ഫ്രീ ഫയർ കളിച്ച്‌ 40000 രൂപ നഷ്ടപ്പെടുത്തി; അമ്മ വഴക്ക് പറഞ്ഞതിന് പിന്നാലെ വിഷാദത്തിലാണെന്ന് കുറിപ്പ് എഴുതിവെച്ച പതിമൂന്നുകാരൻ ആത്മഹത്യ ചെയ്തു

ഭോപാൽ: ഓൺലൈൻ ഗെയിം കളിച്ച്‌ 40,000 രൂപ നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തിൽ 13 വയസുകാരൻ സീലിങ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ . ആറാം ക്ലാസ് വിദ്യാർഥിയായ കൃഷ്ണ ആണ് ജീവനൊടുക്കിയത് . ഓൺലൈൻ ഗെയിം കളിച്ച്‌ 40000 രൂപ നഷ്ടപ്പെടുത്തിയതിന്റെ വിഷമത്തിൽ ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറയുന്നു . ഓൺലൈൻ ഗെയിമിൽ പണം നഷ്ടപെട്ടതിനെ തുടർന്ന് വിഷാദത്തിലാണെന്നും അതുകൊണ്ടാണ് താൻ കടുംകൈ ചെയ്യുന്നതെന്ന് കുറിപ്പ് എഴുതി വെച്ചാണ് കൃഷ്ണ ജീവനൊടുക്കിയതെന്ന് പൊലീസ് അറിയിച്ചു. മധ്യപ്രദേശിലെ ഛതർപൂരിലാണ് ദാരുണ സംഭവം നടന്നത് .

‘ആത്മഹത്യ കുറിപ്പിൽ മാതാവിനോട് ക്ഷമ ചോദിക്കുന്ന കുട്ടി പണം നഷ്ടപെട്ടതിലുള്ള വിഷാദം മൂലമാണ് താൻ ജീവനൊടുക്കുന്നതെന്ന് എഴുതിയിട്ടുണ്ട്. യു പി ഐ അകൗണ്ട് വഴി പിൻവലിച്ച 40000 രൂപ ‘ഫ്രീ ഫയർ’ ഗെയിം കളിച്ചാണ് കുട്ടി നഷ്ടപ്പെടുത്തിയതെന്ന് കുറിപ്പിൽ വിവരിക്കുന്നു’-പൊലീസ് ഉദ്യോഗസ്ഥനായ ശശാങ്ക് ജെയിൻ പറഞ്ഞു.

അകൗണ്ടിൽ നിന്ന് പണം പിൻവലിക്കപ്പെട്ടതായി സന്ദേശം വന്നതിന് പിന്നാലെ ഛതർപൂരിലെ നീവ് അകാദമി വിദ്യാർഥിയായ കുട്ടിയെ വിളിച്ച മാതാവ് വഴക്ക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി മുറിയിൽ കയറി വാതിൽ അടച്ചത്. അൽപ സമയത്തിന് ശേഷം സഹോദരി ചെന്ന് വാതിലിൽ മുട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെയാണ് സഹോദരി മാതാപിതാക്കളെ വിളിച്ച്‌ വിവരം അറിയിച്ചത്.

സംഭവം നടക്കുമ്പോൾ സംസ്ഥാന ആരോഗ്യ വകുപ്പിൽ നഴ്‌സായി ജോലി ചെയ്യുന്ന കുട്ടിയുടെ അമ്മ ജില്ല ആശുപത്രിയിൽ ജോലിയിലായിരുന്നു. പാതോളജി ലാബ് നടത്തി വരുന്ന പിതാവും വീട്ടിൽ ഇല്ലായിരുന്നു . വാതിൽ തകർത്ത് അകത്ത് കടന്നപ്പോൾ കുട്ടി സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു .

Leave a Reply

Your email address will not be published.