ഒരാടിന് അഞ്ചര ലക്ഷം രൂപയോ ? ആടിൻ്റെ തൂക്കം കേട്ട് ഞെട്ടരുത്

ലോകത്താകമാനമുള്ള വിശ്വാസികൾ  ഇബ്രാഹിം നബിയുടെയും മകൻ ഇസ്മായിൽ നബിയുടെ യും ത്യാഗത്തിൻ്റെയും സമർപ്പണത്തിൻ്റെയും ഓർമ പുതുക്കി ബലി പെരുന്നാൾ ആഘോഷത്തിലും ബലി കർമ്മത്തിലുമാണല്ലോ ഇപ്പോൾ. ഇതിനിടെ ബലിയറുക്കൽ കർമ്മത്തിനായി എത്തിച്ച ആടിൻ്റെ തൂക്കം കേട്ട് ഞെട്ടിയിരിക്കുകയാണ് കണ്ടു നിന്നവർ. ഏകദേശം 175 കിലോഗ്രാമാണ് ഈ ആടിൻ്റെ തൂക്കം. ഇതിൻ്റെ വിലയോ. അഞ്ചര ലക്ഷം രൂപ! സംഭവം മറ്റെങ്ങുമല്ല, മധ്യപ്രദേശിലെ ഇൻഡോറിൽ ബലി കർമ്മത്തിനായി എത്തിച്ച ആടിൻ്റെ വിശേഷണങ്ങളാണിത്.

ആടിൻ്റെ ഉടമ മോയിൻ ഖാൻ ആടിന് നൽകുന്ന തീറ്റ കേട്ട് കൂടിനിന്നവർ എല്ലാം തലയിൽ കൈ വെച്ചു. സാധാരണ ഭക്ഷണത്തിന് പുറമേ കശുവണ്ടി, ബദാം, ഉണക്കമുന്തിരി തുടങ്ങിയവയൊക്കെ കൊടുത്താണ് കഴിഞ്ഞ പത്തുമാസമായി ഈ ഭീകര ആടിനെ പോറ്റുന്നത്. ഇത്തരം ഭക്ഷണങ്ങൾ കൊടുത്തു വളർത്തിയത് കൊണ്ടാണ് ആട് ഇത്രയും തൂക്കം വെച്ചതും ആരോഗ്യവാനായിരിക്കുന്നതും. ആടിൻ്റെ ഉടമ മോയിൻ ഖാൻ പഞ്ചാബിൽ നിന്നാണ് ഈ നാലടി നീളവും 175 കിലോഗ്രാം ഭാരവുമുള്ള  ആടിനെ എത്തിച്ചത്.

ഈ കൂറ്റൻ ആടിനെ കണ്ടു ധാരാളം പേർ തന്നെ സമീപിക്കുകയും ആളുകൾ അഞ്ചര ലക്ഷം രൂപവരെ മോഹവില പറഞ്ഞെങ്കിലും ആടിനെ കൊടുക്കാൻ ഉടമ തയ്യാറായില്ല. ഈ ബലി പെരുന്നാളിന് ഈ കൂറ്റൻ ആടിനെ ബലി നൽകാനാണ് ഇദ്ദേഹത്തിൻ്റെ തീരുമാനം. ഇതു കൂടാതെ തന്നെ 150 കിലോയിലേറെ ഭാരമുള്ള തവിട്ട് നിറത്തിലുള്ള മറ്റൊരു ആട് കൂടി തനിക്കുണ്ടെന്ന് മോയിൻ ഖാൻ പറഞ്ഞു. അവർക്കും സാധാരണ ഭക്ഷണത്തിനു പുറമേ ബദാം അണ്ടിപ്പരിപ്പ് തുടങ്ങിയ കാര്യങ്ങളെല്ലാം കൊടുക്കുന്നതിനാൽ ഇവയുടെ വളർത്തു ചെലവ് വളരെ അധികമാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.