എല്ലാം അടച്ചു പൂട്ടിയിടല്‍ ഭരിക്കുന്നവര്‍ക്ക് നല്ല സുഖമുള്ള ഏര്‍പ്പാടായിരിക്കും. എന്നാല്‍ ഭരിക്കപ്പെടുന്നവര്‍ക്ക് അത് അത്ര സുഖമുള്ള ഏര്‍പ്പാടല്ല ; ഭരണ പക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹരീഷ് പേരടി.

സോഷ്യല്‍ റലവന്‍സ് ഉള്ള ഏത് വിഷയത്തിലും മുഖം നോക്കാതെ അഭിപ്രായം പറയുന്ന അപൂര്‍വം സിനിമാ പ്രവര്‍ത്തകരില്‍ ഒരാളാണ് ഹരീഷ് പേരടി. ഇത്തരത്തിലുള്ള അദ്ദേഹത്തിന്‍റെ പല അഭിപ്രായ പ്രകടനങ്ങളും വിമര്‍ശനങ്ങളെ ക്ഷണിച്ചു വരുത്താറുമുണ്ട്. എന്നാല്‍ അത്തരം വിമര്‍ശനങ്ങളൊന്നും തന്നെ ഉത്തരവാദിത്തമുള്ള ഒരു പൌരന്‍ എന്ന നിലയില്‍ അദ്ദേഹത്തെ പിന്നോട്ട് വലിക്കാറില്ല.


ഇപ്പോഴിതാ സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ അടഞ്ഞു കിടക്കുന്നതില്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ്  ഹരീഷ് പേരടി. അടച്ചു പൂട്ടിയിടല്‍ പലപ്പോഴും ഭരിക്കുന്നവര്‍ക്ക് നല്ല സുഖമുള്ള ഏര്‍പ്പാടാവാം എന്നാല്‍ ഒരിയ്ക്കലും ഭരിക്കപ്പെടുന്നവര്‍ക്ക് അങ്ങനെയല്ലെന്നും അദ്ദേഹം വിമര്‍ശിക്കുന്നു.  

സഖാവേ.. എന്നു തുടങ്ങുന്ന അദ്ദേഹത്തിന്‍റെ കുറിപ്പില്‍  ഡിസംബറില്‍ ഞാന്‍ പോകുമെന്ന് കൊറോണ താങ്കളോട് സ്വകാര്യ സംഭാഷണം
നടത്തിയോ? എന്ന് പരിഹാസ രൂപേണ ചോദിക്കുന്നു.  തിരുവനന്തപുരത്ത് നിന്ന് കാസര്‍ക്കോട് വരെ 12 മണിക്കൂര്‍ പരസ്പരം അറിയാത്ത ആളുകള്‍ക്ക് ഒന്നിച്ച്‌ ഇരുന്ന് യാത്ര ചെയ്യുന്നതിനേക്കാളും മാളുകളിലേക്കും മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്കും കൂട്ടത്തോടെ ജനങ്ങള്‍ ഇറങ്ങുന്നതിനേക്കാളും എത്രയോ എളുപ്പത്തില്‍ എല്ലാ നിയന്ത്രണങ്ങള്‍ക്കും വിധേയമായി 2 മണിക്കൂര്‍ സിനിമ കാണാന്‍ പറ്റും എന്ന് ഇത് എഴുതുന്ന തന്നെക്കാള്‍ ബോധ്യമുള്ള ആളാണ് താങ്കള്‍ എന്ന് തുടങ്ങുന്ന അദ്ദേഹത്തിന്‍റെ കുറിപ്പ് ഭരണ സിരാ കേന്ദ്രത്തില്‍ ഉള്ളവരെ അതി ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുന്നു. ഒരു വശത്ത് കേരളത്തിലേക്ക് വരുന്ന വ്യവസായം തകര്‍ക്കാന്‍ ലോബികളുണ്ടെന്ന് പറയുക. മറുവശത്ത് തകര്‍ന്നുകൊണ്ടിരിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് അന്നം തരുന്ന മലയാള സിനിമാ വ്യവസായമേഖലക്ക് നേരെ കണ്ണടക്കുക. ഹരീഷ് സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.

ഇതൊന്നും കമ്മ്യൂണിസ്റ്റ് നയമല്ല. മറ്റെന്തോ നയതന്ത്രതയാണ്. ഇത് കേരളം പോലുള്ള ഒരു സംസ്ഥാനത്തെ സാംസ്‌കാരിക മന്ത്രിക്ക് യോജിച്ച പ്രസതാവനയുമല്ല. സിനിമാ തിയേറ്ററുകള്‍ തുറന്നേ പറ്റു. അതുപോലെ തന്നെയാണ് നാടകം ,ഗാനമേള, മിമിക്രി, ന്യത്ത കലാകാരന്മാര്‍ വേദികള്‍ കണ്ടിട്ട് രണ്ട് വര്‍ഷമായി. അവര്‍ക്കൊക്കെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി സ്റ്റേജുകള്‍ തുറന്നുകൊടുത്തേ പറ്റു. എല്ലാം അടച്ചു പൂട്ടിയിടല്‍ ഭരിക്കുന്നവര്‍ക്ക് നല്ല സുഖമുള്ള ഏര്‍പ്പാടായിരിക്കും. എന്നാല്‍ ഭരിക്കപ്പെടുന്നവര്‍ക്ക് അത് അത്ര സുഖമുള്ള ഏര്‍പ്പാടല്ല. ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്‍റെ വിമര്‍ശനം.   

Leave a Reply

Your email address will not be published.