കുമളിയിൽ ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയ യുവതിയെ ഭർത്താവും അമ്മയും ചേർന്ന് കൊലപ്പെടുത്തി ശ്മശാനത്തിലെത്തിച്ച്‌ കത്തിച്ചു.

കുമളി: ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയ യുവതിയെ അമ്മയുടെ സഹോദരനും യുവതിയുടെ ഭർത്താവുമായ യുവാവും അമ്മയും ചേർന്ന് കൊലപ്പെടുത്തി. രായപ്പൻപെട്ടി കാളിയമ്മൻ തെരുവിൽ കല്യാൺ കുമാറിൻ്റെ ഭാര്യ രഞ്ജിതയാണ് (30) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കല്യാൺ കുമാർ (32), രഞ്ജിതയുടെ അമ്മ കവിത (50), ബന്ധു ആനന്ദകുമാർ (35) എന്നിവരെ ഉത്തമ പാളയം ഡിവൈ എസ് പി ഉമാദേവി, ഇൻസ്‌പെക്ടർ മായൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

കാമുകനൊപ്പം ചെന്നൈക്ക് മുങ്ങിയ രഞ്ജിതയെ തിരികെ കൊണ്ടുവന്നാണ് യുവതിയുടെ ഭർത്താവും അമ്മയും ചേർന്ന് കൊലപ്പെടുത്തിയത്. തേനി ജില്ലയിലെ ഉത്തമ പാളയം രായപ്പൻപ്പെട്ടിയിലാണ് സംഭവം നടന്നത് . യുവതിയുടെ അമ്മ കവിതയുടെ സഹായത്തോടെ ഭർത്താവ് കല്യാൺ കുമാർ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

കെട്ടിട നിർമാണ തൊഴിലാളിയായ കല്യാൺ കുമാർ സഹോദരി പുത്രിയായ രഞ്ജിതയെ ഒൻമ്പത് വർഷം മുൻപാണ് വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ ഇവർക്ക് എട്ട് വയസ്സുള്ള മകളുണ്ട്. ഇതിനിടെ രഞ്ജിത ചെന്നൈയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിയുള്ള വിവാഹിതനായ യുവാവുമൊത്ത് സൗഹൃദത്തിലായി. അതോടെ ഭർത്താവുമായുള്ള ബന്ധത്തിൽ പ്രശ്‌നങ്ങൾ തുടങ്ങി. രഹസ്യബന്ധത്തിൻ്റെ പേരിൽ വഴക്കായതോടെ ആഴ്ചകൾക്ക് മുൻപ് രഞ്ജിതയെ കാണാതായി. വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് രഞ്ജിതയെ ചെന്നൈയിൽനിന്ന് കണ്ടെത്തി വീട്ടുകാരുടെ കൂടെവിട്ടു .

യുവതി തിരിച്ച്‌ എത്തിയതോടെ കല്യാൺ കുമാർ സഹോദരിയും രഞ്ജിതയുടെ അമ്മയുമായ കവിതയുമായി കൂടിയാലോചിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. രഞ്ജിതയെ ഭർത്താവ് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുമ്പോൾ മകളുടെ കാലിൽ അമർത്തി പിടിച്ചതായി അമ്മ പൊലീസിനോട് സമ്മതിച്ചു. തുടർന്ന് രഞ്ജിത ആത്മഹത്യ ചെയ്തതായി നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞ ശേഷം ആനന്ദകുമാറിൻ്റെ സഹായത്തോടെ ശ്മശാനത്തിലെത്തിച്ച്‌ കത്തിച്ചു.

എന്നാൽ സംശയം തോന്നി ചിലർ അറിയിച്ചതോടെ പൊലീസ് എത്തി പാതി കത്തിക്കരിഞ്ഞ മൃതദേഹം പോസ്റ്റ്‌മോർടെത്തിനായി തേനി മെഡികൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർടെത്തിലാണ് സാധാരണ മരണമല്ലെന്നും കൊലപാതകമാണെന്നും കണ്ടെത്തിയത്.

Leave a Reply

Your email address will not be published.