മമ്മൂട്ടിയുടെയും മകന് ദുല്‍ഖര്‍ സല്‍മാൻ്റെയും പേരിലുള്ള 40 ഏക്കര്‍ സ്ഥലം കണ്ടുകെട്ടാനുള്ള തമിഴ്നാട് റവന്യൂ വകുപ്പിൻ്റെ നടപടി ഹൈക്കോടതി തടഞ്ഞു. മമ്മൂട്ടി കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിച്ചാണ് ഈ നടപടി. ഈ ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ കുടുബം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. എന്നാല്‍ ഹൈക്കോടതി തുടര്‍നടപടിക്കായി സര്‍ക്കാരിൻ്റെ സഹായം തേടി.

ഇവര്‍ കൈവശം വച്ചിരിക്കുന്നത് പുറംപോക്ക് ഭൂമിയാണെന്നാണ് ലാൻ്റ് അഡ്മിനിസ്ട്രേഷന് കമീഷണര്‍ കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വന ഭൂമിയായി പ്രഖ്യാപിക്കാനാണ് റവന്യൂ വകുപ്പിന് കമ്മീഷണര്‍ നല്കിയ നിര്‍ദേശം. ഇപ്പോഴത്തെ കോടതി വിധി താരകുടുംബത്തിന് അനുകൂലമാണെങ്കിലും ഭാവിയില്‍ ഈ അന്വേഷണം ഇവര്‍ക്ക് അനുകൂലമായി വരുമോ എന്ന് കണ്ടു തന്നെ അറിയണം.
തമിഴ്നാട്ടിലെ ചെങ്കല്‍പ്പേട്ട് ജില്ലയിലെ കരുഗുഴിപള്ളം എന്ന സ്ഥലത്താണ് കേസ്സിനാസ്പദമായ 40 ഏക്കര്‍ ഭൂമി. സംരക്ഷിത വനഭൂമിയായി ഇത് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ലാൻ്റ് അഡ്മിനിസ്ട്രേഷന് കമ്മീഷന് ജില്ലാ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത് ഈ വര്‍ഷം മാര്‍ച്ച് 16-നാണ്. ഈ നടപടിക്കെതിരെ മമ്മൂട്ടിയും മകനും ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ നടപടികള്‍ എടുക്കുന്നതില്‍ നിന്നും കമ്മീഷണറെ ഹൈക്കോടതി തല്ക്കാലികമായി വിലക്കുകയും ചെയ്തു.

നടപടിക്രമങ്ങള്‍ ലംഘിക്കപ്പെട്ടോ എന്ന് പരിശോധിക്കാനും അഥവാ അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും കോടതി ലാൻ്റ് കമ്മീഷണര്‍ക്ക് അനുമതി നല്കി. ആഗസ്റ്റ് 26ന് ഇതിനെ സംബന്ധിച്ച് സര്‍ക്കാര്‍ പ്രതികരണം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
247 ഏക്കര്‍ കൃഷി ഭൂമിയുടെ ഭാഗമാണ് വിവാദമായിരിക്കുന്ന ഈ സ്ഥലം. ഈ വസ്തു പലതവണ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.1997ലാണ് മമ്മൂട്ടിയും കുടുംബവും ഈ സ്ഥലം വാങ്ങുന്നത്. മമ്മൂട്ടി വാങ്ങിയ ഭൂമിയുടെ മുന്‍കാല അവകാശികള്‍ പിന്നീട് കോടതിയെ സമീപിക്കുകയുണ്ടായി. 2007 മുതല്‍ ചെങ്കല്‍പ്പേട്ട് പ്രിന്‍സിപ്പല്‍ സബ് കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസ് നിലവിലുണ്ട്.ഈ ഭൂമിയുമായി ബന്ധപ്പെട്ട് തിരുവണ്ണാമലൈ അസിസ്റ്റൻ്റ് സെറ്റില്‍മെൻ്റ് ഓഫീസര്‍ നല്കിയ പട്ടയം 1997ല്‍ അന്നത്തെ ലാൻ്റ് കമ്മീഷണര്‍ റദ്ദാക്കിയിരുന്നു. ഈ വിവരം മമ്മൂട്ടിയും കുടുംബവും അറിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് 1997ല്‍ മമ്മൂട്ടി ഹൈക്കോടതിയില്‍ റിട്ട് സമര്‍പ്പിച്ചത്. ഈ വര്‍ഷം മാര്‍ച്ചില്‍ ലാൻ്റ് കമ്മീഷണര്‍ പുതിയ ഉത്തരവിറക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്താണ് തരാകുടുംബം വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി ഈ നടപടി തടയുകയും ചെയ്തത്.