കാറിൻ്റെ സൈലൻസർ മാത്രം അടിച്ചുമാറ്റുന്ന മോഷ്ടാക്കൾ ; കാരണം കേട്ട് അതിശയിച്ച് പോലീസ്.

പലരീതിയിലും പലതരത്തിലുമുള്ള മോഷ്ടാക്കളെ പറ്റി ദിനേന വാർത്തകളിൽ നാം കാണാറുണ്ട്. നിർത്തിയിടുന്ന ലോറികളുടെ ടയറുകൾ അടിച്ചുമാറ്റുന്ന വിരുതന്മാർ മുതൽ ഹൈടെക് രീതിയിൽ മോഷണം നടത്തുന്ന പലരെയും നാം കാണാറുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി നിർത്തിയിട്ട കാറുകളുടെ സൈലൻസറുൾ മാത്രം മോഷ്ടിക്കുന്ന പ്രത്യേകസംഘത്തെ കഴിഞ്ഞ ദിവസം മഹാരാഷ്ട്ര പോലീസ് പിടികൂടിയിരുന്നു. അതും സുസുക്കി കമ്പനിയുടെ ‘ഈക്കോ’ എന്ന മോഡലിൻ്റെ മാത്രം.

കഴിഞ്ഞ ദിവസമാണ് 25 ഓളം സൈലൻസറുകളുമായി നാലാംഗ സംഘം പോലീസ് പിടിയിലാകുന്നത്. ഇത്രയും കൂടുതൽ സൈലൻസറുകൾ ഇവരിൽ നിന്ന് പിടിച്ചെടുത്തപ്പോൾ സംശയം തോന്നിയ പോലീസ് കൂടുതൽ ചോദ്യം ചെയ്യലിലാണ് ഗുജറാത്ത് മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ ഉടനീളം ഇവർ നടത്തിയ മോഷണ പരമ്പര പുറത്തുവരുന്നത്. കഴിഞ്ഞമാസം ജൂൺ ആറിന് താനെ സ്വദേശിയായ റോഷ്‌നിയുടെ സുസുക്കി ഈക്കോ യുടെ സൈലൻസർ ഫ്ലാറ്റിനരികിൽ നിന്നും മോഷണം പോയിരുന്നു. ഇതിനെ തുടർന്ന് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്  പൊലീസ് അന്വേഷണം നടത്തുന്നതും പ്രതികൾ പിടിയിൽ ആകുന്നതും.

കുർള സ്വദേശികളായ ഷംസുദ്ദീൻ ഖാൻ, ഷംസുദ്ദീൻ ഷാ, നദീം ഖുറേഷി, സദ്ദാം ഖാൻ എന്നീ നാല് യുവാക്കളാണ് പോലീസ് പിടിയിലായത്. ഇവരുടെ കയ്യിൽ നിന്നും പിടിച്ചെടുത്ത സൈലൻസറുകൾക്ക് വിപണിയിൽ ഏഴ് ലക്ഷത്തോളം രൂപ വില വരുംമെന്ന് പോലീസ് പറഞ്ഞു.

എന്നാൽ എന്തുകൊണ്ട് സൈലൻസറുകൾ മാത്രം മോഷ്ടിക്കുന്നു, അതും പ്രത്യേക ഒരു വാഹനത്തിൻ്റെ മാത്രം എന്ന സംശയമുയർന്ന സാഹചര്യത്തിൽ പ്രതികളുടെ മറുപടികേട്ട് പോലീസ് ഞെട്ടി. മാരുതി ഈക്കോ എന്ന വാഹനത്തിന് ഗ്രൗണ്ട് ക്ലിയറൻസ് കൂടുതലായതിനാൽ വളരെ എളുപ്പത്തിൽ വാഹനത്തിൻ്റെ അടിയിൽ കിടന്നു നട്ടുകൾ ഇളക്കി  എടുക്കാനാകും എന്നാണ് ഇവരുടെ മറുപടി. സൈലൻസർ നിർമ്മിക്കാനുപയോഗിച്ച ലോഹമാണ് ഇവരുടെ ലക്ഷ്യം. കേന്ദ്ര സർക്കാരിൻ്റെ പുതിയ വാഹന മലിനീകരണ നിയമപ്രകാരം വാഹനങ്ങളിൽ വിഷവാതകം പുറംതള്ളുത് നിയന്ത്രിക്കാൻ കാറ്റലിസ്റ്റിക് കൺവെർട്ടർ എന്ന ഉപകരണം സൈലൻസറുകൾക്കുള്ളിലുണ്ട്. വിഷവാതകങ്ങളെ വിഷം ഇല്ലാതാക്കി പുറംതള്ളുന്ന പ്രവർത്തനമാണ് ഇത് ചെയ്യുന്നത്. ഇത്തരം കാറ്റലിറ്റിക് കൺവേർട്ടറു കൾ റോഡിയം, പ്ലാറ്റിനം, പല്ലേഡിയം തുടങ്ങിയ ലോഹങ്ങൾ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. ഇവക്ക് ഗ്രാമിന് 3500 രൂപ വരെ വിപണിയിൽ വിലയുണ്ട്. ഇത്തരം ലോഹങ്ങൾ അടർത്തിയെടുത്ത് വിൽക്കാനാണ് ഇവർ സൈലൻസറുകൾ മോഷ്ടിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published.