെ ഇഷ്ടമാണ്.
പുതുതലമുറയിലെ ചിലര്‍ ഷീലയേയും, സത്യന് മാസ്റ്ററേയുമെല്ലാം അനുകരിക്കുന്നത് കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്. ഇവരൊന്നും പഴയ സിനിമകള്‍ കണ്ടിട്ടില്ല. ഷീലാമ്മ ആരാണെന്ന് പോലും അവര്‍ക്കറിയില്ല. ആരൊക്കെയോ കാണിക്കുന്നത് അവരും കാണിക്കുന്നുവെന്നേയുള്ളൂ എന്നും ജയറാം പ്രതികരിച്ചു.