അമ്മ കടം വാങ്ങിയ മൂന്ന് ലക്ഷം രൂപ മടക്കി നൽകിയില്ല; എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

ലക്‌നൗ : അമ്മ കടം വാങ്ങിയ മൂന്ന് ലക്ഷം രൂപ മടക്കി നൽകാത്തതിലുള്ള പ്രതികാരം തീർക്കാൻ എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഹർദോയിലാണ് ക്രൂര സംഭവം നടന്നത്. ഞായറാഴ്ചയാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തിങ്കളാഴ്ച വീട്ടിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ നിന്ന് മൃതദേഹം കണ്ടെത്തി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ ചൊവ്വാഴ്ച പോലീസ് അറസ്റ്റു ചെയ്തു. പ്രദേശവാസികളായ 150 ഓളം പേരെ നിരീക്ഷിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബാബുറാം എന്നയാളിലേക്ക് അന്വേഷണം എത്തിയത്. കുട്ടിയുടെ മാതാപിതാക്കൾ വേർപിരിഞ്ഞു താമസിക്കുന്നവരാണ്. ഇതിനിടെ പല തവണയായി ബാബുറാമിനോട് കുട്ടിയുടെ അമ്മ പണം കടം വാങ്ങിയിരുന്നു. എന്നാൽ ഈ തുക ‘അമ്മ തിരിച്ചുനൽകാനായില്ല. യുവതിക്ക് പ്രതിമാസം 5000 രൂപയും കുട്ടിക്ക് 1500 രൂപയും വീതം നൽകിയിരുന്നുവെന്ന് ബാബുറാം പോലീസിനോട് പറയുന്നു. എന്നാൽ കോവിഡിനെ തുടർന്ന് തൻ്റെ കച്ചവടം പൂട്ടിയതോടെ താൻ പണം തിരികെ ആവശ്യപ്പെട്ടു.

ആദ്യം പണം നൽകാമെന്ന് സമ്മതിച്ച അവർ പിന്നീട് നിരസിച്ചതായും പ്രതി പോലീസിനോട് പറഞ്ഞു. തുടർന്ന് ഇക്കഴിഞ്ഞ ഒന്നാം തീയതി അവരുടെ വീട്ടിലെത്തി ബാബുറാം പണം ആവശ്യപ്പെട്ടു. എന്നാൽ അപ്പോഴും പണം ലഭിച്ചില്ല. ഇതോടെ വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ താൻ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കുട്ടിയുടെ ശരീരത്തിനേറ്റ മുറിവുകളാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായോ എന്ന് അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published.