എട്ട് വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം; കൊല്ലത്ത് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ശാസ്താംകോട്ട : കൊല്ലത്ത് നവവധു ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംകോട്ട സ്വദേശി ധന്യദാസിനെയാണ് കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 21 വയസ്സായിരുന്നു. ഭർത്താവ് രാജേഷിൻ്റെ മദ്യപാനത്തെ ചൊല്ലിയുള്ള കലഹമാണ് മരണത്തിൽ കലാശിച്ചത് എന്നാണ് പ്രാഥമിക നിഗമനം എന്ന് പോലീസ്. ഭർത്താവ് രാജേഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ശാസ്താം കോട്ട പൊലീസാണ് രാജേഷിനെ കസ്റ്റഡിയിൽ എടുത്തത്. 

ഇന്ന് രാവിലെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ ധന്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടുവെന്നാണ് ഭർത്താവ് രാജേഷ് പൊലീസിന് നൽകിയ മൊഴി. പുലർച്ചെ  4 30ന് ജനൽ കമ്പിയിൽ തൂങ്ങിയ നിലയില് കണ്ടെത്തിയ ധന്യയെ വീട്ടുകാര് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പേരയം ഈരിക്കുഴി ധന്യാ ഭവനം ഷൺമുഖദാസ് – ലില്ലിക്കുട്ടി ദമ്പതികളുടെ മകളാണ് ധന്യാദാസ്. രണ്ട് മാസം മുപ്പായിരുന്നു  ഇരുവരുടേയും വിവാഹം. വിവാഹശേഷം രാജേഷിൻ്റെ കുന്നത്തൂരെ വീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ഭർത്താവിൻ്റെ സ്ഥിരമായുള്ള മദ്യപാനത്തെച്ചൊല്ലി ഇരുവർക്കുമിടയിൽ തർക്കം പതിവായിരുന്നു എന്ന് സമീപവാസികൾ പറയുന്നു. ടിപ്പർ ലോറി ഡ്രൈവറാണ് രാജേഷ്. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ രാജേഷ് ലോറിയിൽ കിടന്നുറങ്ങി. പിന്നീട് ധന്യ വിളിച്ചതിനെ തുടർന്ന് വീട്ടിലെത്തി ഭക്ഷണം കഴിച്ചു. അതിന് ശേഷം ഒരു മുറിയിലാണ് ഇരുവരും ഉണ്ടായിരുന്നതും.

രാവിലെ ഉണരുമ്പോൾ ഭാര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്ന രാജേഷിൻ്റെ മൊഴി ശാസ്താംകോട്ട പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. എട്ട് വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. വ്യത്യസ്ത സമുദായത്തിൽപ്പെട്ട ഇവരുടെ പ്രണയത്തെ ആദ്യം വീട്ടുകാർ എതിർത്തിരുന്നു എങ്കിലും പിന്നീട്‌ ഇരുവരുടെയും വിവാഹം വീട്ടുകാർ ചേർന്നാണ് നടത്തിക്കൊടുത്തത്. നേരത്തെ ഒരു ജൂവലറിയിൽ ജീവനക്കാരിയായിരുന്നു ധന്യ. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published.