സിനിമാ പ്രേക്ഷകരെ ഭീതിയിലാഴ്ത്തിയ ഹോളീവുഡ് ചിത്രമാണ് ‘ദി കണ്‍ജറിംഗ് ‘. ഈ സീരീസ് കണ്ട് പേടിച്ച് വിറച്ച പലരും കരുതുന്നത് ഇതൊരു സാങ്കല്‍പ്പിക കഥയാണെന്നാണ്. എന്നാല്‍ കണ്‍ജറിംഗ് സീരീസിലെ സംഭവങ്ങള്‍ ഒക്കെയും നടന്ന വീട്ടില്‍ താമസിക്കേണ്ടി വന്ന മാഡിസണ്‍ ഹൈന്‍സന്‍ എന്ന യുവതി പങ്കുവച്ചിരിക്കുന്നത് തീര്‍ത്തൂം വിചിത്രമായ അനുഭവമാണ്. മാഡിസണും കുടുംബവും താമസിക്കുന്നത് കണ്‍ജറിംഗിലെ കഥയ്ക്ക് കാരണമായ സംഭവങ്ങള്‍ നടന്ന അതേ വീട്ടിലാണ്.

പാരാനോര്‍മല്‍ ആക്ടിവിറ്റികളെ കുറിച്ച് പഠനം നടത്തുന്ന മാഡിസണിൻ്റെ മാതാപിതാക്കളായ കോറിയും ജനിഫറും 2019-ല്‍ ഇത്തരം ആക്ടിവിറ്റികള്‍ക്ക് പേരുകേട്ട റോഡ് ഐലന്‍ഡിലെ ഹാരിസ്വില്ലയിലെ ഓള്‍ഡ് ആര്‍നോള്‍ഡ് എസ്റ്റേറ്റ് സ്വന്തമാക്കുകയുണ്ടായി. ഇവിടെയുള്ള ഫാംഹൗസില്‍ പ്രേതശല്ല്യമുണ്ടെന്ന് പതിറ്റാണ്ടുകള്‍ക്ക് മുൻപ് തന്നെ കണ്ടെത്തിയിരുന്നു. ഇവിടുത്തെ മുന്‍ താമസ്സക്കാരായ പെറോണ്‍ കുടുംബത്തിനുണ്ടായ അനുഭവങ്ങളാണ് കണ്‍ജറിംഗ് എന്ന സിനിമയായി അവതരിപ്പിച്ചത്.
ഈ വീട്ടില്‍ തമസ്സിക്കവേ പെറോണ്‍ കുടുംബം വളരെ ഭീതിജനകമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോയത്. കിടക്കകള്‍ തനിയെ അനങ്ങുന്നതും അഴുകിയ മാംസത്തിൻ്റെ ഗന്ധം പരക്കുന്നതും ചൂല് ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് നീങ്ങുന്നതും, പൊടികള്‍ തറയില്‍ കൂനയായി നിറയുന്നതുമെല്ലാം ഈ വീട്ടിലെ സ്ഥിരം സംഭവങ്ങളായിരുന്നു. ഈ വീട്ടില്‍ താമസ്സം തുടങ്ങിയതിനു ശേഷം തങ്ങള്‍ക്കും സമാനമായ അനുഭവങ്ങള്‍ ഉണ്ടായതായി മാഡിസണ്‍ പറയുന്നു. വാതിലുകളും മറ്റും തനിയെ തുറന്ന് അടയുകയും വാതിലില്‍ ഉച്ചത്തില്‍ മുട്ടുന്നതിൻ്റെയുമൊക്കെ ശബ്ദം കേള്‍ക്കാറുണ്ട്. ഒരിക്കല്‍ ഭക്ഷണം കഴിക്കുന്നതിനിടെ ശിരോവസ്ത്രവും വിടര്‍ന്ന പാവാടയും ധരിച്ച ഒരു രൂപം നടന്നു നീങ്ങുന്നതും മാഡിസണ്‍ നേരിട്ട് കണ്ടിട്ടുണ്ട്.
ഇതേക്കുറിച്ച് രക്ഷിതാക്കളുമായി സംസാരിച്ചപ്പോള്‍ വിവാഹവസ്ത്രം ധരിച്ച ആത്മാവിൻ്റെ രൂപം പലരും ഇവിടെ കാണാറുള്ളതായി അറിഞ്ഞിരുന്നു. ഈ ഫാംഹൗസ് മൂന്നു കോടി രൂപയ്ക്കാണ് കുടുംബം സ്വന്തമാക്കിയത്. എട്ടര ഏക്കര്‍ എസ്റ്റേറ്റിന് നടുവിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പാരാനോര്‍മല്‍ ആക്റ്റിവിറ്റികള്‍ ഇവിടെ പതിവാണെങ്കിലും ആര്‍ക്കും ഇതുവരെ ഒരു ആപത്തും സംഭവിച്ചിട്ടില്ലന്നും അവര്‍ പറയുന്നു.