രാത്രി പെൺകുട്ടികളെ വീടുവിട്ട് പുറത്തുപോകാൻ അനുവദിക്കരുത്, കുട്ടികൾക്ക് അനുസരണയില്ലാത്തതിന്‌ പോലീസിനും സർക്കാരിനും മുകളിൽ ഉത്തരവാദിത്തം ചാർത്താനാകില്ല;വിവാദ പരാമർശം നടത്തി ഗോവ മുഖ്യമന്ത്രി

പനാജി: കഴിഞ്ഞയാഴ്ച ഗോവയിലെ ബെനോലിം ബീച്ചിൽ 14 വയസുള്ള രണ്ട് പെൺകുട്ടികൾ ബലാത്സംഗം ചെയ്യപ്പെട്ട സംഭവം സംസ്ഥാനത്ത് വൻ പ്രതിഷേധത്തിന് വഴി തെളിച്ചിരിയ്ക്കുകയാണ്.

എന്നാൽ, സംഭവത്തിൽ പെൺകുട്ടികളുടെ കുടുംബത്തിനെതിരെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നടത്തിയ പരാമർശം കൂടുതൽ, വിവാദമായിരിയ്ക്കുകയാണ്. രാത്രിയിൽ എന്തിനാണ് പെൺകുട്ടികളെ ആൺകുട്ടികൾക്കൊപ്പം പുറത്തേക്ക് വിട്ടതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. കുട്ടികളുടെ സുരക്ഷ സംബന്ധിച്ച്‌ മാതാപിതാക്കൾക്ക് ഉത്തരവാദിത്വം ഉണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.മുഖ്യമന്ത്രിയുടെ പരാമർശങ്ങൾക്കെതിരെ അതിരൂക്ഷമായ വിമർശനമാണ് ഉയരുന്നത് . 

കഴിഞ്ഞയാഴ്ച ഗോവയിലെ ബെനോലിം ബീച്ചിൽവെച്ച്‌ രണ്ടുപെൺകുട്ടികളെ നാലു പുരുഷന്മാർ ചേർന്ന് ബലാത്സംഗം ചെയ്തിരുന്നു.

പെൺകുട്ടികൾക്കൊപ്പമുണ്ടായിരുന്ന ആൺകുട്ടികളെ മർദിച്ച്‌ അവശരാക്കിയതിനു ശേഷമായിരുന്നു പെൺകുട്ടികളെ സംഘം ആക്രമിച്ചത് . മർദനമേറ്റ ആൺകുട്ടികളും പ്രായപൂർത്തിയാകാത്തവർ ആയിരുന്നു. അക്രമികളിൽ ഒരാൾ സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. പോലീസ് ഉദ്യോഗസ്ഥർ ചമഞ്ഞായിരുന്നു സംഘം കുട്ടികളെ ഉപദ്രവിച്ചത്. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംസ്ഥാന തലസ്ഥാനമായ പനാജിയിൽനിന്ന് മുപ്പതു കിലോമീറ്റർ അകലെയാണ് ബെനോലിം ബീച്ച്‌.

സംഭവത്തിൽ കുട്ടികളെയും മാതാപിതാക്കളെയും കുറ്റപ്പെടുത്തി സർക്കാരും പോലീസും കൈ കഴുകുന്നതുമായ നിലപാടാണ് മുഖ്യമന്ത്രി എടുത്തതെതെന്നാണ് വിമർശനം. രാത്രിയിൽ പുറത്തുപോകാൻ കുട്ടികളെ അനുവദിച്ചതിന് അവരുടെ മാതാപിതാക്കളെ കുറ്റപ്പെടുത്തുന്ന പരാമർശമായിരുന്നു ഇന്നലെ സാവന്ത് നിയമസഭയിൽ നടത്തിയത്. 14 വയസ്സുള്ള കുട്ടികൾ രാത്രി മുഴുവൻ ബീച്ചിൽ തങ്ങുമ്ബോൾ, മാതാപിതാക്കൾ അന്വേഷിക്കേണ്ടതുണ്ട്. കുട്ടികൾക്ക് അനുസരണയില്ലാത്തതിന്‌ പോലീസിനും സർക്കാരിനും മുകളിൽ ഉത്തരവാദിത്തം ചാർത്താനാകില്ല- ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന സാവന്ത് പറഞ്ഞു.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം മാതാപിതാക്കൾക്കാണെന്ന് സാവന്ത് പറഞ്ഞു. രാത്രി പെൺകുട്ടികളെ വീടുവിട്ട് പുറത്തുപോകാൻ അനുവദിക്കരുത്, പ്രത്യേകിച്ച്‌ അവർ പ്രായപൂർത്തി ആകാത്തവരാണെങ്കിൽ- സാവന്ത് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.