മുംബൈ : അശ്ലീല ചിത്രനിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ ജഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന രാജ് കുന്ദ്രയ്ക്കെതിരെ ലൈംഗിക പീഡന ആരോപണവുമായി മോഡലും നടിയുമായ ഷെർലിൻ ചോപ്ര രംഗത്ത്.

രാജ് കുന്ദ തന്നെ നിർബന്ധപൂർവ്വം ചുംബിച്ചതായാണ് താരം തൻറെ പരാതിയിൽ പറയുന്നത്. അശ്ലീല ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ മൊഴി നൽകാനായി നടി ഷെർലിൻ ചോപ്ര മുംബൈ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായിരുന്നതായാണ് വിവരം.
2021 ഏപ്രിലിൽ രാജ് കുന്ദ്രയ്ക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയിരുന്നതായി നടി ഷെർലിൻ ചോപ്ര പറഞ്ഞു.

തൻറെ എതിർപ്പ് അവഗണിച്ച് രാജ് കുന്ദ്ര തന്നെ ചുംബിക്കുകയായിരുന്നുവെന്ന് ഷെർലിൻ ചോപ്ര പറഞ്ഞു. വിവാഹിതനായ ഒരു പുരുഷനുമായി “അത്തരമൊരു” ബന്ധം പുലർത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് അവകാശപ്പെട്ട ഷെർലിൻ ഇക്കാര്യം അയാളോട് തുറന്നു പറഞ്ഞതായും അറിയിച്ചു. എന്നാൽ, രാജ് നൽകിയ പ്രതികരണം മറിച്ചായിരുന്നു. ശില്പ ഷെട്ടിയുമായുള്ള തൻറെ വിവാഹ ബന്ധം ഉലച്ചിൽ നേരിടുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് താൻ ഏറെ പിരിമുറുക്കത്തിലാണ് എന്നും രാജ് കുന്ദ്ര പറഞ്ഞതായി ഷെർലിൻ ചോപ്ര വെളിപ്പെടുത്തി. ഒരുവിധം രാജ് കുന്ദ്രയെ തള്ളിമാറ്റി മുറിയിൽ നിന്നും രക്ഷപെടുകയായിരുന്നുവെന്നും ഷെർലിൻ പറഞ്ഞു.

രാജ് കുന്ദ്രയുടെ നീല ചിത്ര ബിസിനസ് കഥകൾ പുറത്തായതോടെ ഹോട്ട്ഷോട്ട് ആപ്പിനെതിരെ നിരവധി നടിമാരാണ് ഇതിനോടകം ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയത്. അതേസമയം, അശ്ലീല ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ മുംബൈ പോലീസ് അന്വേഷണം തുടരുകയാണ്. കുന്ദ്രയുടെ അന്ധേരിയിലെ വീട്ടിൽ നടത്തിയ തിരച്ചിലിൽ നിരവധി തെളിവുകൾ ലഭിച്ചു. രാജ് കുന്ദ്രയുടെ ഓഫിസിൽനിന്ന് 120 നീല ചിത്രങ്ങളാണ് പോലീസ് കണ്ടെടുത്തത്. തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമം നടന്നതായും പോലീസ് പറയുന്നു.