നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ മൊഴി നൽകിയ മാപ്പുസാക്ഷി വിചാരണയ്ക്ക് എത്തിയില്ല; ഉടൻ അറസ്റ്റു ചെയ്ത് ഹാജരാക്കണമെന്ന് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ വിഷ്ണു വിചാരണയ്ക്ക് കോടതിയിൽ ഹാജരായില്ല. വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് ഉടൻ ഹാജരാക്കാൻ കോടതിയുടെ ഉത്തരവ് . തുടർച്ചയായി സാക്ഷി വിസ്താരത്തിന് ഹാജരാകാതിരുന്നതിനെത്തുടർന്നാണ് നടപടി. എറണാകുളം ജില്ലാ പോലീസ് സൂപ്രണ്ടിന് ആണ് കോടതി നിർദ്ദേശം നൽകിയത്.

കോടതി സമൻസ് അയച്ചിട്ടും വിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടർന്ന് ഇന്ന് രാവിലെ വിഷ്ണുവിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാൽ വിഷ്ണു കോടതിയിൽ ഹാജരായില്ല. കേസിലെ പത്താം പ്രതിയായിരുന്ന വിഷ്ണു പിന്നീട് മാപ്പുസാക്ഷിയാവുകയായിരുന്നു. ദിലീപിൽ നിന്ന് പണം ആവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനി ജയിലിൽ നിന്ന് അയച്ച കത്ത് എഴുതിയത് വിഷ്ണുവായിരുന്നു. ഈ കത്ത് ജയിലിൽ നിന്നിറങ്ങിയ ശേഷം വിഷ്ണു ദിലീപിന്റെ മാനേജർ അപ്പുണ്ണിക്ക് വാട്‌സ് അപ്പ് വഴി അയക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു . ഈ വിവരം വിഷ്ണു അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.

എന്നാൽ , കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറു മാസം കൂടി സമയം വേണമെന്ന് വിചാരണക്കോടതി സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ലോക്ഡൗണിനെ തുടർന്ന് കോടതി തുടർച്ചയായി അടച്ചിടേണ്ടി വന്നുവെന്ന കാരണം പറഞ്ഞാണ് ജഡ്ജി ഹണി. എം. വർഗീസ് സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ നവംബറിൽ കൂടുതൽ സമയം തേടി അപേക്ഷ നൽകിയപ്പോൾ 2021 ആഗസ്റ്റിൽ വിചാരണ പൂർത്തിയാക്കണമെന്നും ഇനി സമയം നീട്ടി നൽകാനാവില്ലെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു.

2017 ഫെബ്രുവരിയിലാണ് തൃശൂരിൽ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് കാറിൽ വന്ന നടിയെ തടഞ്ഞുവച്ച്‌ ആക്രമിച്ചത്. നടിയുടെ പരാതിയിൽ പൾസർ സുനിയടക്കമുള്ള പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തി നടൻ ദിലീപിനെയും അറസ്റ്റ് ചെയ്തു. കേസിൽ ദിലീപ് എട്ടാം പ്രതിയാണ്.

Leave a Reply

Your email address will not be published.