പെൺകുട്ടിയുടെ ശരീരത്തിൽ അനുമതിയില്ലാതെ ഏത് വിധത്തിലുള്ള കയ്യേറ്റവും ബലാത്സംഗം തന്നെയാണ് ; ഹൈക്കോടതി.

കൊച്ചി : ബലാത്സംഗത്തെ പുനർനിർവചിച്ച്‌ ഹൈക്കോടതി. പെൺകുട്ടിയുടെ ശരീരത്തിൽ അനുമതിയില്ലാതെ ഏതുവിധത്തിലുള്ള കയ്യേറ്റവും ബലാത്സംഗം തന്നെയാണെന്ന് കോടതി വ്യക്തമാക്കി. ബലാത്സംഗക്കേസുകളിൽ നിന്ന് പ്രതികൾ നിയമത്തിൻ്റെ പഴുത് ഉപയോഗിച്ച്‌ രക്ഷപെടുന്നത് തടയാൻ ലക്ഷ്യമിട്ടാണ് നടപടി. യോനിയിലൂടെ ശാരീരികമായി ബന്ധപ്പെട്ടിട്ടില്ലെന്നും അതിനാൽ ബലാത്സംഗമായി കണക്കാക്കരുതെന്നുമുള്ള പ്രതിയുടെ വാദമാണ് കോടതി നിരുപാധികം തള്ളിയത്.

പ്രതിയുടെ സ്വകാര്യ അവയവം പെൺകുട്ടിയുടെ തുടകളിൽ ഉരസിയതിനെയും ബലാത്സംഗമായി തന്നെ കാണാൻ സാധിക്കും. പെൺകുട്ടിയുടെ തുടകൾ ചേർത്തുപിടിച്ചുള്ള ലൈംഗികാതിക്രമം ഇന്ത്യൻ ശിക്ഷാനിയമത്തിലെ 375ാം വകുപ്പ് പ്രകാരം ശിക്ഷ നൽകേണ്ടതാണ്. ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും ജസ്റ്റിസ് എ.എ സിയാദ് റഹ്മാനും അടങ്ങുന്ന ഡിവിഷൻ ബഞ്ചിൻ്റെതാണ് നിർണായക വിധി. സെഷൻസ് കോടതി വിധിയ്‌ക്കെതിരായ പ്രതിയുടെ അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി.

2015 ലാണ് എറണാകുളത്തെ തിരുമാറാടിയിൽ 11കാരി വയറുവേദനയ്‌ക്ക് ചികിത്സ തേടിയത്. എന്നാൽ വിശദമായ പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് അയൽവാസിയിൽ നിന്നും പീഡനം നേരിട്ട വിവരം കുട്ടി വെളിപ്പെടുത്തി. പോലീസിൽ പരാതിപ്പെടാൻ നിർദ്ദേശിച്ചെങ്കിലും പെൺകുട്ടിയുടെ കുടുംബം അതിൽ നിന്നും വിട്ടു നിന്നു. ചൈൽഡ് ലൈൻ അധികൃതർ അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് പെൺകുട്ടിയുടെ കുടുംബം പരാതിപ്പെടുന്നത്.

പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. കീഴ്‌ക്കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ഇയാളെ ആജീവനാന്ത തടവിന് ശിക്ഷിച്ചു. എന്നാൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിനുള്ള കാലതാമസവും ആരോപണം കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാട്ടി പ്രതി ഹൈക്കോടതിയെ സമീപിച്ചു. കേസിൽ പീഡനത്തിനിരയായ പെൺകുട്ടി പ്രായപൂർത്തിയായിട്ടില്ലെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. തുടർന്ന് പോക്‌സോ വകുപ്പ് നീക്കുകയും ആജീവനാന്തം എന്നത് ജീവപര്യന്തമാക്കി വെട്ടിച്ചുരുക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published.