ആലപ്പുഴയിൽ യോഗ്യതയില്ലാതെ അഭിഭാഷകയായി പ്രാക്ടീസ് നടത്തിയ യുവതി ഒളിവിൽ

ആലപ്പുഴ : നിയമപഠനം പൂർത്തിയാക്കാതെയും എൻറോൾ ചെയ്യാതെയും ആലപ്പുഴയിൽ അഭിഭാഷക പ്രാക്ടീസ് നടത്തിയ യുവതി സെസി സേവ്യർ  ഒളിവിൽ. ബാർ അസോസിയേഷൻ ഭാരവാഹികൂടിയാണ് കുട്ടനാട് രാമങ്കരി സ്വദേശി സെസി സേവ്യർ. യോഗ്യതാ രേഖകൾ ആവശ്യപ്പെട്ടിട്ടും നൽകാതിരുന്ന ഇവർക്കെതിരെ ബാർ അസോസിയേഷൻ സെക്രട്ടറി അഭിലാഷ് സോമൻ്റെ  പരാതിയുടെ അടിസ്ഥാനത്തിലാണു നോർത്ത് പൊലീസ് യുവതിക്കെതിരെ കേസെടുത്തത്.

ആൾമാറാട്ടം വഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് പരാതി. പരീക്ഷ ജയിക്കാതെയും എൻറോൾ ചെയ്യാതെയും കോടതിയെയും സഹഅഭിഭാഷകരെയും കബളിപ്പിച്ചാണ് രണ്ടരവർഷമായി സെസി ആലപ്പുഴയിൽ പ്രാക്ടീസ് ചെയ്തിരുന്നതെന്നാണു പരാതിൽ പറയുന്നത്. ബാർ അസോസിയേഷൻ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സെസി, അസോസിയേഷൻ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ച് ലൈബ്രേറിയനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2018ൽ ആണ് സെസി ബാർ അസോസിയേഷനിൽ അംഗമാകുന്നത്.

രണ്ടരവർഷമായി ജില്ലാ കോടതിയിൽ ഉൾപ്പെടെ കോടതി നടപടികളിൽ പങ്കെടുക്കുകയും ഒട്ടേറെ കേസുകളിൽ അഭിഭാഷക കമ്മിഷനായി പോകുകയും ചെയ്തിട്ടുണ്ടെന്നു പരാതിയിൽ പറയുന്നു. സെസിയുടെ യോഗ്യതയെക്കുറിച്ച് ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ 24 മണിക്കൂറിനുള്ളിൽ രേഖകൾ ഹാജരാക്കണമെന്ന് ബാർ അസോസിയേഷൻ ആവശ്യപ്പെട്ടെങ്കിലും സെസി രേഖകൾ ഹാജരാക്കിയിരുന്നില്ല. ഇവർ നൽകിയ എൻറോൾമെൻ്റ്  നമ്പറിൽ ഇങ്ങനെയൊരു പേരുകാരി ബാർ കൗൺസിലിൻറെ പട്ടികയിൽ ഇല്ലെന്നു കണ്ടെത്തിയിരുന്നു. മറ്റൊരാളുടെ എൻറോൾമെൻ്റ് നമ്പർ കാണിച്ചാണ് സെസി പ്രാക്ടീസ് ചെയ്തിരുന്നതെന്ന് കണ്ടെത്തി.

തിരുവനന്തപുരത്ത് നിയമപഠനം നടത്തിയതായാണ് സെസി ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് ബെംഗളുരുവിൽ പഠനം പൂർത്തിയാക്കിയതായി അറിയിച്ചിരുന്നു. അഭിഭാഷക യോഗ്യതയില്ലെന്നു കണ്ടെത്തിയതിനാൽ ബാർ അസോസിയേഷനിൽനിന്ന് സെസിയെ പുറത്താക്കി. അന്വേഷണം നടക്കുന്നതായി നോർത്ത് പൊലീസ് പറഞ്ഞു. രണ്ടു ദിവസം മുൻപ് വരെ പ്രവർത്തനക്ഷമമായിരുന്ന ഇവരുടെ ഫോൺ ഇപ്പോൾ സ്വിച്ച് ഓഫ് ആണ്.

Leave a Reply

Your email address will not be published.