എറണാകുളം : സ്ത്രീധനത്തിൻ്റെ പേരിൽ യുവതിക്കു നേരെ ഭർത്താവിൻ്റെയും കുടുംബത്തിൻ്റെയും ക്രൂര പീഡനം. യുവതിയുടെ പിതാവിനെ അടിച്ചു കാലൊടിച്ചെന്നും പരാതി. മുഖത്തും തലയിലും വാരിയെല്ലിനും പരുക്കേറ്റ് കാലിൽ പ്ലാസ്റ്ററിട്ട് ഇദ്ദേഹം ചികിത്സയിലാണ്. ചക്കരപ്പറമ്പ് സ്വദേശി ഡയാനയ്ക്കും പിതാവ് ജോർജിനുമാണ് സ്ത്രീധനത്തിൻ്റെ പേരിൽ ആക്രമണം ഉണ്ടായത്. യുവതിയുടെ ഭർത്താവായ പച്ചാളം സ്വദേശി സോഫ്റ്റ്വെയർ എൻജിനീയർ ജിപ്സണെതിരെയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

സ്ത്രീധനം ഒന്നും ചോദിക്കാതെയാണു കഴിഞ്ഞ ഏപ്രിലിൽ ജിപ്സൺ യുവതിയെ വിവാഹം കഴിക്കുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. വിവാഹം കഴിഞ്ഞു മൂന്നാം ദിവസം തന്നെ ഫ്ലാറ്റു വാങ്ങാൻ വീട്ടിൽനിന്നു സ്വർണം വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ടു ജിപ്സൺ വഴക്കുണ്ടാക്കി. കഴുത്തിൽ പിടിച്ചു ഞെക്കിയതിൻ്റെ പാട് കണ്ടു ചോദിച്ചപ്പോഴാണു മകൾ സംഭവം പറഞ്ഞതെന്നും പിതാവ് പറയുന്നു. ഇതിനു പിന്നാലെ ജൂലൈ 16ന് പണം ചോദിച്ചു യുവതിയെയും വീട്ടിലെത്തി പിതാവിനെയും ജിപ്സൺ മർദിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. നല്ല കുടുംബമാണെന്നു പറഞ്ഞതിനാൽ കൂടുതൽ ആലോചിക്കാതെയായിരുന്നു വിവാഹം നടത്തിയത്. രണ്ടാം വിവാഹമായതിനാൽ അതു കൂടി നഷ്ടമാകാതിരിക്കാനാണ് ആദ്യമൊന്നും പൊലീസിൽ പരാതി നൽകാതിരുന്നത്. ജിപ്സൻ്റെ ആദ്യ വിവാഹത്തിലെ യുവതിയെയും ഇയാൾ മർദിക്കാറുണ്ടായിരുന്നെന്ന് പ്രദേശവാസികൾ പോലീസിനോട് പറഞ്ഞു.
എറണാകുളം നോർത്ത് സ്റ്റേഷനിൽ സ്ത്രീധന പീഡനം ആരോപിച്ച് ഡയാന പരാതി നൽകിയെങ്കിലും പരാതി കൈപ്പറ്റാൻ പോലും പൊലീസ് തയാറായില്ലെന്നും പരാതി ഉണ്ട്. യുവാവിൻ്റെ തൃശൂരിലുള്ള എസ് ഐ ആയ ബന്ധുവിൻ്റെ സ്വാധീനമാണു കേസെടുക്കാതിരിക്കാൻ കാരണമെന്നാണു പറയുന്നത്. ഒടുവിൽ നാട്ടുകാർ സമിതി രൂപീകരിച്ച് കഴിഞ്ഞ ദിവസം സിറ്റി പൊലീസ് കമ്മിഷണറെ പോയിക്കണ്ടു പരാതി നൽകുകയായിരുന്നു. ഈ പരാതിയിൽ പൊലീസ് യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.