ബംഗളൂരു: അഭിപ്രായങ്ങൾ പറയുന്നതിലൂടെ പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുള്ള തെലുങ്ക് താരവും രാഷ്ട്രീയ നേതാവുമാണ് നന്ദമൂരി ബാലകൃഷ്ണ. സംഗീതജ്ഞൻ എ.ആർ.റഹ്മാനെയും പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നയെയും വിമർശിച്ച് തെലുങ്ക് നടൻ നന്ദമുരി ബാലകൃഷ്ണ. എ.ആർ.റഹ്മാൻ ആരാണെന്നു ചോദിച്ച അദ്ദേഹം തനിക്ക് അങ്ങനെയൊരാളെ അറിയില്ലെന്നു പറഞ്ഞു. ഒരു പ്രാദേശിക വാർത്താചാനലിന് ബാലകൃഷ്ണ നൽകിയ അഭിമുഖമാണ് പുലിവാൽ പിടിച്ചിരിക്കുന്നത്. എ ആർ റഹ്മാൻ ആരെന്ന് തനിക്കറിയില്ലെന്നും ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്നയൊക്കെ ഒരു പുരസ്കാരമാണോയെന്നുമാണ് ബാലകൃഷ്ണ ചോദിക്കുന്നത്.

‘ഈ പുരസ്കാരങ്ങളൊക്കെ എൻറെ പാദത്തിന് സമമാണ്. തെലുങ്ക് സിനിമയ്ക്ക് എൻറെ കുടുംബം നൽകിയിട്ടുള്ള സംഭാവനകൾക്കു മേലെയല്ല ഒരു അവാർഡും. എ ആർ റഹ്മാൻ എന്നു പേരുള്ള ഒരാൾ ഓസ്കാർ അവാർഡ് നേടിയെന്ന് ഞാൻ കേട്ടു. റഹ്മാൻ ആരാണെന്നുപോലും എനിക്കറിയില്ല. ഭാരതരത്ന എൻടിആറിൻ്റെ കാൽവിരൽ നഖത്തിന് സമമാണെന്നാണ് എനിക്കു തോന്നുന്നത്. അതിനാൽ ഈ പുരസ്കാരങ്ങളാണ് ലജ്ജിക്കേണ്ടത്, അല്ലാതെ എൻ്റെ കുടുംബമോ അച്ഛനോ അല്ല’, ബാലകൃഷ്ണ പറഞ്ഞു.
ഒരു സംവിധായകൻ എന്ന നിലയിൽ തൻ്റെ ശൈലിയെ പ്രമുഖ ഹോളിവുഡ് സംവിധായകൻ ജെയിംസ് കാമറൂണിൻ്റെ ശൈലിയുമായി താരതമ്യം ചെയ്യുന്നുമുണ്ട് അഭിമുഖത്തിൽ ബാലകൃഷ്ണ. ‘വേഗത്തിൽ ഷൂടിംഗ് തീർക്കാനാണ് ഞാൻ നോക്കാറ്. ഒരു സിനിമയുടെ ഷൂടിംഗ് വർഷങ്ങളിലേക്ക് നീട്ടുന്ന ഹോളിവുഡ് സംവിധായകൻ ജെയിംസ് കാമറൂണിൽ നിന്നും വ്യത്യസ്തമാണ് അത്. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ സിനിമകൾ നിർമിച്ച് കൂടുതൽ ഹിറ്റുകൾ സൃഷ്ടിക്കുന്നതിലാണ് എൻറെ വിശ്വാസം. അതാണ് എൻ്റെ വർകിംഗ് സ്റ്റൈൽ’, ബാലകൃഷ്ണ പറയുന്നു.
നന്ദമുരി ബാലകൃഷ്ണയുടെ ഈ പരാമർശങ്ങളും അധിക്ഷേപസ്വരങ്ങളും ചുരുങ്ങിയ സമയത്തിനകമാണ് ചർച്ചയായത്. നിരവധി പേർ താരത്തെ വിമർശിച്ചു രംഗത്തെത്തി. സമൂഹമാധ്യമങ്ങളിൽ ട്രോൾ വിഡിയോകളും നിറയുകയാണിപ്പോൾ. അതേസമയം, ബോയപതി ശ്രീനുവിനൊപ്പമുള്ള അഖന്ദ എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ് തിരക്കിലാണ് നന്ദമുരി ബാലകൃഷ്ണ. ശ്രീനുവിനൊപ്പമുള്ള താരത്തിനടീ മൂന്നാമത്തെ ചിത്രമാണ് ഇത്. പ്രഗ്യ ജയ്സ്വാളാണ് നന്ദമുരി ബാലകൃഷ്ണയുടെ നായികയായി എത്തുന്നത്.