പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ രണ്ടു തവണ വിവാഹം കഴിപ്പിച്ചു; ആറുപേർ അറസ്റ്റിൽ ; പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ

ചെന്നൈ : തമിഴ്‌നാട്ടിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ രണ്ടു തവണ വിവാഹം കഴിപ്പിച്ച സംഭവത്തിൽ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. 17കാരിയായ പെൺകുട്ടി മാതാപിതാക്കളിൽ നിന്ന് സംരക്ഷണം തേടി പൊലീസ് സ്റ്റേഷനിൽ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഈറോഡ് ജില്ലയിലാണ് സംഭവം നടന്നത്. 21കാരനായ അജിത്തിനൊപ്പമാണ് പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ സംരക്ഷണം തേടി എത്തിയത്. തിങ്കളാഴ്ച ഇരുവരും ക്ഷേത്രത്തിൽ വച്ച്‌ വിവാഹം കഴിച്ചു. മാതാപിതാക്കളിൽ നിന്ന് സംരക്ഷണം തേടിയാണ് ഇരുവരും പൊലീസ് സ്റ്റേഷനിൽ എത്തിയത്. മാതാപിതാക്കളിൽ നിന്ന് ഭീഷണി നിലനിൽക്കുന്നതായി ഇരുവരും നൽകിയ പരാതിൽ പറയുന്നു എന്ന് പൊലീസ് പറയുന്നു.

സംഭവത്തെ കുറിച്ച്‌ പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നത്. പെൺകുട്ടി ഇതിന് മുൻപും വിവാഹം കഴിച്ചതായി പോലീസ് കണ്ടെത്തി. ജനുവരിയിൽ 34 വയസുകാരനെ കൊണ്ട് പെൺകുട്ടിയെ മാതാപിതാക്കൾ വിവാഹം കഴിപ്പിച്ചിരുന്നു.

കൂടുതൽ പഠിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി ഈ കല്യാണത്തെ എതിർത്തിരുന്നു. തുടർന്ന് പഠിക്കാൻ അനുവദിക്കാമെന്ന 34 വയസുകാരനായ കാമരാജും കുടുംബാംഗങ്ങളും പെൺകുട്ടിക്ക് ഉറപ്പ് നൽകിയതായി പൊലീസ് പറയുന്നു.

തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അജിത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതാണ് എന്ന് തിരിച്ചറിഞ്ഞത്. ശനിയാഴ്ച ഭവാനി ബസ് സ്റ്റാൻഡിൽ നിന്നാണ് അജിത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്. കാമരാജിന്റെ ഗ്രാമത്തിലേക്ക് പോകുന്ന വഴിയാണ് തട്ടിക്കൊണ്ടുപോകൽ നടന്നത്.

തുടർന്ന് കാമരാജിനെയും കാമരാജിൻ്റെയും പെൺകുട്ടിയുടെയും കുടുംബാംഗങ്ങളെയും അജിത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ ബലാത്സംഗം ചെയ്തു എന്ന കുറ്റവും അജിത്തിന് മേൽ പോലീസ് ചുമത്തിയിട്ടുണ്ട്. കൂടാതെ അജിത്തിനെതിരെയും കാമരാജിനെതിരെയും പോക്‌സോ വകുപ്പും ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published.