ഭർത്താവ് കോവിഡ് 19 ബാധിച്ച്‌ ഗുരുതരാവസ്ഥയിൽ; യുവതിക്ക് കൃത്രിമ ഗർഭധാരണത്തിന് അനുമതി നൽകി ഗുജറാത്ത് ഹൈക്കോടതി

അഹമ്മദാബാദ് : കോവിഡ് 19 ബാധിച്ച്‌ ഗുരുതരാവസ്ഥയിലായ ഭർത്താവിൽ നിന്ന് കൃത്രിമ ഗർഭധാരണത്തിന് അനുമതി നൽകി ഹൈകോടതി. രോഗിയിൽ നിന്ന് കൃത്രിമ ഗർഭധാരണത്തിന് ആവശ്യമായ ബീജ സാംപിൾ ശേഖരിക്കാൻ ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടു. വഡോദരയിലെ സ്വകാര്യ ആശുപത്രി ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന യുവാവിൻ്റെ  ഭാര്യയാണ് കോടതിയിൽ ഈ ആവശ്യം ഉന്നയിച്ച്‌ ഹർജി നൽകിയത്. ആശുപത്രിയിൽ ചികിത്സയിലുള്ള ഭർത്താവിന്റെ കുഞ്ഞിനെ പ്രസവിക്കണമെന്നും ഐ വിഎഫ് ചികിത്സയ്ക്ക് ആവശ്യമായ സാംപിൾ ശേഖരിക്കാൻ അനുവദിക്കണമെന്നുമായിരുന്നു യുവതി ഹർജിയിൽ ആവശ്യപ്പെട്ടത്.

രണ്ടാഴ്ച മുൻപാണ് വഡോദര സ്വദേശിയായ യുവാവ് കോവിഡ് ബാധിതനായി ഗുരുതരാവസ്ഥയിലായത്. അന്നു മുതൽ വഡോദരയിലെ ആശുപത്രിയിൽ ഇദ്ദേഹം ചികിത്സയിലാണ്. ഓരോ ദിവസം കഴിയുന്തോറും ആരോഗ്യനില മോശമായതിനെ തുടർന്ന് വെൻറിലേറ്റർ സഹായത്തോടെയാണ് യുവാവിൻ്റെ  ചികിത്സ തുടരുന്നത്. ഇതിനിടെ സ്ഥിതിഗതികൾ കൂടുതൽ മോശമായതോടെ യുവാവ് രക്ഷപെടാനുള്ള സാധ്യത കുറവാണെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു. ഇതോടെയാണ് യുവാവിൻ്റെ കുഞ്ഞിനെ പ്രസവിക്കണമെന്ന ആഗ്രഹം യുവതി പറയുന്നത്. എന്നാൽ ഇത്രയും ഗുരുതരമായി കിടക്കുന്ന യുവാവിൽനിന്ന് ബീജം ശേഖരിക്കാൻ കഴിയില്ലെന്നും, അതിന് കോടതിയുടെ അനുമതി വേണമെന്നും ആയിരുന്നു ആശുപത്രി അധികൃതർ നിർദേശിച്ചത്. തുടർന്നാണ് ഇക്കാര്യം ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചത്. യുവാവിൻറെ നില ഗുരുതരമായി തുടരുന്നതിനാൽ അടിയന്തരപ്രാധാന്യമുള്ള കേസ് എന്ന നിലയിൽ വളരെ വേഗം വാദം കേൾക്കുകയും ബീജം ശേഖരിക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു. ജസ്റ്റിസ് അഷുതോഷ് ജെ ശാസ്ത്രിയാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.

കൃത്രിമ ഗർഭധാരണത്തിന് വേണ്ട ബീജ സാംപിൾ ശേഖരിക്കണമെന്നും അത് കൃത്യമായി സൂക്ഷിക്കണമെന്നും കോടതി ആശുപത്രിക്ക് നിർദേശം നൽകി. ഇതോടെ ഇതേ ആശുപത്രിയിലെ തന്നെ റീപ്രൊഡക്ടീവ് വിഭാഗത്തിലെ ഡോക്ടർമാർ ഐസിയുവിലെത്തി യുവിവാൻറെ ബീജം ശേഖരിക്കുകയും ചെയ്തു. ഇത് കൃത്യമായി സൂക്ഷിച്ചുവെക്കുന്നതിനു നടപടിക്രമങ്ങൾ ഡോക്ടർമാർ സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ നടപടികൾ യുവതിയുമായി കൂടിയാലോചിച്ച്‌ പിന്നീട് ആരംഭിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published.