ഹിന്ദിയിലും മറ്റ് അന്യ ഭാഷകളിലുമായി പാതിരാത്രിയിലടക്കം സ്ത്രീ പുരുഷൻമാരുടെ കോളുകൾ; അന്വേഷിച്ചപ്പോൾ കാരണം ഇതാണ്.

കോഴിക്കോട് : ഹിന്ദിയിലും മറ്റ് അന്യ ഭാഷകളിലുമായി സ്ത്രീ പുരുഷൻമാരുടെ കോളുകൾ. അതും 12 മണിക്ക് ശേഷം. ഫേസ്ബുകിൽ അപരിചിതരായ ആളുകളുടെ നിരവധി റിക്വസ്റ്റുകളും മെസേജുകളും. കൂടുതൽ അന്വേഷിച്ചപ്പോഴാണ് ഇതിൻ്റെ പിന്നിലെ കാരണം മനസ്സിലായത്.

കോഴിക്കോട് കൊയിലാണ്ടിയിൽ പി എസ് സി ഓൺലൈൻ കോചിംഗ് നടത്തുന്ന ഒരു സ്ഥാപനത്തിനാണ് ഈ അനുഭവമുണ്ടായത്. എന്തുകൊണ്ടാണ് ഇങ്ങനെസംഭവിക്കുന്നത്  എന്ന് അന്വേഷിച്ചപ്പോൾ ‘മറ്റൊന്നുമാവില്ല, ഞങ്ങളുടെ സ്ഥാപനത്തിൻ്റെ പേര് പെഗാസസ് എന്നാണ്. ഗൂഗിൾ പ്ലേ സ്‌റ്റോറിൽ ലഭ്യമായ ഞങ്ങളുടെ ആപിൻ്റെ പേരും അതു തന്നെയാണ്. രാഷ്ട്രത്തലവൻമാർ അടക്കമുള്ളവരുടെ മൊബൈൽ ഫോണിലെ വിവരങ്ങൾ ചോർത്തിയെന്ന വിവാദത്തിന് കാരണമായ ഇസ്രായേൽ ചാര സോഫ്റ്റ് വെയറിൻ്റെ അതേ പേര്. ഇതായിരിക്കണം, ഈ വിചിത്ര സംഭവങ്ങളുടെ കാരണം.’ പെഗാസസ് കോചിംഗ് സ്ഥാപനം നടത്തുന്ന സനൂപ് പി സി പറഞ്ഞു.

ലോക്ഡൗൺ കാലത്ത് വീട്ടിലിരുന്ന് പി എസ് സി കോചിംഗ് നൽകുക എന്ന ഉദ്ദേശ്യത്തോടെ കഴിഞ്ഞ വർഷം ആരംഭിച്ചതാണ് പെഗാസസ്. പെഗാസസ് ഓൺലൈൻ എന്ന ആപ് വഴിയാണ് ക്ലാസുകൾ നടത്തുന്നത്. ഒരു വർഷം കൊണ്ട് ആപിന് ലഭിച്ചത് ആയിരത്തോളം ഡൗൺലോഡുകളാണ്.

ഇസ്രായേൽ കമ്പനി വിവിധ സർകാറുകൾക്ക് വിൽക്കുന്ന പെഗാസസ് എന്ന മാൽവെയർ ഭരണാധികാരികൾ അടക്കമുള്ള ആയിരക്കണക്കിനാളുകളുടെ മൊബൈൽ ഫോണിലേക്ക് നുഴഞ്ഞു കയറിയതായി ബന്ധപ്പെട്ടുള്ള വാർത്ത രണ്ടു ദിവസം മുൻപായിരുന്നു റിപോർട് ചെയ്തത്. ഉടമയറിയാതെ സർവ വിവരവും ചോർത്താനും ക്യാമറ ഉപയോഗിക്കാനും മെസേജുകൾ അയക്കാനും മറ്റ് ആപുകൾ ഉപയോഗിക്കാനുമൊക്കെ കഴിയുന്ന രഹസ്യ മാൽവെയറിനായി ഗൂഗിളിലടക്കം അന്വേഷണം വർധിച്ചിരുന്നു. 

‘പെഗാസസ് എന്ന പേരിട്ട സമയത്ത്, ഇതെന്താ പ്രകാശനോ എന്ന് ചോദിച്ച്‌ കളിയാക്കിയവരുണ്ടായിരുന്നു. എന്നാൽ ഇതിനൊക്കെ ശരിക്കും അർഥമുണ്ടല്ലേ എന്നാണ് അന്ന് കളിയാക്കിവർ ഇപ്പോൾ ചോദിക്കുന്നത്.’-സനൂപ് പറയുന്നു. വാർത്തകളിൽ നിറഞ്ഞതിനു പിന്നാലെ പെഗാസസ് എന്ന ചാര സോഫ്റ്റ് വെയർ  രണ്ട് ദിവസം കൊണ്ട് ആയിരത്തിലേറെ ഡൗൺലോഡ്‌സ് ആണ് ഈ ആപിന് ലഭിച്ചത്.

Leave a Reply

Your email address will not be published.