ഇനീ ആ ചിരി കുടുംബ പ്രേക്ഷകരുടെ ഓര്‍മയുടെ സ്ക്രീനില്‍ നിറഞ്ഞു നില്ക്കും; ക്യാന്‍സറിനോട് പടപൊരുതി ഒടുവില്‍ ശരണ്യ യാത്രയായി.

ലോകമെമ്പാടുമുള്ള സിനിമ-സീരിയല്‍ പ്രേക്ഷകരുടെ ഹൃദയത്തില്‍ തീര്‍ത്താല്‍ തീരാത്ത നോവുകള്‍ അവശേഷിപ്പിച്ച് ഒടുവില്‍ ശരണ്യ ജീവിതത്തില്‍ നിന്നും യാത്രയായി. ഇനീ ആ പുഞ്ചിരിക്കുന്ന മുഖം മലയാളി പ്രേക്ഷകരുടെ മനസ്സിലെ സ്ക്രീനില്‍ നിറഞ്ഞു നില്ക്കും. തന്നെ കീഴ്​പ്പെടുത്താന്‍ കച്ചകെട്ടിയിറങ്ങിയ ക്യാന്‍സറിനെ പലവട്ടം പൊരുതി തോല്‍പ്പിച്ച ശരണ്യയുടെ ജീവിതം അനവധി പേര്‍ക്ക് പ്രചോദനമാണ്.

പല തവണ മരണത്തെ മുഖാമുഖം കണ്ട കലാകാരിയാണ് ശരണ്യ. നിരവധി പ്രാവശ്യം മരണത്തിന്‍റെ കരങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടിട്ടുണ്ട്. ശരീര കോശങ്ങളെ ക്യാന്‍സര്‍ എന്ന മഹാമാരി കാര്‍ന്നു തിന്നുന്ന വേദനയിലും പുഞ്ചിരിച്ചുകൊണ്ട് ജീവിതത്തെ നേരിട്ട ശരണ്യയുടെ ആത്മവിശ്വാസം പലര്‍ക്കും മാര്‍ഗദീപമായിരുന്നു.

സിനിമയിലും സീരിയലുകളിലും കൈനിറയെ അവസരങ്ങള്‍ തേടിയെത്തുന്നതിനിടെ ആയിരുന്നു ഒരു തലവേദനയുടെ രൂപത്തില്‍ ആ വ്യാധി ശരണ്യയുടെ ജീവിതത്തിലേക്ക് ഒരു വില്ലനായി കടന്നു വരുന്നത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം മൈഗ്രേന് മരുന്ന് കഴിച്ചു മുന്നോട്ട് പോകുന്നതിനിടയില്‍ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ യാദൃശ്ചികമായി കുഴഞ്ഞ് വീണ ഇവര്‍ക്ക് തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് 2012 മുതല്‍ 2020 വരെയുള്ള കാലഘട്ടങ്ങളില്‍ 9 ഓളം തവണ ശിരസ്സില്‍ ശസ്ത്രക്രീയ നടത്തേണ്ടി വന്നു. 30 ലേറെ തവണ റേഡിയേഷനും വിധേയായി. .

ഏഴാം തവണ ശസ്ത്രക്രിയ നടത്തിയതിനെത്തുടർന്ന് ശരീരത്തിന്‍റെ ഒരു വശം തളര്‍ന്നു പോയെങ്കിലും മനോബലം ഒന്നു കൊണ്ട് മാത്രം ജീവിതത്തിലേക്ക് തിരിച്ചു വരുകയായിരുന്നു. അര്‍ബുദം തളര്‍ത്തിയവര്‍ക്ക്​ ശരണ്യ എന്നും പ്രചോദനം ആയിരുന്നു.ചികില്‍സയുടെ ആവശ്യങ്ങള്‍ക്കായി ഭീമമായ തുക ചിലവ് വന്നിരുന്ന ശരണ്യയെയും കുടുംബത്തെയും സാമ്പത്തികമായി സഹായിച്ചത് ആത്മയുടെ ഭാരവാഹിയും നടിയുമായ സീമ ജി.നായരാണ്. തനിക്ക് താങ്ങും തണലുമായി നിന്ന സീമ ജീ നായരോടുള്ള സ്നേഹവും കടപ്പാടും അറിയിച്ചുകൊണ്ട് ​ തന്‍റെ വീടിന് ​ ‘സ്നേഹസീമ’ എന്ന പേരാണ് ശരണ്യ നല്കിയിരിക്കുന്നത്.

‘പ്രാര്‍ത്ഥനകള്‍ക്കും പരിശ്രമങ്ങള്‍ക്കും വിരാമം. അവള്‍ യാത്രയായി.’ ശരണ്യയുടെ മരണവാര്‍ത്ത അറിയിച്ച്‌ സീമയുടെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. കൂട്ടുകാരി, അവകാശികള്‍, ഹരിചന്ദനം, ഭാമിനി തോല്‍ക്കാറില്ല, മാലാഖമാര്‍, കറുത്തമുത്ത്, രഹസ്യം തുടങ്ങിയ സീരിയലുകളിലൂടെയാണ്​ ശരണ്യ ശ്രദ്ധേയയാകുന്നത്. സീരിയലുകള്‍ക്ക് പുറമേ നിരവധി സിനിമകളിലും വേഷമിട്ടു.

Leave a Reply

Your email address will not be published.