ജീൻസ് ധരിച്ചു,17കാരിയെ മുത്തച്ഛനും അമ്മാവനും ചേർന്ന് തല്ലിക്കൊന്നു

ലഖ്നോ : ജീൻസ് പാൻറ് ധരിച്ചതിന് 17 കാരിയെ ബന്ധുക്കൾ ചേർന്ന് കൊലപ്പെടുത്തി . യു.പിയിലെ ദിയോറിയ ജില്ലയിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഞെട്ടിക്കുന്ന ക്രൂരമായ സംഭവം നടന്നത് . മുത്തച്ഛനും അമ്മാവനും ചേർന്ന് ജീൻസ് പാൻറ് ധരിച്ചതിന് പെൺകുട്ടിയെ തല്ലി കൊല്ലുകയായിരുന്നു എന്ന് പോലീസ് പറയുന്നു .

നേഹ പാസ്വാൻ എന്ന പതിനേഴ് വയസ്സുള്ള പെൺകുട്ടിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. പെൺകുട്ടി പഞ്ചാബിലെ ലുധിയാനയിൽ തൻറെ പിതാവിനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത് . അടുത്തിടെയാണ് തിരികെ തൻറെ ഗ്രാമത്തിലേക്ക് പെൺകുട്ടി വന്നത്. പെൺകുട്ടി ജീൻസും ടോപ്പും ധരിക്കുന്നത് ബന്ധുക്കൾക്ക് ഇഷ്ടമായിരുന്നില്ല. പെൺകുട്ടിയുടെ മുത്തച്ഛനും അമ്മാവനും ഉൾപ്പെടെ ഉള്ളവർ ജീൻസ് ധരിക്കരുതെന്ന് പെൺകുട്ടിയെ പലതവണ ഭീഷണിപ്പെടുത്തിയിരുന്നു.

ജീൻസ് മോശം വസ്ത്രമാണെന്നും പരമ്ബരാഗത വസ്ത്രം മാത്രം ധരിച്ചുവേണം പുറത്തിറങ്ങാനെന്നുമായിരുന്നു ബന്ധുക്കളുടെ നിലപാട്. എന്നാൽ, പെൺകുട്ടി ഇത് അനുസരിക്കാൻ തയാറായില്ല.

ഇനി ജീൻസ് ധരിച്ച്‌ കണ്ടുപോകരുതെന്ന് കഴിഞ്ഞ തിങ്കളാഴ്ച മുത്തച്ഛനും അമ്മാവനും പെൺകുട്ടിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു . എന്നാൽ വ്യാഴാഴ്ച പെൺകുട്ടി വീണ്ടും ജീൻസ് ധരിക്കുകയായിരുന്നു. തുടർന്ന് ഇതിൽ ക്ഷുപിതരായ പെൺകുട്ടിയുടെ മുത്തച്ഛനും അമ്മാവനും ചേർന്ന് പെൺകുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നു .

മർദ്ദനത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ പെൺകുട്ടി മരണപ്പെട്ടു . ഇതോടെ പെൺകുട്ടിയുടെ മൃതദേഹം ഉപേക്ഷിക്കാൻ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു. മുത്തച്ഛനും ഒരു ഓട്ടോ ഡ്രൈവറും ചേർന്ന് പാലത്തിൽ നിന്ന് മൃതദേഹം നദിയിലേക്ക് എറിയാനുള്ള ശ്രമത്തിനിടെ പൊലീസ് സ്ഥലത്തെത്തി .തുടർന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു . അമ്മാവനെയും മറ്റൊരു ബന്ധുവിനെയും കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബന്ധുക്കളായ മറ്റ് പ്രതികൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട് .

Leave a Reply

Your email address will not be published.