തൃക്കാക്കരയിൽ തെരുവ് നായകളെ കൊന്ന് തള്ളിയ സംഭവം; പ്രതികൾ അറസ്റ്റിൽ

കൊച്ചി: തൃക്കാക്കരയിൽ തെരുവ് നായകളെ കൊന്ന് തള്ളിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. കേസിലെ പ്രധാന പ്രതികളായ പ്രബീഷ്, രഞ്ജിത്ത്, രഘു എന്നിവർ പോലീസിന് മുന്നിൽ ഹാജരാവുകയായിരുന്നു. തൃക്കാക്കരയിൽ തെരുവു നായ്ക്കളെ കൊന്ന് തള്ളിയ സംഭവത്തിൽ പ്രധാന പ്രതികളെന്ന് പോലീസ് പറഞ്ഞ മൂന്നുപേരാണ് ഇന്ന് ഇൻഫോപാർക്ക് പൊലീസ് ഹാജരായത്. കോഴിക്കോട് മാറാട് സ്വദേശികളായ പ്രബീഷ് രഞ്ജിത്ത്, രഘു എന്നിവർ ഇന്ന് ഉച്ചയോടെ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

നായ്ക്കളെ കൊന്നത് നഗരസഭാ നിർദ്ദേശം നൽകിയിട്ടാണ് എന്നു പ്രതികൾ മൊഴി നൽകിയതായാണ് വിവരം. ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഇവരിൽ നിന്ന് മൊഴിയെടുക്കും. നായ്ക്കളെ കൊന്നുതള്ളിയ സംഭവത്തിൽ തൃക്കാക്കര നഗരസഭ അക്ഷരാർത്ഥത്തിൽ പ്രതിക്കൂട്ടിൽ ആയിരിക്കുകയാണ്. നഗരസഭാ ചെയർമാൻ രാജിവെക്കണമെന്നും ചെയർമാനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായ സമരം സംഘടിപ്പിക്കുന്നുണ്ട്. ഇതിനിടയിൽ പ്രതികളുടെ അറസ്റ്റ് നഗരസഭയെ കൂടുതൽ വെട്ടിലാക്കും. എന്തിനാണ് നായ്ക്കളെ കൊന്നുതള്ളിയത് എന്നതിന് വ്യക്തമായ ഉത്തരം പ്രതികൾ ഇപ്പോഴും നൽകിയിട്ടില്ല. ഇവരെ വിശദമായി ചോദ്യം ചെയ്യാൻ തന്നെയാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. നായ്ക്കളെ കൊന്നു തള്ളാൻ നഗരസഭ നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതിയും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. 30 നായകളുടെ ജഡം നഗരസഭാ യാർഡിൽ നിന്ന് കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു..

നഗരസഭാ പരിധിയിലുള്ള ഈച്ചമുക്ക് പ്രദേശത്ത് തെരുവു നായ്ക്കളെ കുരുക്കിട്ടു പിടിച്ചു കൊന്നതിനെതിരെ മൃഗസ്നേഹികളുടെ സംഘടനയും രംഗത്ത് വന്നിരുന്നു. ഇതിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെ ഇറച്ചിക്കു വേണ്ടിയാണ് നായയെ പിടികൂടിയത് എന്ന സംശയം ഉയർന്നിരുന്നു. നാട്ടുകാർ ഇക്കാര്യം മൃഗസ്നേഹികളുടെ സംഘടനെ അറിയിച്ചതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ നഗരസഭയുടെ നിർദേശത്തെ തുടർന്നാണ് തെരുവു നായവേട്ടയെന്ന് വ്യക്തമായി. തുടർന്ന് ഇൻഫോപാർക്ക് പൊലീസിൽ നൽകിയ പരാതിയിലാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.

നഗരസഭയുടെ തന്നെ കെട്ടിടത്തിൽ താമസിപ്പിച്ചിരുന്ന തമിഴ്നാട് സ്വദേശികളെ ഇതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥർ തന്നെ നിയോഗിച്ചതാണെന്നാണ് ഇവർ നൽകിയ മൊഴി. നഗരസഭാ പരിധിയിലുള്ള വാർഡുകൾ തിരിച്ചുള്ള വിവരങ്ങളും ഇവരിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. നായയെ കൊല്ലുന്നതിനുള്ള വിഷവും സിറിഞ്ചുമെല്ലാം ഇവരിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. ഒരു നായയ്ക്ക് 500 രൂപ വീതം വാഗ്ദാനം ചെയ്താണ് നിയോഗിച്ചിരുന്നതെന്നും ഇവർ പറയുന്നു. എന്നാൽ നായകളെ കൊല്ലാൻ നിർദേശം നൽകിയിട്ടില്ലെന്നാണ് നഗരസഭാ ചെയർപേഴ്സൺ പറയുന്നു.

വളരെ പ്രാകൃതമായി കുരുക്കിട്ട് പിടികൂടുന്ന നായ്ക്കളെ ഉഗ്രവിഷം കുത്തിവച്ചാണ് കൊല്ലുന്നത്. സൂചി കുത്തിവച്ച്‌ ഊരിയെടുക്കും മുൻപ് നായ കുഴഞ്ഞു വീണു ചാകുന്നത്ര വിഷമാണ് ഉപയോഗിക്കുന്നത്. നായ്ക്കളെയൊ മൃഗങ്ങളെയൊ മുറിവേൽപിക്കുകയൊ കൊലപ്പെടുത്തുകയൊ ചെയ്യുന്നത് ഇന്ത്യൻ ശിക്ഷാ നിയമം 248, 249 പ്രകാരം മൂന്നു വർഷം വരെ തടവു കിട്ടാവുന്ന ശിക്ഷയാണ്.

Leave a Reply

Your email address will not be published.