മെഗാസ്റ്റാര്‍ മമ്മൂട്ടി സിനിമയിലെത്തിയിട്ട് 50 വര്‍ഷങ്ങള്‍ !! അദ്ദേഹത്തിന്‍റെ ആദ്യ ചിത്രം ഏതെന്നറിയുമോ ?

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മുഖം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടിട്ട് അമ്പത് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. കെഎസ് സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകളിൽ മമ്മൂട്ടി ഒരു ചെറിയ വേഷം അവതരിപ്പിച്ചിരുന്നു, അതിൽ നിത്യഹരിത താരങ്ങളായ സത്യനും ഷീലയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയുണ്ടായി. 1971 ആഗസ്റ്റ് 6 -ന് ചിത്രം റിലീസ് ചെയ്തു. പക്ഷേ പിന്നെയും, ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി ഒരു പ്രധാന നടനായി അരങ്ങേറ്റം കുറിച്ചത്. മമ്മൂട്ടിയുടെ ആദ്യ ചിത്രം മലയാള സിനിമയിലെ മറ്റൊരു പ്രമുഖ നടനായ സത്യൻ്റെ അവസാന ചിത്രമായി മാറിയത് വളരെ രസകരമായ ഒരു യാദൃശ്ചികതയാണ്.

അനുഭവങ്ങള്‍ പാളിച്ചകളിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന് പേരോ ഡയലോഗുകളോ ഇല്ല.  ആൾക്കൂട്ടത്തിൽ വെറും ഒരു കാഴ്ചക്കാരനായിട്ടാണ് അദ്ദേഹം ഈ  സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ട് തന്നെ, ഈ ചിത്രം അദ്ദേഹത്തിൻ്റെ ആദ്യ സിനിമയായി കണക്കാക്കാനാവില്ലെന്ന് ചിലർ പറയുന്നു. 

1980 ൽ പുറത്തിറങ്ങിയ വിൽക്കാനുണ്ട് സ്വപ്നങ്ങളിലൂടെയാണ് മമ്മൂട്ടി നായകനായി അരങ്ങേറ്റം കുറിക്കുന്നത്. എം ടി വാസുദേവൻ നായർ രചിച്ച് അസദ് സംവിധാനം ചെയ്ത വിൽക്കാനുണ്ട് സ്വപ്നങ്ങൾ മലയാളത്തിൻ്റെ മെഗാ  സ്റ്റാര്‍ മമ്മൂട്ടിയുടെ അരങ്ങേറ്റ ചിത്രമായി പരക്കെ പരിഗണിക്കപ്പെട്ടു പോരുന്നു. ഈ ചിത്രത്തില്‍ മാധവൻകുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മമ്മൂട്ടി മലയാള സിനിമയിൽ തന്‍റേതായ ഒരു ഇടം സ്വന്തമാക്കുകയുണ്ടായി. മമ്മൂട്ടി തന്നെ തൻ്റെ ഓർമക്കുറിപ്പുകളായ ചമയങ്ങൾ ഇല്ലാതെ എന്ന പുസ്തകത്തില്‍ തന്‍റെ  ആദ്യ ചിത്രമായി പരിഗണിക്കുന്നത് വിൽക്കാനുണ്ട് സ്വപ്നങ്ങളെ ആണ്.

ഇന്ത്യൻ സിനിമയില്‍  അഞ്ച് പതിറ്റാണ്ടിലധികം കാലമായി നിറഞ്ഞു നില്‍ക്കുന്ന ഈ സുവര്‍ണ താരം ഇന്നും ഒരു വിസ്മയ സൌന്ദര്യമാണ്.

Leave a Reply

Your email address will not be published.