പീസക്കു വേണ്ടി ജയില്‍ വാര്ഡന്മാരെ 9 മണിക്കൂറോളം തടവുപുള്ളികള്‍ ബന്ദിയാക്കി. ഏറെ സുരക്ഷയുള്ള സ്വീഡനിലെ എസ്കില്‍സ്റ്റുന ജയിലിലാണ് സംഭവം നടന്നത്. രണ്ട് ജയില്‍ വാര്ഡന്മാരെയാണ് അപകടകാരികളായ രണ്ട് തടവുപുള്ളികള്‍ ചേര്‍ന്ന് ബന്ദിയാക്കിയത്. 24 വയസുള്ള ഹനീദ് മുഹമ്മദ് അബ്ദുള്ളാഹി, 30 വയസുള്ള ഇസാക്ക് ഡേവിറ്റ് എന്നിവരായിരുന്നു ഇതിന് പിന്നില്‍. തടവുപുള്ളികള്‍ക്ക് പീസ എത്തിച്ചു നല്‍കിയതോടെയാണ് ഇവര്‍ ജയില്‍ വാര്ഡന്മാരെ മോചിപ്പിച്ചത്. ജയിലിലെ വാര്ഡന്മാര്ക്ക് യാതൊരു വിധ പരിക്കുകളും പറ്റിയിട്ടില്ല എന്നും ഈ സംഭവം അവരില്‍ ഉണ്ടാക്കിയ മാനസിക ആഘാതം ഇല്ലാതാകാന്‍ വേണ്ടി ഇവര്‍ക്ക് ഇപ്പോള്‍ ലീവ് അനുവദിച്ചിരിക്കുകയാണ് എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ബുധനാഴ്ച്ച ഉച്ചയോടെയാണ് സംഭവം നടക്കുന്നത്. ജയില്‍ ഗാര്‍ഡുമാര്‍ ഉള്ള സ്ഥലത്തേക്ക് തടവുപുള്ളികള്‍ എത്തി. എന്നാല്‍ ഇതേ സമയം രണ്ടു ഗാര്‍ഡുമാര്‍ മാത്രമാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. ഈ തടവ് പുള്ളികള്‍ ഷേവിംഗ് ബ്ലേഡ് കയ്യില്‍ കരുതിയിട്ടുണ്ടായിരുന്നു. വാര്ഡന്മാരെ ഇവര്‍ താമസിക്കുന്ന ജയിലിനകത്തേക്ക് കൊണ്ടുവന്നതിന് ശേഷം അതിനകത്ത് നിന്ന് പൂട്ടുകയായിരുന്നു.

ഈ വിവരം വളരെ വേഗം തന്നെ ജയില്‍ മുഴുവന്‍ അറിയുകയും ചെയ്തു. ജയില്‍ ഉദ്യോഗസ്ഥര്‍ പൊലീസിനെയും വിവരം അറിയിച്ചു. തടവ് പുള്ളികളെ അനുനയിപ്പിക്കാന്‍ ഒരു മധ്യസ്ഥനെയും അധികൃതര്‍ ചുമതലപ്പെടുത്തി. എന്നാല്‍ ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു ഹെലികോപ്ടറും എല്ലാ തടവുപുള്ളികള്‍ക്കും പീസയും നല്കിയാല് വാര്ഡന്മാരെ മോചിപ്പിക്കാം എന്നായിരുന്നു ഇവര്‍ ആദ്യം വച്ച ഉപാധി. ഹെലികോപ്റ്റര്‍ നല്കിയില്ലങ്കിലും പിസ്സ ലഭിച്ചതോടെ ഇവര്‍ വാര്ഡന്മാരേ മോചിപ്പിച്ചു.
ശേഷം എത്തിയ സ്പെഷ്യല്‍ പൊലീസ് സംഘം വാര്ഡന്മാരെ ബന്ദിയാക്കിയ ഹനീദ് മുഹമ്മദ് അബ്ദുള്ളാഹിയെയും ഇസാക്ക് ഡേവിറ്റിയെയും കസ്റ്റഡിയല്‍ എടുത്ത് ചോദ്യം ചെയ്തു.