90കളിലെ മലയാളത്തിൻ്റെ സൂപ്പര്‍ ഹിറ്റ് തിരക്കഥാകൃത്ത് ഡെന്നിസ് ജോസ്സഫിൻ്റെ രചനാമികവില്‍ 1987 ല്‍ ജോഷി സംവിധാനം നിര്‍വഹിച്ച് ജൂബിലി പിക്ചേര്‍സ് പുറത്തിറക്കിയ ചിത്രമായിരുന്നു ന്യൂ ഡെല്‍ഹി. തന്റെ കരിയറിലെ നിരവധി തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം ബോക്സോഫ്ഫീസ്സില് പണക്കിലുക്കം സൃഷ്ടിച്ച ഈ സിനിമ മമ്മൂട്ടിയുടെ ശക്തമായ തിരിച്ചുവരവിന് കളമൊരുക്കിയ ചിത്രം എന്ന നിലയില്‍ ചരിത്രത്തിന്റെ ഭാഗമാണ്. അഴിമതിയില്‍ മുങ്ങി നിന്ന അധികാര മേലാളന്മാരുടെ രാഷ്ട്രീയ കുതിരക്കച്ചവടത്തില്‍ പെട്ട് ഒടുവില്‍ ശരീരികവും മനസ്സികവുമായി തളര്‍ന്ന് ജീവിത നഷ്ടങ്ങള്‍ സംഭവിച്ച് തടവിലാക്കപ്പെട്ട ഇന്ദ്രപ്രസ്ഥത്തിലെ പത്രപ്രവര്‍ത്തകനായ കൃഷ്ണ മൂര്‍ത്തിയെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

അന്നത്തെ കാലത്ത് 2.5 കോടിയോളം രൂപയാണ് ചിത്രം ബോക്സോഫീസില്‍ നിന്നും വാരിക്കൂട്ടിയത്. മമ്മൂട്ടിക്കൊപ്പം ത്യാഗരാജന്, സുമലത, സുരേഷ് ഗോപി, ഉര്‍വ്വശി തുടങ്ങി വന്‍ താരനിര തന്നെ അണിനിരന്നു. അതേസമയം ഈ ചിത്രത്തെക്കുറിച്ച് അധികം ആര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍ മലയാളം മൂവി ആന്‍ഡ് മ്യൂസിക്ക് ഡാറ്റാബെയ്സ് എന്ന ഗ്രൂപ്പില്‍ ഷംസു എം ഷംസു എന്നയാള്‍ കുറിക്കുകയുണ്ടായി.
ഹിന്ദിയില്‍ ജിതേന്ദ്രയും തെലുങ്കില്‍ കൃഷ്ണം രാജുവും കന്നഡയില്‍ അംബരീഷുമാണ് മമ്മൂട്ടി ചെയ്ത നായക വേഷം ചെയ്തത്. ഈ നാല് ഭാഷയിലും ജോഷി തന്നെ സംവിധാനം നിര്‍വഹിച്ച് പശ്ചാത്തല സംഗീതം ശ്യാമും ഛായാഗ്രാഹണം ജയനന്‍ വിന്‍സെന്റുമാണ് ചെയ്തിരിക്കുന്നത്. മലയാളത്തിന് പുറമെ എല്ലാ റീമേകുകളിലും സുരേഷ് ഗോപി, ത്യാഗരാജന്, സുമതല, ഉര്‍വ്വശി, സിദ്ദിഖ്, വിജയരാഘവന്, മോഹന്‍ജോസ് എന്നിവര്‍ തങ്ങളുടെ തന്നെ വേഷങ്ങള്‍ ചെയ്യുകയുണ്ടായി. തെലുങ്കിലൊഴികെ മറ്റ് മൂന്ന് ഭാഷകളിലും ന്യൂഡല്‍ഹി എന്ന പേര് തന്നെ ആവര്‍ത്തിച്ചു.
ഡബ്ബ് ചെയ്യാതെ ഒരു മലയാള ചിത്രം തമിഴ്നാട്ടില്‍ 2 സെൻ്റെറില്‍ 100 ദിവസം തികച്ച് ഓടിയത് ന്യൂഡല്‍ഹി ആണ്. പിന്നീട് തമിഴില്‍ ത്യാഗരാജനെ നായകനാക്കി ന്യൂഡല്‍ഹിയിലെ കഥാപാത്രം സേലം വിഷ്ണു എന്ന പേരില്‍ മറ്റൊരു ചിത്രവും പുറത്തിറങ്ങി. സ്റ്റൈല്‍ മന്നന് രജനീകാന്ത് റീമേക്ക് ചെയ്യണമെന്ന് ഏറെ ആഗ്രഹിച്ചതും , മണിര്തനം ഷോലെയ്ക്ക് ശേഷം താന്‍ കണ്ട എറ്റവും മികച്ച തിരക്കഥ എന്ന് വിശേഷിപ്പിച്ചതും, സത്യജിത് റായ് ന്യൂഡല്‍ഹി കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചതുമൊക്കെ അന്ന് വലിയ വാര്‍ത്ത ആയിരുന്നു. ഷംസു എം ഷംസുവിന്റെ ന്യൂ ഡല്‍ഹിയെക്കുറിച്ചുള്ള ഈ വിവരങ്ങള്‍ എവരിലും കൌതുകം ഉണര്‍ത്തുന്നതാണ്.