ദുരഭിമാനക്കൊല;അയൽവാസിയായ യുവാവിനെ വിവാഹം കഴിച്ചതിന് പിതാവ് മകളെ ഷാൾ കഴുത്തിൽമുറുക്കി കൊന്ന് ഗംഗയിൽ തള്ളി

ചണ്ഢീഗഡ്: രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല. അയൽവാസിയായ യുവാവിനെ വിവാഹം കഴിച്ചതിൻെറ പേരിൽ പതിനെട്ടുകാരി മകളെ പിതാവ് ഷാൾ കഴുത്തിൽ കുരുക്കി കൊലപ്പെടുത്തി. ഹരിയാനയിലെ സോനിപത്ത് ജില്ലയിലെ മകിൻപൂർ ഗ്രാമത്തിലാണ് ദുരഭിമാനക്കൊല നടന്നത് . കനിക എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പതിനെട്ട് വയസ്സ് മാത്രമായിരുന്നു യുവതിയുടെ പ്രായം . സംഭവത്തിൽ പിതാവ് വിജയ്പാലിനെ പോലീസ് അറസ്റ്റ് ചെയ്തു .

2020 നവംബറിലാണ് കനിക അയൽവാസിയായ യുവാവുമായി നാടുവിട്ടത്. മീററ്റിലെ ആര്യ സമാജിൽ വെച്ച്‌ ഇരുവരും വിവാഹം കഴിച്ചു . തുടർന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയ യുവതി താൻ വിവാഹിതയായ വിവരം കനിക മാതാപിതാക്കളെ അറിയിച്ചു. അന്ന് ഇത് അംഗീകരിച്ച കുടുംബത്തിനൊപ്പം മാസങ്ങളോളം യുവതി കഴിഞ്ഞു. ശേഷം ഭർത്താവിൻെറ വീട്ടിലേക്ക് പോകുകയും ചെയ്തിരുന്നു.

.

എന്നാൽ, കഴിഞ്ഞ മാസം പിതാവ് മകളെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ജന്മദിനം ആഘോഷിക്കാനെന്ന പേരിലാണ് കനികയെ പിതാവ് വീട്ടിൽ വിളിച്ചു വരുത്തിയത് . ദിവസങ്ങൾ കഴിഞ്ഞിട്ടും  തന്റെ ഭാര്യയെ കുറിച്ച്‌ വിവരമില്ലാതായപ്പോൾ  ഭർത്താവ് പൊലീസിൽ പരാതി നൽകുക ആയിരുന്നു .

ഭാര്യയെ കാണാനില്ലെന്നും തട്ടിക്കൊണ്ടുപോയതാണെന്നുമായിരുന്നു ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നത് . ഭർത്താവിന്റെ പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ, തനിക്കെന്തെങ്കിലും സംഭവിച്ചാൽ തന്റെ അച്ഛനും സഹോദരനുമാണ് കാരണക്കാർ എന്ന് പെൺകുട്ടി പറയുന്ന വീഡിയോ പുറത്തുവന്നു . ഇതിനുപിന്നാലെയാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ പോലീസ് കണ്ടെത്തിയത്.

ഷാൾ കൊണ്ട് കഴുത്തിൽ മുറുക്കിയാണ് മകളെ കൊലപ്പെടുത്തിയതെന്നും ശേഷം മൃതദേഹം ഗംഗയിൽ വലിച്ചെറിയുകയായിരുന്നെന്നും പിതാവ് വിജയ്പാൽ പൊലീസിനോട് പറഞ്ഞു.

Leave a Reply

Your email address will not be published.