2021 ആഗസ്റ്റ് 6 – ന് നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ഒരു ഹ്രസ്വചിത്രമാണ് നവരസ. മണിരത്നവും ജയേന്ദ്ര പഞ്ചാപകേശനും കൂടിച്ചേർന്ന് മദ്രാസ് ടാക്കീസ്, ക്യൂബ് സിനിമ ടെക്നോളജീസ് എന്നീ സ്ഥാപനങ്ങള്‍ ഒരുമിച്ചാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘നവരസ’ എന്ന ആശയത്തിലെ 9 വികാരങ്ങളെ ആസ്പദമാക്കി സൃഷ്ടിച്ച സ്വതന്ത്രമായ 9 ഹ്രസ്വചിത്രങ്ങളാണ് എ സീരീസ്സില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ബിജോയ് നമ്പ്യാർ, പ്രിയദർശൻ, കാർത്തിക് നരേൻ, വസന്ത്, കാർത്തിക് സുബ്ബരാജ്, അരവിന്ദ് സ്വാമി, രതീന്ദ്രൻ ആർ. പ്രസാദ്, സർജുൻ. കെ.എം, ഗൗതം മേനോൻ എന്നിവരാണ് 9 ഹ്രസ്വചിത്രങ്ങളുടെ സംവിധായകരായി പ്രവർത്തിച്ചിട്ടുള്ളത്. സൂര്യ, വിജയ് സേതുപതി, സിദ്ധാർത്ഥ്, രേവതി, പാർവ്വതി തിരുവോത്ത്, പ്രയാഗ മാർട്ടിൻ, അരവിന്ദ് സ്വാമി, പ്രസന്ന, ഡൽഹി ഗണേഷ്, രോഹിണി, ഗൗതം വാസുദേവ് മേനോൻ, യോഗി ബാബു, രമ്യ നമ്പീശൻ, അദിതി ബാലൻ, ബോബി സിംഹ, റിത്വിക, ശ്രീറാം, അതർവാ, മണിക്കുട്ടൻ, നെടുമുടി വേണു, അഞ്ജലി, കിഷോർ തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
കോവിഡ് – 19 വ്യാപനത്തിൻ്റെ പരിണിതഫലമായി പ്രതിസന്ധിയിലായ, ചലച്ചിത്ര പ്രവർത്തകരെയും ഫിലിം എപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ (FEFSI) അംഗങ്ങളായ ജീവനക്കാർക്കും സാമ്പത്തിക സഹായം നൽകുന്നതിന്റെ ഭാഗമായാണ് ‘നവരസ’ എന്ന ഈ വെബ് സീരീസിൻ്റെ ആശയം രൂപപ്പെട്ടത്. ഇതിന് ലഭിക്കുന്ന വരുമാനം ജീവനക്കാർക്ക് നൽകുക എന്ന ലക്ഷ്യത്തോടെയാണ് മണിരത്നവും ജയേന്ദ്ര പഞ്ചാപകേശനും ആദ്യഘട്ടത്തിൽ ഈ ചിത്രത്തിന്റെ നിര്‍മാണവുമായി ബദ്ധപ്പെട്ട് ചർച്ചകൾ ആരംഭിക്കുന്നത്.
ഇപ്പോള്‍ നവരസയിലെ സമ്മര്‍ ഓഫ് 92 എന്ന ഹാസ്യം എന്ന രസത്തെ അടിസ്ഥാനമാക്കി പ്രിയദര്ശന് സംവിധാനം നിര്‍വഹിച്ച ചിത്രം ജാതീയമായി അധിക്ഷേപിക്കുന്നതാണെന്ന വിമര്‍ശനവുമായി സംഗീതജ്ഞനായ ടി.എം. കൃഷ്ണ, സംവിധായിക ലീന മണിമേഘല എന്നിവര്‍ രംഗത്തെത്തി.
ഇതിലെ ഹാസ്യം അറപ്പുളവാക്കുന്ന ചിത്രമാണെന്നും തികച്ചും ഇന്‍സെന്‍സിറ്റീവും, ജാതീയതയും ബോഡി ഷെയ്മിങ്ങും നിറഞ്ഞ ചിത്രത്തില്‍ ചിരിക്കാനായി ഒന്നുമുണ്ടായിരുന്നില്ല. 2021-ലും നമുക്ക് ഇത്തരം ചിത്രങ്ങള്‍ സൃഷ്ടിക്കാനാവില്ല. സമൂഹത്തിനോട് ഭയം ജനിപ്പിക്കുന്ന ചിത്രമായിരുന്നു ഇതെന്നും ടി.എം കൃഷ്ണ ട്വീറ്റ് ചെയ്തു. എന്നാല്‍ ചിത്രത്തിലെ സംഭാഷണത്തെ പ്രത്യേകം പരാമര്‍ശിച്ചു കൊണ്ടായിരുന്നു മണിമേഘല വിമര്‍ശനം ഉന്നയിച്ചത്.