ഓരോരുത്തരും സ്വന്തം ബിസിനസ്സ് ആരംഭിക്കുന്നതിനും അത് എത്രയും വേഗം പ്രസിദ്ധമാക്കുന്നതിനും വ്യത്യസ്ത രീതികൾ സ്വീകരിക്കുന്നു. അത്തരമൊരു തന്ത്രം ചെന്നൈയിലുള്ള ബിരിയാണി റെസ്റ്റോറൻ്റ് ഉടമ സ്വീകരിച്ചു. ഉദ്ഘാടന ദിവസം 5 പൈസയ്ക്ക് ബിരിയാണി നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റാനാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയതെങ്കിലും, ഇത് തനിക്ക് തന്നെ ഒരു പാരയാവും എന്ന് അദ്ദേഹം ഒരിക്കലും ചിന്തിച്ചു കാണില്ല. കാരണം, ‘5 പൈസയ്ക്ക് ബിരിയാണി’ എന്ന പരസ്യം കണ്ട് ബിരിയാണി ആരാധകർ, ഉദ്ഘാടന ദിനം കടയുടെ ഷട്ടറുകൾ തുറന്ന ഉടനെ കടയിലേക്ക് ഇരച്ചു കയറി. റെസ്റ്റോറൻ്റ് ൽ ബിരിയാണി ഭക്ഷിക്കുന്നവരുടെ തിരക്ക് നിയന്ത്രിക്കാനാകാതെ വന്നതോടെ, ഹോട്ടൽ ഓപ്പറേറ്റർമാർ തന്നെ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നത് കൊണ്ട്, പോലീസ് വന്ന് കട പൂട്ടുകയാണ് ഉണ്ടായത്.
ചെന്നൈയിലെ സെല്ലൂർ പ്രദേശത്താണ് പുതിയ ബിരിയാണി റെസ്റ്റോറൻ്റ് തുറന്നത്. തൻ്റെ റെസ്റ്റോറൻ്റ് പ്രശസ്തമാക്കുന്നതിന്, ‘5 പൈസ കൊണ്ടുവന്ന് ഉദ്ഘാടന ദിവസം ബിരിയാണി നേടു’ എന്നാണ് ഉടമ പരസ്യം നൽകിയിരുന്നത്. എന്നാൽ, 5 പൈസ വളരെ ചുരുക്കം പേരുടെ കയ്യിലെ ഉണ്ടാകു എന്നാണ് ഉടമ കണക്കുകൂട്ടിയിരുന്നത്. അതുകൊണ്ട് തന്നെ 2-4 പേർ മാത്രമേ തന്നെ സമീപിക്കുകയുള്ളൂവെന്നും, എന്നാൽ തൻ്റെ തന്ത്രത്തിലൂടെ ഹോട്ടൽ ആ പ്രദേശത്ത് പ്രശസ്തമാകും എന്നും ഉടമ കരുതി.
പക്ഷേ റെസ്റ്റോറൻ്റ് ഉടമയുടെ ആശയം ജനങ്ങൾ ഏറ്റെടുത്തതോടെ, വന്ന ആളുകൾക്കെല്ലാം ബിരിയാണി നൽകേണ്ടി വന്നു. ഇത് ആദ്യ ദിവസം തന്നെ ഉടമയ്ക്ക് വലിയ ബാധ്യത സൃഷ്ടിച്ചു. വാസ്തവത്തിൽ, അഞ്ച് പൈസയ്ക്ക് ബിരിയാണി എന്ന റെസ്റ്റോറൻ്റ് ഉടമയുടെ ഓഫർ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഉണ്ടായത്. എന്നാൽ, വിവരമറിഞ്ഞ് ഒന്നോ രണ്ടോ അല്ല നൂറുകണക്കിന് ആളുകൾ 5 പൈസ നാണയം എടുത്ത് ബിരിയാണി കഴിക്കാൻ എത്തിയതോടെ ആണ് സംഭവം വഷളായത്.