അമ്മയെക്കുറിച്ച് യുവ നടന്‍ എഴുതിയ കുറിപ്പ് ഏവരുടെയും കണ്ണുകളെ ഈറനണിയിക്കും

സ്വന്തം അമ്മയെക്കുറിച്ച് എത്ര എഴുതിയാലും മതിവരാത്ത മനുഷ്യരാണ് നമ്മളേവരും. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരും ഒരുപോലെ
സ്നേഹിക്കുന്ന നെഞ്ചില്‍ താലോലിക്കുന്ന വികാരമാണ് മാതൃത്വം.
അക്ഷങ്ങള്‍ക്കപ്പുറത്തെ അഭൌമ വികാരമാണത്. എല്ലാ മനുഷ്യരും ഹൃദയത്തില്‍ സൂക്ഷിയ്ക്കുന്ന ആ വികാരത്തെക്കുറിച്ച് ഇന്ന് മലയാളത്തില്‍ ഏറെ സജീവമായിക്കൊണ്ടിരിക്കുന്ന യുവനടന്‍ വിജിലേഷ് ഫെയ്‌സ്ബുക്കിലെഴുതിയ ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വയറലാകുന്നത്. 

“അമ്മ” എന്ന അടിക്കുറിപ്പോടെ സ്വന്തം അമ്മയുടെ ചിത്രം പങ്ക് വച്ചുകൊണ്ടായിരുന്നു അദ്ദേഹം തന്‍റെ പ്രൊഫൈലില്‍ അമ്മയെക്കുറിച്ച് എഴുതിത്തുടങ്ങിയത്.  

അമ്മ ഇന്നും അംഗനവാടിയില്‍ പോകാനുള്ള ഒരുക്കത്തിലാണ്, കഴിഞ്ഞ മുപ്പത്തി ഏഴ് വര്‍ഷമായി തുടരുന്ന അമ്മയുടെ ദിനചര്യ ആണിതെന്ന് വിജിലേഷ് പറയുന്നു. അന്‍പത് രൂപ ശമ്ബളത്തില്‍ തുടങ്ങിയ ജോലിയാണ്, ഇന്നും മുടക്കമില്ലാതെ അത് തുടരുന്നു. എത്രയോ തലമുറയ്ക്ക് ഭക്ഷണം വച്ചു വിളമ്ബി ഊട്ടിയ ശീലത്തിന്റെ ചാരിതാര്‍ഥ്യം തന്‍റെ അമ്മയുടെ  മുഖത്തുണ്ടെന്നു വിജിലേഷ് കുറിക്കുന്നു.

ആരും അന്‍പത് രൂപ ശമ്ബളത്തിന് ഏറ്റെടുക്കാന്‍ മടിച്ച,കുഞ്ഞുങ്ങളെ നോക്കാന്‍ മടി കാണിച്ച  ഈ ജോലിയെ ഏറ്റവും സന്തോഷത്തോടെയാണ് തന്‍റെ അമ്മ സ്വീകരിച്ചത്, അതുതന്നെയാണ് തന്‍റെ അമ്മയുടെ സന്തോഷവും, ഊര്‍ജ്ജവും. പുലര്‍ച്ചെ നാല് മുപ്പതിന് എഴുന്നേറ്റ് വീട്ടുജോലികളൊക്കെ വേഗം തീര്‍ത്ത് വളരെ തിരക്ക് പിടിച്ച്‌ അംഗനവാടിയിലേക്കോടുന്ന അമ്മയെയാണ് താന്‍ ചെറുപ്പം മുതല്‍ കണ്ട് വളരുന്നത്. 

തന്‍റെ ഡിഗ്രി കാലഘട്ടത്തില്‍ ഐശ്ചികമായി തിരഞ്ഞെടുത്തത് സംസ്കൃതമായിരുന്നു, തുടര്‍ന്ന് പി.ജിയ്ക്ക് തിയറ്റര്‍ പഠനമായിരുന്നു, തിയറ്റര്‍ പഠിച്ചിട്ട് എന്തുചെയ്യാനാണെന്ന് എല്ലാവരും ചോദിച്ചപ്പോഴും തന്‍റെ ഇഷ്ടം അതാണെന്ന് മനസ്സിലാക്കി എല്ലാ പിന്തുണയും നല്‍കി അമ്മ ഇന്നും കൂടെയുണ്ടെന്നും അഭിമാനത്തോടെ വിജിലേഷ് കുറിക്കുന്നു.  

വളരെ തുച്ഛമായ വരുമാനത്തിനാണ് അംഗനവാടി ജീവനക്കാര്‍ ജോലി
ചെയ്യുന്നത്. സര്‍ക്കാറിന്റെ ഭാഗത്തുനിന്നും വേണ്ടത്ര പരിഗണനയോ,
ആനുകൂല്യങ്ങളോ ലഭിക്കാത്ത മേഖലയാണിതെന്നും അവരുടെ ജോലി ഉത്തരവാദിത്വം നിറഞ്ഞതും, ഭാരിച്ചതുമാണെന്നും അനുഭവത്തിന്റെ വെളിച്ചത്തില്‍ അദ്ദേഹം പറയുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഇന്നും ഒരു മടുപ്പും കൂടാതെ അംഗനവാടിയിലേക്കു പോകുന്ന അമ്മ തനിക്കെന്നും പ്രചോദനവും, ആശ്ചര്യവുമാണെന്ന് വിജിലേഷ് എഴുതി നിര്‍ത്തി….  

Leave a Reply

Your email address will not be published.