ഭർത്താവിൻറെ പ്രൊഫൈൽ ഗേ ഡേറ്റിങ് ആപ്പിൽ; വിവാഹമോചനം തേടി യുവതി കോടതിയി

ബെംഗളുരു : ഭർത്താവിൻ്റെ പ്രൊഫൈൽ ഗേ ഡേറ്റിങ് ആപ്പിൽ. വിവാഹ മോചനം തേടി കോടതിയെ സമീപിച്ചു. ബെംഗളൂരുവിലെ ടെക്കിയായ 28കാരിയാണ് ഭർത്താവിൽനിന്ന് ബന്ധം വേർപെടുത്തണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. വിമൺസ് ഹെൽപ്പ് ലൈനിലും ഇവർ പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയിൽ ബസവനഗുഡി പൊലീസ് അന്വേഷണം ആരംഭിക്കുകയും, പിന്നീട് ദമ്ബതികളെ കൗൺസിലിംഗിന് വിധേയമാക്കുകയും ചെയ്തു. എന്നാൽ യുവതി വിവാഹമോചനം വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ്.

ഒരു സോഫ്റ്റ്-വയർ  സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി 2018 ജൂണിലാണ് 31 കാരനെ വിവാഹം കഴിച്ചത്. ഇത് യുവാവിൻ്റെ രണ്ടാമത്തെ വിവാഹമായിരുന്നു. എന്നാൽ തൻ്റെ ഭർത്താവ് തൻ്റെ ലൈംഗിക ആഭിമുഖ്യം സംബന്ധിച്ച വിവരങ്ങൾ മറച്ചുവെക്കുകയും തന്നെ വഞ്ചിക്കുകയും ചെയ്തുവെന്ന് യുവതി പരാതിയിലൂടെ ആരോപിച്ചു. ബെംഗളൂരുവിലെ പ്രശസ്ത ബാങ്കിലെ ഉദ്യോഗസ്ഥനാണ് യുവതിയുടെ ഭർത്താവ്. വിവാഹശേഷം ആദ്യ രാത്രി മുതൽ യുവതിയിൽ നിന്ന് അകലം പാലിക്കാൻ ഇയാൾ ശ്രമിച്ചിരുന്നതായാണ് കൗൺസിലിംഗിൽ മനസിലായത്. ഇതേക്കുറിച്ച്‌ ഭാര്യ ചോദ്യം ചെയ്തപ്പോഴൊക്കെ, യുവാവിൻ്റെ മറുപടി ഇങ്ങനെയായിരുന്നു, ആദ്യ ഭാര്യ തന്നെ വഞ്ചിച്ചെന്നും, ആ ഞെട്ടലിൽ നിന്ന് ഇനിയും കരകയറിയിട്ടില്ലെന്നും, അതിനാൽ ശാരിരകബന്ധത്തിന് താൽപര്യമില്ലെന്നുമായിരുന്നു.

എന്നാൽ പിന്നീട് യുവാവും ഭാര്യയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകാൻ തുടങ്ങി. ഇതിനിടെ സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കവും യുവാവ് മനപൂർവ്വം എടുത്തിട്ടു. കൂടുതൽ പണം സ്ത്രീധനമായി നൽകിയാൽ മാത്രമെ, ഭാര്യഭർത്താക്കൻമാരായി മുന്നോട്ടുപോകാൻ കഴിയുവെന്നും ഇയാൾ പറഞ്ഞു. ആദ്യത്തെ ലോക്ക്ഡൌൺ സമയത്ത്, ഭർത്താവ് എല്ലായിപ്പോഴും മൊബൈൽ ഫോണിൽ ചാറ്റ് ചെയ്യുന്നത് യുവതി നിരീക്ഷിച്ചു. ലോക്ക്ഡൌൺ സമയത്ത് കൂടുതൽ സമയത്തും വീട്ടിൽ തന്നെ നിന്നതോടെ ഭർത്താവ് കൂടുതൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നതായി യുവതി പറയുന്നു.

രണ്ടാമത്തെ ലോക്ക്ഡൌൺ സമയത്ത്, കൂടുതൽ സംശയം തോന്നിയതിന് ശേഷം യുവതി ഭർത്താവിൻ്റെ ഫോൺ പരിശോധിക്കാൻ തുടങ്ങി. തൻ്റെ ഭർത്താവിൻ്റെ പ്രൊഫൈൽ സ്വവർഗ്ഗാനുരാഗ ഡേറ്റിംഗ് അപ്ലിക്കേഷനുകളിൽ നിന്ന് യുവതി കണ്ടെത്തി. ഒന്നിലധികം പങ്കാളികളുമായി നിരന്തരം ചാറ്റുചെയ്യാറുണ്ടെന്നും യുവതിയുടെ പരിശോധനയിൽ വ്യക്തമായി. തുടർന്ന് ഭർത്താവിനെതിരെ യുവതി വിമൺസ് ഹെൽപ്പ്ലൈനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് സിറ്റിങ്ങിൽ യുവതിയുടെ ഭർത്താവ് ഹാജരായിരുന്നു. പ്രാരംഭ ഘട്ടത്തിൽ തൻ്റെ ലൈംഗിക ആഭിമുഖ്യം സമ്മതിക്കാൻ അദ്ദേഹം തയ്യാറായില്ല. എന്നാൽ ഡേറ്റിംഗ് ആപ്ലിക്കേഷനുകളിൽ തൻ്റെ പ്രൊഫൈൽ ഉണ്ടെന്ന കാര്യം യുവാവ് സമ്മതിച്ചു. ഇതേത്തുടർന്നാണ് യുവതി വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. കേസ് അടുത്ത മാസം പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി

Leave a Reply

Your email address will not be published.