അദ്ധ്യാപക – വിദ്യാർത്ഥി ബന്ധത്തെ കുട്ടി തെറ്റിദ്ധരിച്ചു, വിദ്യാർത്ഥിയോടുള്ള സ്നേഹം കൊണ്ടാണ് കെട്ടിപ്പിടിച്ചതെന്ന് ഭാര്യ: മനീഷിനെതിരെ നിരവധി കേസുകൾ

കോഴിക്കോട് : താമരശ്ശേരി സ്‌കൂളിലെ കായികാദ്ധ്യാപകൻ വി.ടി മിനീഷ് കുട്ടികളെ സ്ഥിരമായി പീഡനത്തിന് ഇരയാക്കിയത് നെല്ലിപൊയിലിലുള്ള സഹായിയായ സ്ത്രീയുടെ വീട്ടിൽ വെച്ചാണെന്ന് വെളിപ്പെടുത്തൽ. പീഡനത്തിനിരയായ പെൺകുട്ടികളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം അദ്ധ്യാപക – വിദ്യാർത്ഥി ബന്ധത്തെ കുട്ടി തെറ്റിദ്ധരിച്ചുവെന്നും വിദ്യാർത്ഥിയോടുള്ള സ്നേഹം കൊണ്ടാണ് കെട്ടിപ്പിടിച്ചതെന്നുമായിരുന്നു മനീഷും ഭാര്യയും പരാതിപ്പെട്ട വിദ്യാർത്ഥിനിയോട് ഫോണിലൂടെ പറഞ്ഞത്.

വിദ്യാർത്ഥിനികളെ അധിക ദിവസവും താമസിപ്പിച്ചത് സ്കൂളിൽ നിന്നും 30 കിലോമീറ്ററിലധികം ദൂരമുള്ള നെല്ലിപൊയിലിലെ വീട്ടിലായിരുന്നു എന്നും കുട്ടികളെ പീഡനത്തിനിരയാക്കാൻ എല്ലാവിധ സൗകര്യങ്ങളും ഒരുക്കി നൽകിയത് വീട്ടുടമസ്ഥയായ സ്ത്രീയാണെന്നും കണ്ടെത്തിയിട്ടുണ്ട്. സ്‌കൂളിന് സമീപം വാടക കെട്ടിടത്തിൽ താമസ സൗകര്യമുണ്ടായിരുന്നപ്പോഴാണ് വിദ്യാർത്ഥിനികളെ ഇത്ര ദൂരത്തിൽ താമസിപ്പിച്ചത്.

ഇവിടെവെച്ച്‌ കുട്ടികളെ ഒറ്റക്ക് പീഡനത്തിന് ഇരയാക്കിയതായും മൂന്നും നാലും കുട്ടികളെ കൊണ്ട് അദ്ധ്യാപകന്റെ ശരീരത്തിൽ മസാജ് ചെയ്യിപ്പിച്ചിരുന്നതായും വിദ്യാർത്ഥിനികൾ വെളിപ്പെടുത്തിയിട്ടുണ്ട്. അദ്ധ്യാപകന്റെ നിർദേശങ്ങൾക്ക് വഴങ്ങാത്തവർക്കെതിരെ അസഭ്യം പറയുന്നതും, മർദ്ദിക്കുന്നതും പതിവാണെന്നും കുട്ടികൾ പറഞ്ഞു. ഒരു വിദ്യാർത്ഥിനിയുടെ മാതാവ് ഈ വീട്ടിൽ എത്തിയപ്പോൾ അദ്ധ്യാപകന്റെ മുറിയിൽ നിന്നും കുട്ടികൾ പിൻവാതിലിലൂടെ പുറത്തേക്ക് ഓടുന്നതാണ് കണ്ടത്. ഇതോടെ അവർ മകളെ വീട്ടിലേക്ക് കൂട്ടികൊണ്ടു പോകുകയായിരുന്നു.

അതേസമയം, വിദ്യാർത്ഥിനിയെ തിരികെയെത്തിക്കാൻ അദ്ധ്യാപകന്റെ സഹായിയായ സ്ത്രീ തന്ത്രങ്ങൾ പറഞ്ഞ് കൊടുക്കുന്നതും, കുട്ടിയുടെ അമ്മ വന്ന അവസരത്തിൽ നടന്ന സംഭവങ്ങൾ വിവരിക്കുന്നതുമായ ശബ്ദരേഖകളും പുറത്ത് വന്നിരുന്നു. വിദ്യാർത്ഥിനിയോടും, മാതാവിനോടും അദ്ധ്യാപകൻ പ്രണയാഭ്യർത്ഥന നടത്തുന്നതും, നഗ്‌നചിത്രങ്ങൾ ആവശ്യപ്പെടുന്നതുമായ ശബ്ദരേഖകളും പുറത്തുവന്നു.

സംഭവത്തിൽ സീനിയർ കായികതാരമായ വിദ്യാർത്ഥിനിയുടെ പങ്കിനെ കുറിച്ചും അന്വേഷണം നടത്തണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. മറ്റ് വിദ്യാർത്ഥിനികളെ അദ്ധ്യാപകന്റെ കിടപ്പുമുറിയിൽ എത്തിക്കാൻ സീനിയറായ ഈ വിദ്യാർത്ഥിനി സമ്മർദ്ദം ചെലുത്തിയിരുന്നതായും കുട്ടികൾ വെളിപ്പെടുത്തിയിട്ടുണ്ട്.

നിരവധി കുട്ടികളെ മനീഷ് പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെങ്കിലും കുറച്ച്‌ പേർ മാത്രമേ പരാതിയുമായി രംഗത്ത് വന്നിട്ടുള്ളൂ. രണ്ട് പോക്സോ കേസ് അടക്കം അഞ്ച് കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് താമരശ്ശേരി സ്‌കൂളിലെ കായികാദ്ധ്യാപകൻ വി.ടി മനീഷിനെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published.