‘എന്താണ്​ നിൻറെ പേര്​? ജാതി എന്താണ്​? അവൻ ഏതു ജാതിയിൽ പെടുന്നു? അവൻ മുസ്​ലിമാണോ? എന്തിനാണ്​ നിങ്ങൾ അവനെ വിവാഹം ചെയ്​തത്​?; നിർബന്ധിത മതപരിവർത്തനം ആരോപിച്ച്‌ കോടതിയിൽ നടന്ന​ യുവതിയുടെ വിവാഹം തടഞ്ഞ്​ കർണി സേന പ്രവർത്തകർ

ഉത്തർപ്രദേശ് : നിർബന്ധിത മതപരിവർത്തനം ആരോപിച്ച്‌ കോടതിയിൽ നടന്ന​ യുവതിയുടെ വിവാഹം തടഞ്ഞ്​ കർണി സേന പ്രവർത്തകർ . ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ ബുധനാഴ്ചയാണ്​​ സംഭവം. ​കോട്ട്​വാലി പൊലീസ് സ്​റ്റേഷനിലെത്തിച്ച പെൺകുട്ടിയെ പിന്നീട്​ ബന്ധുക്കൾക്ക്​ കൈമാറി. ‘പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന പിതാവിൻറെ പരാതിയിൽ കേസ്​ രജിസ്റ്റർ ചെയ്​തു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഉടൻ തന്നെ കോടതിയിൽ ഹാജരാക്കും . പെൺകുട്ടി പ്രായപൂർത്തിയായതിനാൽ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്​ഥാനത്തിലാണ്​ പിന്നീട്​ നടപടി സ്വീകരിക്കുക’ -ബല്ലിയ പൊലീസ്​ സൂപ്രണ്ട്​ പറഞ്ഞു.

നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ടെന്ന്​ ആരോപിച്ച്‌​ ചിലർ രംഗത്തെത്തിയിരുന്നു. എന്നാൽ അത്തര​ത്തിലൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. ചിലർ മതപരിവർത്തനം ആരോപിച്ച്‌​ യുവതിയെ പ്രദേശിക പൊലീസ്​ സ്​റ്റേഷനിൽ എത്തിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തിൻറെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. താൻ 24കാരനായ ദിൽഷാദ്​ സിദ്ദിഖിയുമായി വിവാഹം കഴിച്ചതായി യുവതി​ പറയുമ്ബോൾ കർണി സേന പ്രവർത്തകർ യുവതിയെ പരിഹസിക്കുന്നത്​ വിഡിയോയിൽ കാണാം.

‘എന്താണ്​ നിൻറെ പേര്​? ജാതി എന്താണ്​? അവൻ ഏതു ജാതിയിൽ പെടുന്നു? അവൻ മുസ്​ലിമാണോ? എന്തിനാണ്​ നിങ്ങൾ അവനെ വിവാഹം ചെയ്​തത്​?’ – യുവതിയോട്​ ഒരു​ കർണിസേന പ്രവർത്തകൻ ചോദിക്കുന്നത് വീഡിയോയിൽ കേൾക്കാം.

ഇതിന്​ മറുപടിയായി താൻ ദലിത്​ വിഭാഗത്തിൽപ്പെട്ടതാണെന്നും പ്രായപൂർത്തിയായതാണെന്നും പൂർണ സമ്മതത്തോടെയാണ്​ വിവാഹമെന്നും യുവതി പറയുന്നത്​ കേൾക്കാം. യുവാവ്​ സിദ്ദീഖിയെയും ഇവർ ഭീഷണിപ്പെടുത്തുന്നതും വിഡിയോയിലുണ്ട്​. ബഹളത്തെ തുടർന്ന്​ ഇയാൾ കോടതി പരിസരത്തു നിന്ന്​ ഓടി രക്ഷപ്പെട്ടുവെന്നാണ്​ വിവരം. പെൺകുട്ടിയുടെ പിതാവിൻറെ പരാതിയിൽ സിദ്ദീഖിയുടെ പേരിൽ പൊലീസ്​ കേസെടുത്തു.

Leave a Reply

Your email address will not be published.