ആകാശദൂത് എന്ന ചിത്രം ഓര്‍മിക്കപ്പെടുക ഡെന്നിസ് ജോസഫ് എന്ന തിരക്കഥാകൃത്തിന്റെയോ, മുരളിയെന്ന അനശ്വര നടന്റെയോ അതുമല്ലങ്കില്‍ മാധവി എന്ന അഭിനയപ്രതിഭയുടെയോ പേരില്‍ മാത്രമായിരിക്കില്ല, ആ ചിത്രത്തിലെ വില്ലന്‍ വേഷം അനിതര സാധാരണമായി കൈകാര്യം ചെയ്ത എന്‍ എഫ് വര്‍ഗീസ്സിന്റെ പാല്ക്കാരന് കേശവന് എന്ന കഥാപാത്രത്തിൻ്റെ പേരില്‍ കൂടി ആയിരിയ്ക്കും.
1985 മുതല്‍ സിനിമയില്‍ തുടരുന്ന അദ്ദേഹം 1993 ല്‍ പുറത്തിറങ്ങിയ ആകാശദൂതിലൂടെയാണ് പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടുന്നത്. 2002ല്‍ കാലയവനികയ്ക്കുള്ളില്‍ മറയുന്നത് വരെ ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ അദ്ദേഹം അവതരിപ്പിക്കുകയുണ്ടായി. 2002 ല്‍ പെട്ടെന്ന് ഹാര്‍ട്ട് അറ്റാക്ക് വന്ന് മരണപ്പെട്ട അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ മകള്‍ സോഫിയ പങ്ക് വയ്ക്കുകയുണ്ടായി.

പിതാവിൻ്റെ ഓര്‍മ്മയില്‍ മക്കള്‍ ഒരുമിച്ച് ചേര്‍ന്ന് ഒരു നിര്‍മാണ കമ്പനി രൂപീകരിച്ചുവെന്നും വൈകാതെ തന്നെ ഈ കമ്പനിയില്‍ നിന്നും സിനിമ റിലീസ് ചെയ്യുമെന്നും സോഫിയ പറയുന്നു.
പിതാവിന്റെ ഓര്‍മ്മയ്ക്ക് വേണ്ടിയാണ് എന്‍എഫ് വര്‍ഗീസ് പിക്ചേഴ്സ് എന്ന പേരില്‍ ഒരു നിര്‍മാണ കമ്പനി തുടങ്ങിയതെന്ന് മൂത്ത മകള്‍ സോഫിയ പറയുന്നു. ഈ ബാനറില്‍ നിര്‍മ്മിച്ച പ്യാലി എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ആറ് വയസുകാരിയായ കുട്ടി ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്
തങ്ങളുടെ പിതാവ് മരിച്ചിട്ട് ഏകദേശം ഇരുപത് വര്‍ഷത്തോളം ആവുകയാണ്. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന് എപ്പോഴും ആഗ്രഹിച്ചിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് ബബിതയും റിന്നും കഥയുമായി വരുന്നത്. കഥ ഇഷ്ടപ്പെട്ടത് കൊണ്ട് തന്ന സിനിമയാക്കണമെന്നും അത് അപ്പച്ചൻ്റെ ബാനറില്‍ തന്നെ നിര്‍മ്മിക്കണമെന്നുമുള്ള ആഗ്രഹം ഉണ്ടാകുന്നതും.

സിനിമ നടൻ്റെ മക്കള്‍ എന്ന പേരില്‍ തങ്ങളെ ആരും കണ്ടിട്ടില്ലന്നു അവര്‍ പറയുന്നു. മറ്റുള്ളവരില്‍ നിന്നും ഒരു പ്രത്യേകതയും തങ്ങള്‍ക്കില്ലെന്ന് അപ്പച്ചന് പറയുമായിരുന്നു. കുറച്ച് സ്ട്രിക്റ്റ് പാരന്റിക് ആയിരുന്നു. അതുകൊണ്ടാണ് സിനിമയുമായി ബന്ധപ്പെട്ട പാര്‍ട്ടികളും പരിപാടിയുമൊക്കെ തങ്ങളെ കൊണ്ട് പോവാതെ ഇരുന്നത്.
വിദ്യഭ്യാസത്തിന് എന്‍ എഫ് വര്‍ഗീസ് വളരെ പ്രധാന്യം കൊടുത്തത് കൊണ്ട് ഇപ്പോള്‍ മക്കളെല്ലാവരും നല്ല രീതിയില്‍ വളര്‍ന്നുവെന്ന് മകള്‍ ചൂണ്ടിക്കാട്ടി. സിനിമാ ലോകത്ത് മക്കളാരും ശ്രദ്ധിക്കപ്പെടാത്തതിനുള്ള കാരണമതാണ്. ഒരു നടനെന്ന നിലയിലും അച്ഛനെന്ന നിലയിലും ഒത്തിരി സമര്‍പ്പണമുള്ള ആളായിരുന്നു അദ്ദേഹം. സിനിമയോ, മിമിക്രിയോ, ഡബ്ബിങ്ങോ അപ്പച്ചന് എന്തൊക്കെ ചെയ്യുന്നുണ്ടോ, അതിനൊക്കെ ഒരു വാല്യൂ കൊടുക്കുകയും നൂറ് ശതമാനം നീതി പുലര്‍ത്തുകയും ചെയ്തിരുന്നു. സിനിമയിലെ എല്ലാ എത്തിക്സും അദ്ദേഹം പാലിച്ചിട്ടുണ്ട്. സിനിമ വരുമ്പോള്‍ നേരത്തെ തന്നെ ഡയലോഗ് പഠിച്ച് ഒരുങ്ങി ഇരിക്കും. അത്രയധികം ഡെഡിക്കേഷന് അദ്ദേഹത്തിന് ഉണ്ടായിരുന്നതായും മകള്‍ വെളിപ്പെടുത്തുന്നു.