അടക്കേണ്ടി വന്നത് ഭീമൻ തുക ! തമിഴ് സൂപ്പര്‍ താരം ദളപതി വിജയ് ഒടുവില്‍ മുഴുവന്‍ നികുതിയും ഒടുക്കി തലയൂരി.

കഴിഞ്ഞ കുറച്ചു ദിവസ്സങ്ങളായി കോടതി വ്യവഹാരങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന ഒരു പേരായി നടന്‍ വിജയ് വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. വിദേശ നിര്‍മിത വാഹനം ഇറക്കുമതി ചെയ്തതിന് ആഡംബര നികുതി ഒഴിവാക്കി തരണമെന്ന ആവശ്യമുന്നയിച്ചായിരുന്നു വിജയ് 2012ല്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ ഇതിനെതിരെ രൂക്ഷമായ ഭാഷയില്‍ ആണ് കോടതി പ്രതികരിച്ചത്. ഇറക്കുമതി ചെയ്ത ആഡംബര കാറിൻ്റെ പ്രവേശന നികുതി ഒഴിവാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളുകയും വിജയ്‌യെ ശകാരിക്കുകയും പിഴ വിധിക്കുകയും ചെയ്തു. 

കോടതി ഉത്തരവിനെ തുടര്‍ന്ന് ആഡംബര കാറിൻ്റെ പ്രവേശന നികുതി പൂര്‍ണമായും അടക്കുകയായിരുന്നു നടന്‍ വിജയ്‌. നേരത്തെ അടച്ച 8 ലക്ഷത്തിനു പുറമേ 32 ലക്ഷം രൂപ കൂടിയാണ് ഇപ്പോള്‍ അദ്ദേഹം നികുതിയായി അടച്ചത്.

2012ല്‍ ആണ് ഇതിനാസ്പദമായ സംഭവം നടന്നത്. വിജയ്  യുകെയില്‍ നിന്ന് ഇറക്കുമതി ചെയ്ത റോള്‍സ് റോയ്സ് ഗോസ്റ്റ് കാറിന് ഇറക്കുമതി ചുങ്കത്തിനു പുറമേ പ്രവേശന നികുതി കൂടി ചുമത്തിയത് ചോദ്യം ചെയ്താണ് താരം ചെന്നൈ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, ഇതിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ച കോടതി ഹര്‍ജി നിഷ്കരുണം തള്ളുകയും   ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ഇതിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ച വിജയ് നികുതി അടയ്ക്കാന്‍ സമ്മതം അറിയിക്കുകയും ഒപ്പം വിധിയില്‍ തനിക്കെതിരെ ഉയര്‍ത്തിയ  പരാമര്‍ശങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്നു ഹര്‍ജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച്, സിംഗിള്‍ ബെഞ്ച് വിധി സ്റ്റേ ചെയ്തതോടൊപ്പം നികുതി പൂര്‍ണമായും അടയ്ക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published.