ആലപ്പുഴയിൽ സഹോദരീ ഭർത്താവിൻ്റെ വീട്ടിൽ നഴ്‌സായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്.

ആലപ്പുഴ : ചേർത്തല സ്വദേശി ഹരികൃഷ്ണയുടെ മരണത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ഭാര്യയുടെ സഹോദരിയുടെ സ്നേഹ ബന്ധത്തെ ചൊല്ലിയുണ്ടായ തർക്കമാണ് യുവതി കൊല്ലപ്പെടാൻ കാരണമെന്നാണ് പോലീസിൻ്റെ  പ്രാഥമിക നിഗമനം. ചേർത്തല കടക്കരപ്പള്ളി തളിശേരിതറ ഹരികൃഷ്ണ (25)യെയാണ് ഇന്ന് രാവിലെ സഹോദരീ ഭർത്താവിൻ്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം സഹോദരീ ഭർത്താവ് കടക്കരപ്പള്ളി പുത്തൻകാട്ടിൽ രതീഷുമായി വാക്കു തർക്കമുണ്ടായതായി പറയുന്നു. ഇതിന് പിന്നാലെയാണ് കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. രതീഷും യുവതിയുമായി ഏറെ നാളായി ചില ബന്ധങ്ങളുണ്ടായിരുന്നു.

ഈ ബന്ധത്തെ ചൊല്ലി ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. പിന്നീട് ഇത് ഒത്തു തീർപ്പാക്കുകയും ചെയ്തു. എന്നാൽ ഇരുവരും തമ്മിലുള്ള ബന്ധം തുടർന്നു കൊണ്ടേയിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിലെ താൽക്കാലിക നഴ്സായ ഹരികൃഷ്ണയെ ജോലിക്ക് കൊണ്ടു പോകുകയും തിരിച്ച്‌ വിളിച്ചു കൊണ്ടു വരികയും ചെയ്തിരുന്നത് രതീഷായിരുന്നു. ഇങ്ങനെയാണ് അടുപ്പമുണ്ടായത്. ഗൾഫിൽ വെൽഡിങ് തൊഴിലാളിയായിരുന്ന ഇയാൾ നാട്ടിലെത്തിയതിന് ശേഷം മടങ്ങി പോയിരുന്നില്ല. ഇതിനിടയിലാണ് ഇരുവരും തമ്മിൽ അടുപ്പമുണ്ടായത്.

കഴിഞ്ഞ ദിവസം ജോലികഴിഞ്ഞ് ഹരികൃഷ്ണയെ സ്വന്തം വീട്ടിലേക്ക് വിളിച്ചു കൊണ്ടു വരികയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രി നഴ്സായ ഹരികൃഷ്ണയുടെ സഹോദരിക്കു വെള്ളിയാഴ്ച രാത്രി ജോലിയുണ്ടായിരുന്നു. കുട്ടികളെ നോക്കാനാണെന്ന് പറഞ്ഞാണ് രതീഷ്, ഹരികൃഷ്ണയെ വീട്ടിലേക്കു വരുത്തിയതെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഇവിടെ വച്ച്‌ പിന്നീട് എന്താണ് നടന്നതെന്ന് ആർക്കും അറിയില്ല. ഇതിനിടയിൽ ഹരികൃഷ്ണയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാർ തിരക്കിയിറങ്ങി. രതീഷിനെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും നടന്നില്ല.

ഇതോടെ വിവരം പൊലീസിനെ അറിയിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് ഹരികൃഷ്ണയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അവിവാഹിതയായ ഹരികൃഷ്ണയും രതീഷും തമ്മിലുള്ള ബന്ധത്തിൽ അടുത്തിടെ വിള്ളലുണ്ടാകുകയും മറ്റൊരാളുമായി സ്നേഹബന്ധത്തിലാവുകയും ചെയ്തിരുന്നു. ഇതറിഞ്ഞ രതീഷ് വലിയ പ്രശ്നമുണ്ടാക്കി. ഇതിനെ തുടർന്നുള്ള പ്രകോപനമാവാം കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് നിഗമനം. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ രതീഷിനായി പോലീസ്  അന്വേഷണം  ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.