ബാബുരാജിൻ്റെ ഒറ്റ ഇടിയിൽ വിശാൽ ഭിത്തിയിൽ പതിച്ചു ; പരിക്കുകളോടെ രക്ഷപെട്ട് വിശാൽ (വിഡിയോ)

ചിത്രീകരണം നടക്കുന്ന തമിഴ് ചിത്രത്തിൻ്റെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ നടൻ വിശാലിന് തോളിന് പരിക്കേറ്റു.  ബാബുരാജ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, വിശാലും ബാബുരാജും തമ്മിലുള്ള സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് തമിഴ് സൂപ്പർ താരം വിശാലിന് പരിക്കേറ്റത്.

ബാബുരാജ് വിശാലിനെ വലിച്ചെറിയുന്നതായിരുന്നു സീൻ. എന്നാൽ, കയറിൽ കെട്ടിയിരുന്ന വിശാൽ പിന്നോട്ട് പോയതോടെ, വിശാലിൻ്റെ  തോൾ വന്ന് ഭിത്തിയിൽ ഇടിക്കുകയായിരുന്നു. മറ്റു വലിയ അപകടങ്ങൾ ഒന്നും കൂടാതെ വിശാൽ സുരക്ഷിതനാണെന്ന് സെറ്റിൽ ഉണ്ടായിരുന്ന അണിയറപ്രവർത്തകർ മാധ്യമങ്ങളോട് പറഞ്ഞു.

അപകടം നടക്കുന്ന സമയത്ത് സെറ്റിൽ ഒരു ഫിസിയോതെറാപ്പിസ്റ്റ് ഉണ്ടായിരുന്നു. അതുകൊണ്ട്, വിശാലിന് ഉടൻ വൈദ്യസഹായം നൽകാൻ കഴിഞ്ഞു. രണ്ട് ദിവസം വിശ്രമിക്കാൻ ഡോക്ടർ നിർദേശിച്ചിട്ടുണ്ട്, മറ്റു പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാ എന്നും വിശാൽ സംഭവത്തോട് പ്രതികരിച്ചിട്ടുണ്ട്. 

സരവണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ചിത്രീകരണം നടക്കുന്നത് ഹൈദരാബാദിലാണ്. വിശാലിൻ്റെ 31-ാമത്തെ ചിത്രമാണിത്. നടൻ എന്നതിലുപരി തമിഴ് ഇൻഡസ്ട്രിയിലെ ഒരു നിർമ്മാതാവ് കൂടി ആണ് വിശാൽ. ചലച്ചിത്ര നിർമ്മാതാവ് ജി. കെ. റെഡ്ഡിയുടെ ഇളയ മകനാണ് വിശാൽ.

നടൻ വിശാലിനെ അവസാനമായി പ്രേക്ഷകർ സ്‌ക്രീനിൽ കണ്ടത് ഫെബ്രുവരി 19 ന് പുറത്തിറങ്ങിയ ‘ചക്ര’ എന്ന സിനിമയിൽ ആയിരുന്നു. അടുത്തതായി വരാനിരിക്കുന്നത്  വിശാലിൻ്റെ 30 ആമത്തെ സിനിമയായ ‘എനിമി’ ആണ്. അതിൽ തമിഴ് സൂപ്പർ സ്റ്റാർ ആര്യയും വിശാലിനൊപ്പം ഒരു നിർണായക വേഷം അവതരിപ്പിക്കും. വിശാൽ 31 എന്ന ടൈറ്റിൽ പ്രദർശനം നടത്തി അനൗൺസ് ചെയ്ത ‘നോട്ട് എ കോമൺ മാൻ’ എന്ന ചലച്ചിത്രത്തിൻ്റെ ചിത്രീകരണത്തിലാണ് ഇപ്പോൾ അപകടം സംഭവിച്ചിരിക്കുന്നത്. ഡിംപിൾ ഹെയ്ത്തി ആണ് ഈ ചിത്രത്തിലെ നായികയായി അഭിനയിക്കുന്നത്.

Leave a Reply

Your email address will not be published.