ഗാർഹിക പീഡനo താങ്ങാനാകാതെ ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകി; യുവതിയും വാടക കൊലയാളികളും പിടിയിൽ

റായ്പുർ: ഗാർഹിക പീഡനo താങ്ങാനാകാതെ ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ യുവതിയും വാടക കൊലയാളികളും പോലീസ് പിടിയിൽ. ഛത്തീസ്ഗഢിലെ ബസന്ത്പുർ സുർഗി സ്വദേശി ധനേഷ് സാഹുവിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ സുമ്രീതും മൂന്ന് യുവാക്കളും പിടിയിലായത്. യുവാക്കൾ ധനേഷ് സാഹുവിൻ്റെ സുഹൃത്തുക്കളാണെന്നും സുമ്രീതിൽ നിന്ന് പണം വാങ്ങിയശേഷമാണ് ഇവർ കൃത്യം നടത്തിയതെന്നും പോലീസ് പറഞ്ഞു.

ഓഗസ്റ്റ് ഒന്നാം തീയതിയാണ് ധനേഷ് സാഹുവിൻ്റെ മൃതദേഹം വിജനമായ സ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ് വികലമായ നിലയിലായിരുന്നു മൃതദേഹം. മൂന്ന് കിലോ മീറ്റർ അകലെയുള്ള കുളത്തിൽനിന്ന് യുവാവിൻ്റെ ബൈക്കും പോലീസ് കണ്ടെടുത്തു. തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

കൊല്ലപ്പെട്ട ധനേഷ് സാഹുവിനെ അവസാനമായി കണ്ടത് മൂന്ന് കൂട്ടുകാർക്കൊപ്പമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് യുവാവിൻ്റെ മൂന്ന് സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇവരിൽനിന്നാണ് കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്. ധനേഷിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് ഭാര്യയാണെന്ന് ഇവർ വെളിപ്പെടുത്തിയതോടെ യുവതിയെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഭർത്താവിൻ്റെ നിരന്തരമായ മർദ്ദനത്തെ തുടർന്നാണ് കൊല്ലാൻ ക്വട്ടേഷൻ നൽകിയതെന്നാണ് യുവതി പോലീസിന് നൽകിയ മൊഴി. സ്ഥിരമായി മദ്യപിച്ചെത്തുന്ന ഭർത്താവ് തന്നെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഇതേ തുടർന്നാണ് ഭർത്താവിനെ കൊല്ലൻ പദ്ധതിയിട്ടത്. ഇതിനായി ഭർത്താവിൻ്റെ മൂന്ന് സുഹൃത്തുക്കളെ തന്നെ ബന്ധപ്പെട്ടു. ഒരു ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷൻ ഉറപ്പിച്ചത്. അഡ്വാൻസായി ഏഴായിരം രൂപ നൽകിയെന്നും യുവതി പോലീസിനോട് പറഞ്ഞു.

ക്വട്ടേഷൻ ഏറ്റെടുത്ത യുവാക്കൾ ഓഗസ്റ്റ് ഒന്നാം തീയതി ധനേഷിനെ മദ്യപിക്കാനായി ക്ഷണിക്കുകയായിരുന്നു. മദ്യപിച്ചതിന് പിന്നാലെ മൂവരും ചേർന്ന് ധനേഷിനെ ക്രൂരമായി മർദിച്ച്‌ കൊലപ്പെടുത്തി. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം ഗ്രാമത്തിലെ വിജനമായ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു  പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published.