എഞ്ചിനീയർ ആവാൻ ഇനി മാത്സും ഫിസിക്സും പഠിക്കണ്ട !! ഇനി ആർക്കും എഞ്ചിനീയർ ആവാം

പന്ത്രണ്ടാം ക്ലാസിൽ ഗണിതശാസ്ത്രമോ ഭൗതികശാസ്ത്രമോ പഠിച്ചിട്ടില്ലാത്ത വിദ്യാർത്ഥികൾക്കും ഇനി ബിടെക്, ബിഇ തുടങ്ങിയ ബിരുദ എഞ്ചിനീയറിംഗ് കോഴ്സുകളിൽ പ്രവേശനം നേടാം. അഖിലേന്ത്യാ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ (എ ഐ സി ടി ഇ) ഇപ്പോൾ പ്രവേഷനത്തിനുള്ള ചട്ടങ്ങൾ പരിഷ്കരിച്ചതിനാലാണിത്.

ഇതോടെ, എഞ്ചിനീയർ ആകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് 12-ാം ക്ലാസിൽ പ്രധാന വിഷയങ്ങളായി മാത്സും ഫിസിക്സും നിർബന്ധമായും പഠിക്കേണ്ട ആവശ്യമില്ലെന്ന് 2021-2022 ലെ അംഗീകൃത ഹാൻഡ്‌ബുക്കിൽ എ.ഐ.സി.ടി.ഇ പറഞ്ഞു. വരാനിരിക്കുന്ന 2021-22 അധ്യയന വർഷം മുതൽ ഈ നിയമം ബാധകമാകും.  ഇതുവരെ, എഞ്ചിനീയറിംഗ് കോഴ്സിലേക്ക് പ്രവേശിക്കുന്നതിന്, ഈ രണ്ട് വിഷയങ്ങളും നിർബന്ധമായിരുന്നു. കെമിസ്ട്രി, ബയോടെക്നോളജി, ബയോളജി, ടെക്നിക്കൽ വൊക്കേഷണൽ എന്നിവയിൽ നിന്ന് ഏതെങ്കിലും മൂന്നാമത്തെ വിഷയമായി തിരഞ്ഞെടുക്കാനും വിദ്യാർത്ഥികൾക്ക് അവസരമുണ്ടായിരുന്നു.

വ്യത്യസ്ഥ പശ്ചാത്തലത്തിലുള്ള വിദ്യാർത്ഥികൾക്കും താല്പര്യം ഉണ്ടെങ്കിൽ എഞ്ചിനീയറിംഗ് പഠിക്കാൻ അവസരമൊരുക്കി കൊടുക്കുകയാണ് ഇത്തരത്തിൽ ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്തിയതിൻ്റെ ഉദ്ദേശം എന്ന് എ.ഐ.സി.ടി.ഇ പറഞ്ഞു. വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അനുയോജ്യമായ ബ്രിഡ്ജ് കോഴ്സുകൾ നൽകാൻ ടെക്നിക്കൽ എഡ്യൂക്കേഷൻ റെഗുലേറ്റർ കോളേജുകളോടും സർവകലാശാലകളോടും ആവശ്യപ്പെട്ടു.  ഫിസിക്സ്, മാത്തമാറ്റിക്സ്, എഞ്ചിനീയറിംഗ് ഡ്രോയിംഗ് മുതലായവയിലെ ബ്രിഡ്ജ് കോഴ്സുകൾ വിദ്യാർത്ഥികൾക്ക് ആവശ്യമുള്ള പഠന ഫലങ്ങൾക്കായി അനുവദിക്കണമെന്നും റെഗുലേറ്റർ പറഞ്ഞു.

എഞ്ചിനീയറിംഗിലെ ബിരുദ കോഴ്സുകളിൽ പ്രവേശനത്തിന് യോഗ്യത നേടുന്നതിന് വിദ്യാർത്ഥികൾക്ക്‌ 12-ാം ക്ലാസ്  ബോർഡ് പരീക്ഷകളിൽ കുറഞ്ഞത് 45 ശതമാനം മാർക്കോടെ വിജയം നേടേണ്ടതുണ്ടെന്ന് പുതുക്കിയ ചട്ടം പറയുന്നു. റിസർവ്ഡ് വിഭാഗത്തിൽ പെട്ടവർക്ക് ഇത് 40 ശതമാനം ആണെന്ന് ചട്ടത്തിൽ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published.