ലേഡീ സൂപ്പര്‍ സ്റ്റാറിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞോ ? ആകാംശയ്ക്ക് അറുതി വരുത്തി താരജോഡി

തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താരജോഡികളാണ് നയന്‍താരയും സംവിധായകന്‍ വിഘ്‌നേശ് ശിവനും. ഇവരുടെ വിവാഹത്തെക്കുറിച്ച് സ്ഥിരീകരിക്കാത്ത നിരവധി വാര്‍ത്തകളും  നിറം പിടിപ്പിച്ച കഥകളും നിരന്തരമെന്നോണം  മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്യാറുണ്ട്.  ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന വാര്‍ത്ത  അടുത്തിടെ ഗോസ്സിപ്പ് കോളങ്ങളില്‍ ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍  ഇക്കാര്യം ശരിവച്ചുകൊണ്ടുള്ള നയന്‍സിന്‍റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞോടുകയാണ് ഇപ്പോള്‍.

ദിവ്യദര്‍ശിനി അവതാരകയായെത്തിയ ഒരു  ഷോയിലാണ് നയന്‍ താരയുടെ തുറന്ന് പറച്ചില്‍. മോതിരവിരലിനെക്കുറിച്ചുള്ള ചോദ്യത്തിന് പൊട്ടിച്ചിരിച്ചു കൊണ്ട് ‘ഇത് എന്‍ഗേജ്‌മെന്റ് റിങ്’ എന്ന് നയന്‍താര മറുപടി നല്‍കുകയായിരുന്നു. ഈ ഷോയുടെ പ്രമോ ആണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. വിഘ്‌നേഷില്‍ എന്താണ് നയന്‍സിന് ഏറ്റവും ഇഷ്ടമെന്ന ചോദ്യത്തിന് എല്ലാം തനിക്ക് ഇഷ്ടമാണെന്ന് നയന്‍താര പറയുന്നു.

കുറച്ച് മാസങ്ങള്‍ക്ക് മുൻപ് കയ്യില്‍ മോതിരം ധരിച്ച നയന്‍സിന്‍റെ ചിത്രം വിഘ്‌നേഷ് ശിവന്‍ തന്‍റെ ഇന്‍സ്റ്റാഗ്രാമിലൂടെ ഷെയര്‍ ചെയ്തിരുന്നു. ‘വിരലോട് ഉയിര്‍ കൂട കോര്‍ത്ത്’ എന്ന അടിക്കുറിപ്പോടെയാണ് വിഘ്‌നേഷ് തന്‍റെ സോഷ്യല്‍ മീഡിയ അക്കൌണ്ടിലൂടെ ഈ ചിത്രം പങ്കുവച്ചത്. ഇതോടെയാണ് ഈ താരജോഡിയുടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന നിലയില്‍  വാര്‍ത്തകള്‍ പരന്നത്.2015 ല്‍ വിഘ്‌നേഷ് ആദ്യമായി സംവിധാനം നിര്‍വഹിച്ച  നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും കണ്ടു മുട്ടുന്നത്. ഈ ചിത്രത്തിന്‍റെ സെറ്റില്‍ വച്ച് ഇരുവരും പ്രണയത്തില്‍ ആവുകയും ചെയ്തു. വിഘ്‌നേഷിൻ്റെയും നയന്‍ താരയുടെയും  ജീവിതത്തില്‍ ഒരു പുതിയ തുടക്കമായിരുന്നു ഈ ചിത്രം.

Leave a Reply

Your email address will not be published.