യാഥാർഥ്യത്തെ വളച്ചൊടിച്ചു ; ഫഹദ് ഫാസിൽ ചിത്രം ‘മാലിക്കി’നെതിരേ പ്രതിഷേധവുമായി ബീമാപള്ളി നിവാസികൾ

ഫഹദ് ഫാസിൽ നായകനായ ‘മാലിക്’ സിനിമയ്‌ക്കെതിരെ പ്രതിഷേധവുമായി ബീമാപള്ളി നിവാസികൾ. സിനിമ യാഥാർഥ്യത്തെ വളച്ചൊടിച്ചു എന്നാരോപിച്ചാണ് ബീമാപള്ളി സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ പള്ളിപരിസരത്ത് പ്രതിഷേധക്കാർ ഒത്തുകൂടിയത്. ബീമാപള്ളി കൊള്ളക്കാരുടെയും ഭീകരവാദികളുടെയും താവളം എന്ന തരത്തിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്ന് അവർ പറയുന്നു. ബീമാപള്ളി വെടിവയ്പ്പിന് പിന്നിലെ കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും സമിതി ആവശ്യപ്പെട്ടു. പി.ഡി.പി. സംസ്ഥാന വൈസ് ചെയർമാൻ വർക്കല രാജ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. 2009 ൽ സംഭവിച്ച ബീമാപള്ളി വെടിവയ്പ്പ് സിനിമ തെറ്റായി ചിത്രീകരിച്ചതിൽ സമിതി വിയോജിപ്പ് രേഖപ്പെടുത്തി.

മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രം ആമസോൺ പ്രൈമിലാണ് റിലീസ് ചെയ്തത്. റമദാപള്ളി, ഇടവാത്തുറ എന്നിങ്ങനെ ചേർന്ന് കിടക്കുന്ന രണ്ട് കടലോര ഗ്രാമങ്ങളിലാണ് ഈ കഥ നടക്കുന്നത്. സാങ്കൽപ്പിക ഇടങ്ങൾ എന്ന് പറയുന്നുണ്ടെങ്കിലും തിരുവനന്തപുരത്തെ രണ്ട് കടലോര ഗ്രാമങ്ങളെയും അവിടെ പതിറ്റാണ്ടു മുൻപ്  നടന്ന ചില അനിഷ്ട സംഭവങ്ങളുടെയും ധ്വനി സിനിമയിലുടനീളം പറയുന്നുണ്ട്.

ജാതിഭേദമന്യേ വിശ്വാസികൾ ഒഴുകുന്ന ആരാധനാലയമാണ് ബീമാപള്ളി. തിരുവനന്തപുരം ജില്ലയിൽ ഫോറിൻ വസ്തുക്കളുടെയും, സി.ഡി.കളുടെയും പ്രധാന മേഖലയാണ് പള്ളിക്കു ചുറ്റുമുള്ള വാണിജ്യ കേന്ദ്രം. റമദാപ്പള്ളിക്കാരുടെ ഏറ്റവും വലിയ ആശ്രയമായ സുലൈമാൻ മാലിക്കിൻ്റെ  ഹജ്ജ് ഒരുക്കങ്ങളിലൂടെയാണ് ‘മാലിക്’ തുടങ്ങുന്നത്. രണ്ട് മണിക്കൂർ 41 മിനിറ്റ് ചിത്രത്തിൻ്റെ തുടക്കം 13 മിനിറ്റ് വരുന്ന സിംഗിൾ ഷോട്ട് ക്യാമറാ യാത്രയിലൂടെയാണ്. 

ചെറുപ്പത്തിൻ്റെ ചോരത്തിളപ്പിൽ എന്തിനും ഇറങ്ങിത്തിരിച്ചിരുന്ന സുലൈമാൻ നാട്ടിലെ വരത്തന്മാരിൽ ഒരാളാണ്. എങ്കിലും കടലിൻ്റെ തഴമ്ബ് ഏറ്റുവളർന്ന ബാലൻ. അയാളുടെ അമ്മയുടെ ഭാഷയിൽ ‘കടലിന്റെ മണം’, തന്നിൽപ്പേറി ജീവിച്ചവൻ. ഈ കടൽമണം അയാളെ കാലക്രമേണ റമദാപള്ളിക്കാരുടെ ഇടയിൽ സ്വീകാര്യനാക്കുമ്പോഴും, വ്യക്തി ജീവിതത്തിൽ കനത്ത നഷ്‌ടങ്ങൾ മാത്രം ബാക്കിയായി തീരുന്ന, ഉറ്റവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ പോലും പ്രാപ്തനല്ലാത്ത വിധം അശക്തനാണയാൾ.

റമദാപള്ളിയിലെ വൈദ്യകുടുംബത്തിൻ്റെ കനിവുപറ്റാൻ എത്തിച്ചേരുന്നത് മുതൽ ജീവിതാവസാനം വരെ സുലൈമാൻ മാലിക്കിൻ്റെ കഥ വരച്ചു കാട്ടുന്ന സിനിമ നോൺ-ലീനിയർ കഥപറയൽ ശൈലി അവലംബിച്ചിരിക്കുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, സലിംകുമാർ, ഇന്ദ്രൻസ്‌, വിനയ് ഫോർട്ട്, നിമിഷ സജയൻ, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്തുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published.