ധനുഷിന് തിരിച്ചടി ; റോൾസ് റോയ്സ് ഇറക്കുമതി ചെയ്ത വകയിൽ 30.33 ലക്ഷം രൂപ 48 മണിക്കൂറിനുള്ളിൽ അടയ്ക്കണമെന്ന് മദ്രാസ് ഹൈക്കോടതി

യു.കെ -യിൽ നിന്ന് ഇറക്കുമതി ചെയ്ത റോൾസ് റോയ്സ് ഗോസ്റ്റിന് 2015 ൽ വാണിജ്യ നികുതി വകുപ്പ് ആവശ്യപ്പെട്ട 60.66 ലക്ഷം രൂപയിൽ ബാക്കിയായ 30.33 ലക്ഷം രൂപ 48 മണിക്കൂറിനുള്ളിൽ അടയ്ക്കണമെന്ന് മദ്രാസ് ഹൈക്കോടതി നടൻ കെ. ധനുഷിനോട് ഉത്തരവിട്ടു.

നികുതി ഇളവ് ആവശ്യപ്പെട്ട് കൊണ്ട് ആറ് വർഷം മുമ്പ് നടൻ നൽകിയ റിട്ട് ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ്സ് സുബ്രഹ്മണ്യം ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. തന്നിൽ നിന്ന് ആവശ്യപ്പെട്ട മൊത്തം പ്രവേശന നികുതിയുടെ 50% അടയ്ക്കാമെന്ന ഒരു ഇടക്കാല ഉത്തരവ് നേടിയ ശേഷം അദ്ദേഹം കാർ നിരത്തില്‍ ഉപയോഗിച്ചു വരുകയായിരുന്നു.

കഴിഞ്ഞ ദിവസം നടൻ വിജയ് സമർപ്പിച്ച സമാനമായ ഒരു കേസിൽ ജഡ്ജി ഒരു കടുത്ത ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിനാലാവാം ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി പൂർണ്ണമായി പിൻവലിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ധനുഷിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.   

കോടതിയിൽ സമർപ്പിച്ച ഇടക്കാല ഉത്തരവുകളുടെ അടിസ്ഥാനത്തിൽ, രണ്ട് അഭിനേതാക്കൾ മാത്രമല്ല, മറ്റ് പല സമ്പന്നരും അവരുടെ ഇറക്കുമതി ചെയ്ത ആഡംബര കാറുകൾ, പൊതു പണം ഉപയോഗിച്ച് റോഡുകളിൽ വർഷങ്ങളായി ഓടിക്കുകയാണെന്ന് ജഡ്ജി പറഞ്ഞു. പ്രവേശന നികുതിയുടെ ഭാഗിക പേയ്മെൻ്റ് മാത്രമാണ് ഇതുവരെ ഇവര്‍ അടച്ചിട്ടുള്ളത്.  

തൽഫലമായി, വർഷങ്ങളായി സംസ്ഥാനത്തിന് വലിയ വരുമാന നഷ്ടം സംഭവിക്കുന്നു, കോടതി അഭിപ്രായപ്പെട്ടു. നികുതി ഇളവ് ആവശ്യപ്പെട്ട് കേസുകൾ ഫയൽ ചെയ്യുന്ന രീതി ഒഴിവാക്കണമെന്നും കോടതി പറയുന്നു. 

അത്തരം അനാവശ്യ കേസ്സുകളിലൂടെ കോടതികൾക്കുമേൽ അമിതഭാരം ഉണ്ടാകുകയും യഥാർത്ഥ വ്യവഹാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്നു, കോടതി നിരീക്ഷിച്ചു. 

Leave a Reply

Your email address will not be published.