ഡീ ക്യൂ വീണ്ടും ബോളീവുഡിലേക്ക് ; ആഘോഷമാക്കി മാധ്യമങ്ങള്‍.

കണ്ട് കണ്ട് മനസ്സില്‍ പതിഞ്ഞു പോകുന്ന ചില മുഖങ്ങളുണ്ട്. ഒരിയ്ക്കലും മാഞ്ഞു പോകാതെ ഹൃദയത്തിന്‍റെ ഒരു കോണില്‍ എഴുതപ്പെടുന്ന ചിലര്‍. ഇത്തരത്തില്‍ മലയാളികളുടെ മനസ്സില്‍ പതിയെ പതിയെ പതിഞ്ഞു പോയ  കലാകാരാണ് ദുല്‍കര്‍ സല്‍മാന്‍. മമ്മൂട്ടി എന്ന മഹാ മേരുവിൻ്റെ തണലില്‍ തന്‍റെ സിനിമാ ജീവിതം ആരംഭിച്ച അദ്ദേഹം ഇന്ന് ആ സംരക്ഷിത ചിറകിന്‍റെ കീഴില്‍ നിന്ന് മാറി സ്വന്തമായൊരു ഇടം സൃഷ്ടിച്ചു കഴിഞ്ഞു. ഈ കലാകാരന് ഒരു ആഡ് ഓണ്‍ ബോണസ് ആണ് തന്‍റെ സിനിമാ പാരമ്പര്യം. അതുകൊണ്ട് തന്നെയാണ് മലയാളത്തിന് പുറത്തുള്ള അന്യ ഭാഷകളില്‍ പോലും വ്യക്തി മുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്. മലയാളമുള്‍പ്പെടെ ഒട്ടുമിക്ക സൌത്ത് ഇന്ത്യന്‍ ഭാഷകളിലും നിറ സാന്നിധ്യമായ  ദുല്‍ക്കര്‍ ബോളീവുഡെന്ന സ്വപ്ന വേദിയിലും എത്തുകയുണ്ടായി.


നടന്‍റെ പുതിയ ബോളീവുഡ് പ്രൊജക്ടിനെക്കുറിച്ചുള്ള വാര്‍ത്ത മാധ്യമങ്ങള്‍ ആഘോഷമാക്കുകയുണ്ടായി. ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് നടന്‍ അഭിനയിക്കുന്നത്. ദുല്‍ക്കര്‍ തന്നെയാണ്  ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. പൂജ ഭട്ട്, സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി എന്നിവരാണ് മറ്റു താരങ്ങള്‍

ഈ ചിത്രത്തിൻ്റെ  ഷൂട്ടിങ്ങ് ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.    നേരത്തെ കാര്‍വാന്‍, സോയ ഫാക്ടര്‍ എന്നീ ചിത്രങ്ങളാണ് ദുല്‍ഖറിൻ്റെതായി പുറത്തിറങ്ങിയ ബോളിവുഡ് ചിത്രങ്ങള്‍. കാര്‍വാന്‍ എന്ന ചിത്രത്തില്‍  അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാന്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം നിര്‍വഹിച്ച സല്യൂട്ടാണ് അടുത്തിടെ ചിത്രീകരണം പൂര്‍ത്തിയായ ദുല്‍ഖര്‍ ചിത്രം. മനോജ് കെ ജയന്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഈയപ്പന്‍, ബിനു പപ്പു, അലന്‍സിയര്‍, വിജയകുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

Leave a Reply

Your email address will not be published.