ഈ ബുള്‍ ജെറ്റ് സഹോദരങ്ങളെ പിന്‍തുണച്ച് ഒമര്‍ ലുലു; കൂടെ എം.വി.ഡിക്കെതിരെ രൂക്ഷ വിമർശനവും !!

ഈ ബുള്‍ ജെറ്റ് സഹോദര്‍ന്‍മാരുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍  മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്‍റിനെ രൂക്ഷമായ വിമര്‍ശനങ്ങളുമായി  രംഗത്ത് വന്നിരിക്കുകയാണ് ചലച്ചിത്ര സംവിധായകന്‍ ഒമര്‍ ലുലു. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിൻ്റെ ഭാഗത്ത് തെറ്റുള്ളതുകൊണ്ടാണ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നതെന്ന്  ഒമര്‍ ലുലു പറയുന്നു. റോഡ് നന്നാക്കാന്‍ എം.വി.ഡി എന്ത് ചെയ്തു, ഒരു വാഹനം ടയര്‍ പഞ്ചറായി റോഡില്‍ കിടന്നാല്‍  എം.വി.ഡി സഹായിക്കുമോ എന്നു തുടങ്ങിയ നിരവധി ചോദ്യങ്ങളും അദ്ദേഹം എം.വി.ഡിക്കെതിരെ  ഉന്നയിക്കുന്നുണ്ട്. 

ഈ ബുള്‍ ജെറ്റിന്‍റെ ഭാഗത്തും തെറ്റ് സംഭവിച്ചിട്ടുണ്ട് എന്ന് തുറന്നു സമ്മതിക്കുന്ന അദ്ദേഹം, ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിട്ടും എങ്ങനെ അവര്‍ക്ക് കോടതി ജാമ്യം നല്‍കി എന്ന പ്രസക്തമായ ചോദ്യമാണ് ചോദിക്കുന്നത്.

ഒരു സ്വകാര്യ ചാനലില്‍ പങ്കെടുക്കവേയാണ് ഒമര്‍ ലുലു ഇത്തരം പരാമര്‍ശങ്ങള്‍ ഉന്നയിച്ചത്. തിരഞ്ഞെടുപ്പ് സമയത്ത് നിരവധി വാഹനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്റ്റിക്കര്‍ ഒട്ടിച്ച്‌ റോഡില്‍ ഇറങ്ങിയിരുന്നു. അതിനൊക്കെ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്‍റില്‍ നിന്നും അനുമതി ലഭിച്ചിരുന്നോ എന്നും അദ്ദേഹം ചോദിക്കുന്നു.

എന്നാല്‍ ഒമര്‍ ലുലുവിന്‍റെ ഈ പരാമര്‍ശങ്ങളെ സമൂഹ മാധ്യമങ്ങളിലെ ഒരു വിഭാഗം ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു രംഗത്ത് വന്നു. ഒരു പബ്ലിക് ഫിഗറായ ഒമര്‍ ലുലുവിന്‍റെ അഭിപ്രായപ്രകടനം തീര്‍ത്തൂം വിവേക ശൂന്യമായിപ്പോയെന്ന് വലിയൊരു വിഭാഗം അഭിപ്രായപ്പെടുന്നു. ഇത്തരം നിയമ ലംഘനങ്ങളെ ഒമര്‍ ലുലുവിനെപ്പോലൊരാള്‍ പരസ്യമായി പിന്തുണക്കുന്നത് ശരിയല്ലന്നും സമൂഹ മാധ്യമത്തില്‍ അദ്ദേഹത്തെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയവര്‍ പറയുകയുണ്ടായി.   

പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഇട്ടായിരുന്നു ഈ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തെളിയിക്കപ്പെട്ടാല്‍ ഒമ്പത് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ആണ് പലതും.

Leave a Reply

Your email address will not be published.