നിർമിച്ച വീഡിയോകൾ വികാരങ്ങളെ ഉണർത്തുന്നവ മാത്രമാണ്, ഇവ നീലച്ചിത്രത്തിൻറെ പരിധിയിൽ പെടുന്നവയല്ല; ഭർത്താവിനെ ന്യായീകരിച്ച് നടി ശില്പ ഷെട്ടി

നീലച്ചിത്ര നിർമാണ കേസിൽ അറസ്റ്റിലായ വ്യവസായിയും ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭർത്താവ്​ രാജ്​ കുന്ദ്രയെ പൊലീസിന്​ മുന്നിൽ ന്യായീകരിച്ച്‌​ ശിൽപ ഷെട്ടി. ഹോട്​ഷോട്ട്​ എന്ന മൊബൈൽ ആപ്പ് വഴി കുന്ദ്ര വിൽപന നടത്തിയ വീഡിയോകൾ വികാരങ്ങളെ ഉണർത്തുന്നവ മാത്രമാണെന്നും നീലച്ചിത്രത്തിൻ്റെ പരിധിയിൽ പെടുത്താവതല്ലെന്നും ചോദ്യം ​ചെയ്യലിൽ പറഞ്ഞതായി പൊലീസ്​ പറയുന്നു.

വിവിധ ഒ.ടി.ടി പ്ലാറ്റ്​ ഫോമുകളിൽ ലഭ്യമായവ തന്നെയാണ്​ തൻ്റെ ഭർത്താവും നിർമിച്ചതെന്നും അവയാണ്​ പലപ്പോഴും ഈ വീഡിയോകളെക്കാൾ അശ്ലീലമെന്നും അവർ മൊഴി നൽകി. മുംബൈ ജുഹുവിലെ വീട്ടിലെത്തി ആറര മണിക്കൂർ ചോദ്യം ചെയ്​ത ​ക്രൈംബ്രാഞ്ച്​ ഉദ്യോഗസ്​ഥർ മൊഴി വിശദമായി രേഖപ്പെടുത്തിയാണ്​ മടങ്ങിയത്​. നീലച്ചിത്ര നിർമാണത്തിലെ പങ്ക്​ നടിയും നിഷേധിച്ചിട്ടുണ്ട്​. നേരത്തെ രാജ്​ കുന്ദ്രയും പൊലീസ്​ വാദം​ തള്ളിയിരുന്നു. ലണ്ടനിലുള്ള ബന്ധു പ്രദീപ്​ ബക്​ഷിയാണ്​ ഇതിനു പിന്നിലെന്നും വാട്​സാപ്​ വഴിയുള്ള സംഭാഷണം മാത്രമായിരുന്നു ബന്ധുവുമായി തനിക്കുള്ളതെന്നുമായിരുന്നു കുന്ദ്രയുടെ വിശദീകരണം. ഇത്​ പൊലീസ്​ മുഖ വിലക്കെടുത്തിട്ടില്ല. ‘എല്ലാ വിഷയങ്ങളും രാജ്​ കുന്ദ്ര നേരിട്ട്​ കൈകാര്യംചെയ്​തെന്നതിന്​ തെളിവുകളുണ്ട്​. പേരിനു മാത്രമായിരുന്നു ലണ്ടനിലെ ബന്ധു ഉടമയായത്​’ – പൊലീസ്​ പറഞ്ഞു.

അതേ സമയം,നടി ശിൽപ ഷെട്ടിക്ക്​ കേസുമായി നേരിട്ട്​ ബന്ധം ക്രൈംബ്രാഞ്ചിന്​ കണ്ടെത്താനായിട്ടില്ല. 2020ൽ വിയാൻ എന്ന സ്​ഥാപനത്തിൽ നിന്ന്​ വിട്ടതിനെ കുറിച്ചും​ പൊലീസ്​ ചോദ്യം ചെയ്​തു. ആദ്യം ശിൽപയെ ഒറ്റക്ക്​ ​ചോദ്യം ചെയ്​ത ​പൊലീസ്​ പിന്നീട്​ കുന്ദ്രയെ കൂട്ടി ഇരുത്തിയും ചോദ്യം ചെയ്യൽ തുടർന്നു. ജുഹുവിലെ വീട്ടിൽ നടത്തിയ തെരച്ചിലിൽ ഇലക്​ട്രോണിക്​ ഉപകരണങ്ങളും പിടിച്ചെടുത്തു.

അശ്ലീല വിഡിയോ നിർമാണത്തിൽ കുന്ദ്രക്ക്​ പങ്കില്ലെന്ന്​ ശിൽപ മൊഴി നൽകിയതായാണ്​ സൂചന. ഹോട്​ഷോട്ട്​ വീഡിയോകളിലെ ഉള്ളടക്കത്തെ കുറിച്ച്‌​ കുന്ദ്രക്ക്​ അറിവില്ലായിരുന്നുവെന്നും അവർ പൊലീസിനോട്​ പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട്​ ചെയ്​തു. നീലച്ചിത്ര നിർമാണ കേസിൽ ഇതുവരെ കുന്ദ്രയും സഹായിയുമടക്കം 10 പേരെയാണ്​ പൊലീസ്​ ഇതുവരെ കസ്റ്റഡിയിലെടുത്തത്​. കുന്ദ്രയാണ്​ പ്രധാന ഗൂഢാലോചകനും പങ്കാളിയുമെന്ന്​ മുംബൈ പൊലീസ്​ കമീഷണർ ഹേമന്ദ്​ നഗ്രാലേ പറഞ്ഞു.

Leave a Reply

Your email address will not be published.